ഭരണതലത്തിലെ അട്ടിമറികള്‍ക്ക് പേരുകേട്ട പാക്കിസ്ഥാനില്‍ വീണ്ടും രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പാക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ആസിഫ് അലി സര്‍ദാരിയെ നീക്കി സൈനിക മേധാവിയായ അസിം മുനീറിനെ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം മൂന്നു തവണ അസീം മുനീര്‍ പാക് പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സന്ദര്‍ശിച്ചിരുന്നു. ഇത് ഭരണതലത്തിലെ മാറ്റത്തിന് മുന്നോടിയാണെന്ന് ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദത്തില്‍ നിന്ന് മാറാന്‍ ആസിഫ് അലി സര്‍ദാരിക്കു മേല്‍ സമ്മര്‍ദം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഈ നീക്കത്തിന് മൗനാനുവാദം നല്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക്കിസ്ഥാനെ പാര്‍ലമെന്ററി രീതിയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ മാതൃകയിലേക്ക് മാറ്റാനും നീക്കം നടത്തുന്നതായി ഊഹപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സത്യവുമായി ബന്ധമില്ലെന്നുമാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. നേരത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഈ വാര്‍ത്തകളെ തള്ളി രംഗത്തു വന്നിരുന്നു.
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതായതോടെ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (PML-N), പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (PPP) എന്നീ പാര്‍ട്ടികള്‍ സഖ്യത്തിലാണ് ഭരിക്കുന്നത്. എന്നാല്‍ ഈ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. വിലക്കയറ്റവും ദാരിദ്ര്യവും വര്‍ധിച്ചതോടെ ജനങ്ങളും അസംതൃ്പതരാണ്. ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് സൈന്യത്തിനും തീവ്രവാദ ക്യാംപുകള്‍ക്കും വലിയ തോതില്‍ തിരിച്ചടി നേരിടേണ്ടി വന്നത് സര്‍ക്കാരിനും ക്ഷീണമായിരുന്നു. ഇന്ത്യയുമായി സംഘര്‍ഷം രൂക്ഷമായതോടെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാന്‍ സൈന്യത്തിന്റെ സമ്മര്‍ദം ഉണ്ടായിരുന്നു. കാര്‍ഷികമേഖലയ്ക്ക് ഉള്‍പ്പെടെ മാറ്റിവയ്‌ക്കേണ്ടിയിരുന്ന തുക പ്രതിരോധത്തിനായി മാറ്റിയതോടെ അടിസ്ഥാന സൗകര്യവികസനം ഏറെക്കുറെ നിലച്ച മട്ടാണ്.
പാക്കിസ്ഥാനിലെ ഏതൊരു രാഷ്ട്രീയ നീക്കങ്ങളും ഇന്ത്യയ്ക്ക് അസ്വസ്ഥത പകരുന്നതാണ്. മുമ്പ് പാക് സൈന്യം അധികാരം പിടിച്ചപ്പോള്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പാക് സൈന്യമാണ് തീവ്രവാദത്തിന് ചെല്ലും ചെലവും നല്കി വളര്‍ത്തുന്നത്. സൈന്യത്തിന്റെ കൈയിലേക്ക് വീണ്ടും അധികാരമെത്തിയാല്‍ ഭീകരവാദം വീണ്ടും തഴച്ചുവളരും.
Read DhanamOnline in English
Subscribe to Dhanam Magazine