2024ന് ശേഷം വിവിധ രാജ്യങ്ങളില്‍ നിന്ന് നാടുകടത്തിയത് 5,000ത്തിലധികം പാക് ഭിക്ഷാടകരെയെന്ന് കണക്ക്. ഇതില്‍ 4,498 പേരെയും സൗദി അറേബ്യയില്‍ നിന്നാണ് പുറത്താക്കിയതെന്നും പാക്കിസ്ഥാനിലെ നാഷണല്‍ അസംബ്ലിയില്‍ വെച്ച കണക്കുകള്‍ പറയുന്നു. സൗദി അറേബ്യ, ഇറാഖ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ജനുവരി 2024ന് ശേഷം 5,402 പാക് ഭിക്ഷാടകരെയാണ് നാടുകടത്തിയത്.
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, അവിടെയുള്ള ഭിക്ഷക്കാര്‍ക്ക് സംഭാവന നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മിക്ക പാക്കിസ്ഥാനികളുടെയും സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഇത് മുതലെടുത്താണ് പാക്കിസ്ഥാനില്‍ വമ്പന്‍ ഭിക്ഷാടന മാഫിയ വളരുന്നത്. വ്യവസായം പോലെയാണ് പാക്കിസ്ഥാനില്‍ ഇവരുടെ പ്രവര്‍ത്തനം. ഭിക്ഷാടനത്തിന് ആളുകളെ വിദേശത്തേക്ക് കയറ്റി അയക്കാന്‍ നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ത്ഥാടന വിസയുടെ മറവിലാണ് ഇവരുടെ യാത്ര. 23 കോടി ജനസംഖ്യയുള്ള പാക്കിസ്ഥാനിലെ 3.8 കോടി ജനങ്ങള്‍ ഭിക്ഷാടനം നടത്തുന്നുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നത്.
പാക്കിസ്ഥാനിലെ ഒരു ഭിക്ഷാടകന്റെ ദിവസ വരുമാനം ശരാശരി 850 രൂപയാണെന്നാണ് കഴിഞ്ഞ വര്‍ഷം പാക് മാധ്യമമായ ഡോണ്‍ (Dawn) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചിയില്‍ 2,000 രൂപയും ലാഹോറില്‍ 1,400 രൂപയും ഇസ്‌ലമാബാദില്‍ 950 രൂപയുമാണ് ഭിക്ഷക്കാര്‍ക്ക് ശരാശരി ലഭിക്കുന്നത്. പ്രതിവര്‍ഷം 42 ബില്യന്‍ ഡോളര്‍ (3.5 ലക്ഷം കോടി രൂപ) വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പാക് ജി.ഡി.പിയുടെ 12 ശതമാനത്തോളമാണിത്.
പാക്കിസ്ഥാനിലെ ഭിക്ഷാടകരുടെ ഇഷ്ടയിടം സൗദി അറേബ്യയാണെന്ന് പാകിസ്ഥാനിലെ നാഷണല്‍ അസംബ്ലിയില്‍ വെളിപ്പെടുത്തിയത് അവിടുത്തെ ആഭ്യന്തര മന്ത്രി സെയിദ് മുഹസിന്‍ റാസ നഖ്‌വിയാണ്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് പുണ്യനഗരമായ മക്കയിലും മദീനയിലുമാണ് കൂടുതല്‍ പേരും പോകുന്നത്. ഹജ്ജ്, ഉംറ നിര്‍വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 2023ല്‍ മെക്കയില്‍ നടന്ന പോക്കറ്റടി കേസുകളിലെ പ്രതികളില്‍ 90 ശതമാനം പേരും പാക് വംശജരായിരുന്നു. ഉംറ വിസയില്‍ ഭിക്ഷാടകരെ കടത്തരുതെന്ന് നിരവധി തവണ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പാക്കിസ്ഥാന് ഇക്കാര്യം തടയാന്‍ കഴിയുന്നില്ലെന്നാണ് വിവരം. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഭക്ഷ്യസുരക്ഷയുടെ അഭാവം തുടങ്ങിയ കാരണങ്ങള്‍ മൂലം കൂടുതലാളുകള്‍ ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിക്കുകയാണ്.
ലോകത്ത് അനധികൃത ഭിക്ഷാടനത്തിന് പിടികൂടുന്നവരില്‍ 90 ശതമാനവും പാകിസ്ഥാനികളാണെന്നാണ് കണക്ക്. ഇതില്‍ തന്നെ ഭൂരിഭാഗവും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ബാക്കി പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്‌വ തുടങ്ങിയ പ്രവിശ്യകളില്‍ നിന്നുള്ളവരാണെന്നും കണക്ക് പറയുന്നു. ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സന്നദ്ധസംഘടനകള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പലരും ഈ ജോലിയില്‍ നിന്ന് പിന്മാറാന്‍ വിമുഖത കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ. പാകിസ്ഥാനിലെ ഒരു വനിതാ ഡോക്ടര്‍ വിവാഹ ശേഷം തന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ സാമ്പത്തിക വിവരങ്ങള്‍ കേട്ട് ഞെട്ടി. വലിയ ബംഗ്ലാവ്, വില കൂടിയ കാറുകള്‍, സ്വിംമ്മിംഗ് പൂള്‍ അടക്കമുള്ള സൗകര്യങ്ങള്‍, നിറയെ പണം, ജിം, വേലക്കാര്‍ എല്ലാം സമ്പാദിച്ചത് ഭിക്ഷാടനത്തിലൂടെയാണ്. ഒരു ദിവസം വീടിന്റെ ബേസ്‌മെന്റില്‍ ചെന്നപ്പോഴാണ് ഇക്കാര്യം മനസിലാകുന്നതെന്നും പെണ്‍കുട്ടി പറയുന്നു.
Begging in Pakistan has turned into a billion-dollar industry with international links, prompting crackdowns and deportations from Gulf countries.
Read DhanamOnline in English
Subscribe to Dhanam Magazine