Canva
News & Views

ബ്രഹ്‌മോസ് പ്രഹരമേറ്റ് പാക്കിസ്ഥാനിലെ കിരാന ഹില്‍സില്‍ ആണവ ചോര്‍ച്ചയോ? സത്യമെന്താണ്, വിശദീകരണവുമായി ആണവോര്‍ജ ഏജന്‍സി

ഇന്ത്യന്‍ ബ്രഹ്‌മോസ് മിസൈലേറ്റ് കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയുണ്ടായെന്നാണ് പ്രചാരണം

Dhanam News Desk

പാക്കിസ്ഥാനിലെ കിരാന കുന്നുകളില്‍ നിന്ന് ആണവ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (International Atomic Energy Agency IAEA). ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ മിസൈലാക്രമണത്തില്‍ പാക്കിസ്ഥാനിലെ സര്‍ഗോഡയിലെ കിരാന കുന്നുകളില്‍ നിന്ന് ആണവ വികിരണം ഉണ്ടായെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഏജന്‍സി. ഇത്തരമൊരു പ്രചാരണത്തെക്കുറിച്ച് അറിയാമെന്നും എന്നാല്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പാക്കിസ്ഥാനിലെ ഒരു ആണവ കേന്ദ്രത്തില്‍ നിന്നും ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ഏജന്‍സി വിശദീകരിച്ചു.

പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന കിരാന കുന്നുകളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബ്രഹ്‌മോസ് ക്രൂസ് മിസൈലേറ്റെന്നും ഇവിടെ ആണവ വികിരണമുണ്ടായെന്നും ചില വിദേശ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ കിരാന കുന്നുകളെ ആക്രമിച്ചിട്ടില്ലെന്നും അവിടെ ആണവായുധങ്ങളുണ്ടെന്ന് അറിയില്ലെന്നുമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടി. ആണവ വികിരണമുണ്ടായെന്ന വാര്‍ത്തകള്‍ വിദേശകാര്യ മന്ത്രാലയവും നിഷേധിച്ചിരുന്നു. ഇക്കാര്യം പാകിസ്ഥാന്‍ തന്നെ നിഷേധിച്ചതാണെന്നും മന്ത്രാലയം പറയുന്നു.

വെടിനിറുത്തലിന് പിന്നില്‍ ആണവ വികിരണം?

യുദ്ധത്തിന്റെ വക്കിലെത്തിയ ഇന്ത്യയും പാക്കിസ്ഥാനും വെടിനിറുത്തലിലേക്ക് പോയത് പാക്കിസ്ഥാനിലുണ്ടായ ആണവ ചോര്‍ച്ചയാണെന്നായിരുന്നു പ്രചാരണങ്ങള്‍. ചില വിദേശ മാധ്യമങ്ങളിലെ അനലിസ്റ്റുകളും ഇതേറ്റ് പിടിച്ചതോടെ വലിയ വിവാദമായി. ആണവ ചോര്‍ച്ചയുണ്ടാകുന്ന സ്ഥലങ്ങളില്‍ വിന്യസിക്കുന്ന അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പ് വിമാനത്തിന്റെ സാന്നിധ്യം പാകിസ്ഥാനില്‍ രേഖപ്പെടുത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തികൂടി. ആണവ വികിരണം തടയാന്‍ ഉപയോഗിക്കുന്ന ബോറോണ്‍ ( Boron) മൂലകവുമായി ഈജിപ്ഷ്യന്‍ വ്യോമസേനയുടെ ഇ.ജി.വൈ 1916 എന്ന വിമാനം പാക്കിസ്ഥാനിലെത്തിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഇവയെല്ലാം തെറ്റായ പ്രചാരണങ്ങള്‍ ആണെന്നാണ് പ്രതിരോധ വിദഗ്ധരുടെ വാദം.

കിരാന കുന്നുകള്‍ക്ക് പിന്നിലെന്ത്?

പാക്കിസ്ഥാന്റെ ഖുഷാബ് (Khushab) നൂക്ലിയാര്‍ കോംപ്ലക്‌സില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ് കിരാന കുന്നുകള്‍. ബ്ലാക്ക് മൗണ്ടെയ്ന്‍സ് എന്ന പേരിലും അറിയപ്പെടാറുണ്ട്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ പത്തോളം ഭൂഗര്‍ഭ ആണവ തുരങ്കങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. ജനവാസമില്ലാത്ത ഇവിടെയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ആണവായുധങ്ങള്‍ പരീക്ഷിക്കുന്നത്. 1983നും 1990നും ഇടയില്‍ ഇവിടെ ഭൂഗര്‍ഭ അറകളില്‍ നിരവധി ആണവ പരീക്ഷണങ്ങള്‍ നടന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍.

The IAEA has dismissed rumors of a nuclear leak at Pakistan’s Kirana Hills following Operation Sindoor, affirming no radiation release occurred from any facility

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT