canva
News & Views

അറബിക്കടലില്‍ 'വിഴിഞ്ഞം മോഡല്‍' തുറമുഖത്തിന് പാക്കിസ്ഥാന്‍! യു.എസില്‍ നിന്ന് ₹10,000 കോടി നിക്ഷേപമെത്തിക്കാന്‍ പാക് സൈന്യം

ഇറാനില്‍ നിന്ന് 110 കിലോമീറ്ററും ചൈനീസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്വാദര്‍ തുറമുഖത്ത് നിന്ന് 160 കിലോമീറ്ററും ദൂരത്തിലാണിത്

Dhanam News Desk

അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാനും ഓപ്പറേറ്റ് ചെയ്യാനും സഹായം തേടി പാക് സൈന്യം യു.എസിന് മുന്നില്‍. പാക് സൈനിക മേധാവി അസിം മുനീറിന്റെ അടുത്ത അനുയായികള്‍ ഇക്കാര്യം ഉന്നയിച്ച് യു.എസിലെത്തിയെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ പസ്‌നി നഗരത്തിലാണ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിവിഭവങ്ങളുള്ള ബലൂച്ചിസ്ഥാന്‍ മേഖലയിലാണ് ഈ നഗരം. ഇറാനില്‍ നിന്ന് 110 കിലോമീറ്ററും ചൈനീസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്വാദര്‍ തുറമുഖത്ത് നിന്ന് 160 കിലോമീറ്ററും ദൂരത്തിലാണിത്. ഇന്ത്യയില്‍ നിന്ന് 1,500 കിലോമീറ്ററോളം ദൂരമുണ്ട്. പാക്കിസ്ഥാന്റെ പ്രകൃതി വിഭവങ്ങള്‍ക്കൊപ്പം ക്രൂഡ് ഓയില്‍ കൈകാര്യം ചെയ്യുന്ന ലോകത്തിലെ പ്രധാന സമുദ്രപാതയും കയ്യടക്കാന്‍ ഇതിലൂടെ യു.എസിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

പാക് സൈന്യത്തിന്റെ നീക്കം

സെപ്റ്റംബറില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാനില്‍ കാര്‍ഷികം, സാങ്കേതിക വിദ്യ, ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്താന്‍ യു.എസ് കമ്പനികളെ ഇരുവരും ക്ഷണിച്ചിരുന്നു. തുറമുഖം നിര്‍മിക്കാനുള്ള പ്ലാന്‍ ഇതിന് മുമ്പ് തന്നെ യു.എസ് അധികൃതര്‍ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസിന് സൈനിക ആവശ്യങ്ങള്‍ക്ക് ഈ തുറമുഖം ഉപയോഗിക്കാന്‍ കഴിയില്ല. പാക്കിസ്ഥാനിലെ പ്രകൃതി വിഭവങ്ങള്‍ തുറമുഖത്ത് എത്തിക്കാനുള്ള റെയില്‍ ശൃംഖല സ്ഥാപിക്കാനാണ് നിക്ഷേപം നടത്തേണ്ടത്. ബാറ്ററികള്‍, മിസൈലുകളിലെ ഫയര്‍ റിട്രാഡന്റ് എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കോപ്പര്‍, ആന്റിമണി എന്നിവയുടെ പ്രധാന കലവറയാണ് ബലൂച്ചിസ്ഥാനിലുള്ളത്.

10,000 കോടി ചെലവ്

പസ്‌നിയില്‍ തുറമുഖം നിര്‍മിക്കാന്‍ 1.2 ബില്യന്‍ ഡോളര്‍ (ഏകദേശം 10,000 കോടിരൂപ) ചെലവ് വരുമെന്നാണ് കരുതുന്നത്. പാക്-യു.എസ് സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഈ പണം മുടക്കുന്നത്. വലിയ മദര്‍ഷിപ്പുകള്‍ക്ക് വരെ അടുക്കാവുന്ന വിഴിഞ്ഞം മാതൃകയിലുള്ള ഡീപ്പ് വാട്ടര്‍ തുറമുഖം നിര്‍മിക്കാന്‍ പസ്‌നി അനുയോജ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാനഡയിലെ ബാരിക്ക് മൈനിംഗ് കമ്പനി വികസിപ്പിക്കുന്ന റെക്കോ ഡിക്ക് കോപ്പര്‍ സ്വര്‍ണ ഖനിയിലേക്ക് ഇവിടെ നിന്ന് റെയില്‍ ശൃംഖല നിര്‍മിക്കാനും കഴിയും. വിഷയത്തില്‍ യു.എസ്, പാക് അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT