Canva, Facebook / Donald Trump
News & Views

സമാധാന നൊബേൽ സമ്മാനത്തിന് യോഗ്യനാണോ ട്രംപ്? ആഗ്രഹത്തിന് കുറവില്ല, കൈയടിക്കാൻ പാക്കിസ്ഥാൻ!

പ്രധാനമന്ത്രിയെ ഒഴിവാക്കി പാക് സൈനിക മേധാവിയെ വൈറ്റ് ഹൗസ് ക്ഷണിച്ചതെന്തിനെന്നും നിരീക്ഷകര്‍ ചോദിക്കുന്നു

Dhanam News Desk

2026ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ശിപാര്‍ശ ചെയ്ത് പാക്കിസ്ഥാന്‍. അടുത്തിടെ നടന്ന ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ നടത്തിയ ഇടപെടലുകള്‍ പരിഗണിച്ച് പുരസ്‌ക്കാരം നല്‍കണമെന്നാണ് ആവശ്യം. പാക് സര്‍ക്കാര്‍ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതിന് പിന്നാലെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. നാല് ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ മെയ് 10നാണ് ഇരുരാജ്യങ്ങളും വെടിനിറുത്തല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിലേക്ക് നയിച്ചത് ട്രംപിന്റെ ഇടപെടലാണെന്ന് പാക്കിസ്ഥാനും അമേരിക്കയും അവകാശപ്പെടുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള പ്രശ്‌നത്തില്‍ മറ്റൊരു കക്ഷി ഇടപെട്ടിട്ടില്ലെന്നാണ് ഇന്ത്യന്‍ നിലപാട്.

അസീം മുനീറുമായി കൂടിക്കാഴ്ച

പാക് സൈനിക മേധാവി അസിം മുനീറിനെ വൈറ്റ് ഹൗസില്‍ ക്ഷണിച്ചുവരുത്തി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് പാക്കിസ്ഥാന്റെ ട്രംപ് പ്രേമമെന്നും ശ്രദ്ധേയം. അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെയും ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് അസിം മുനീര്‍. സൈനിക മേധാവിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത് വലിയ നയതന്ത്ര വിജയമായാണ് പാക്കിസ്ഥാന്‍ കാണുന്നത്. എന്നാല്‍ ഒരു രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ ഒഴിവാക്കി അവിടുത്തെ സൈനിക മേധാവിയെ ക്ഷണിച്ചതിന് പിന്നിലെ ലക്ഷ്യമെന്താണെന്നാണ് വിദേശകാര്യ വിദഗ്ധര്‍ ഉന്നയിക്കുന്നത്. പ്രത്യേകിച്ചും പട്ടാള അട്ടിമറിയുടെ ചരിത്രമുള്ള പാക്കിസ്ഥാനില്‍.

അര്‍ഹന്‍ ഞാന്‍ തന്നെ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചതിന് തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കേണ്ടതാണെന്ന് ട്രംപും പറയുന്നു. കോംഗോയും റുവാന്‍ഡയും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതിനും എബ്രഹാം അക്കോര്‍ഡ് നടപ്പിലാക്കിയതും പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ-പാക്കിസ്ഥാന്‍, സെര്‍ബിയ-കൊസോവ, ഈജിപ്ത്-എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതിന് തനിക്ക് നൊബേല്‍ ലഭിക്കില്ല. ലിബറലുകള്‍ക്ക് മാത്രമേ പുരസ്‌ക്കാരം നല്‍കൂ. ഇത് ജനങ്ങള്‍ക്ക് അറിയാം. അതാണ് തനിക്ക് വേണ്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ശിപാര്‍ശ നേരത്തെയും

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം നേടണമെന്ന് ഡൊണള്‍ഡ് ട്രംപിന്റെ ദീര്‍ഘകാലമായ ആഗ്രഹമാണ്. ഇത് ആറാം തവണയാണ് പുരസ്‌ക്കാരത്തിനുള്ള ശിപാര്‍ശ ലഭിക്കുന്നത്. നോര്‍വീജിയന്‍ രാഷ്ട്രീയ നേതാവ് ടൈംബ്രിംഗ് ജെഡ്ഡെ, ഒരു സ്വീഡിഷ് രാഷ്ട്രീയ നേതാവായ മാഗ്നസ് ജേക്കബ്‌സണ്‍ എന്നിവര്‍ ട്രംപ് ആദ്യം പ്രസിഡന്റായ സമയത്ത് ശിപാര്‍ശ നല്‍കിയിരുന്നു. ഇസ്രയേലും അറബ് രാജ്യങ്ങളുമായി എബ്രഹാം അക്കോര്‍ഡില്‍ ഒപ്പുവെച്ചപ്പോള്‍ അമേരിക്കന്‍ ജനപ്രതിനിധി ക്ലോഡിയ ടെന്നിയും ട്രംപിന് പുരസ്‌ക്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇക്കൊല്ലം കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിലെ ഇസ്രയേല്‍ പ്രൊഫസര്‍ അലന്‍ ബെക്കും ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുക്രെയിന്‍ രാഷ്ട്രീയ നേതാവായ അലക്‌സാണ്ടര്‍ മെറക്ഷോയും ഇക്കാര്യത്തില്‍ ശിപാര്‍ശ നല്‍കിയിരുന്നു. 2009ല്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമക്ക് നൊബേല്‍ പുരസ്‌ക്കാരം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയത്.

Pakistan has nominated former U.S. President Donald Trump for the 2026 Nobel Peace Prize, citing his “decisive diplomatic intervention” in easing the recent India-Pakistan crisis.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT