AI Generated Image Using ChatGPTChatGpt
News & Views

കടം മാനം മുട്ടിയതോടെ വിമാനക്കമ്പനിയെ വില്ക്കാന്‍ പാക് സര്‍ക്കാര്‍; വാങ്ങുന്നത് സൈനിക മേധാവി?

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നാണ് ഐഎംഎഫിന്റെ നിബന്ധന

Dhanam News Desk

കടത്തില്‍ നട്ടംതിരിയുകയാണ് പാക്കിസ്ഥാന്‍. ലോക ബാങ്ക്, ഐഎംഎഫ് അടക്കമുള്ള ഏജന്‍സികളില്‍ നിന്നും ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ സൗഹൃദ രാഷ്ട്രങ്ങളില്‍ നിന്ന് കടംവാങ്ങിയുമാണ് ദൈനംദിന ചെലവുകള്‍ നടത്തുന്നത്. ഓരോ ദിവസം ചെല്ലുന്തോറും കടം കൂടിവരുന്നതും ആഭ്യന്തര സംഘര്‍ഷം വര്‍ധിക്കുന്നതും സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നത് പാക്കിസ്ഥാനെ കൂടുതല്‍ ദുര്‍ബലമാക്കി. പാക് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കായി അന്താരാഷ്ട്ര നാണയനിധിയെ (ഐഎംഎഫ്) അടുത്തിടെ പാക് സര്‍ക്കാര്‍ സമീപിച്ചിരുന്നു. 63,000 കോടി ഇന്ത്യന്‍ രൂപ വായ്പയായി നേടുകയാണ് ലക്ഷ്യം.

വായ്പ അനുവദിക്കണമെങ്കില്‍ സാമ്പത്തികരംഗത്ത് ചെലവുകള്‍ കുറയ്ക്കണമെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ വിറ്റഴിക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യണമെന്നുമാണ് ഐഎംഎഫിന്റെ നിബന്ധന. ഈ നിബന്ധന പാലഗിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെ (പി.ഐ.എ) സ്വകാര്യവല്‍ക്കരിക്കാനാണ് പാക് സര്‍ക്കാരിന്റെ നീക്കം.

ഈ വര്‍ഷം തുടക്കത്തില്‍ വില്പനയ്ക്കായി ശ്രമം നടത്തിയെങ്കിലും വാങ്ങാനെത്തിയവര്‍ കുറഞ്ഞ തുകയാണ് മുന്നോട്ടുവച്ചത്. അന്ന് മുടങ്ങിയ വില്പന വീണ്ടും സജീവമാക്കിയിരിക്കുകയാണ് പാക് സര്‍ക്കാര്‍. ഇത്തവണ ക്വട്ടേഷന്‍ ക്ഷണിച്ചപ്പോള്‍ നാല് കമ്പനികള്‍ മുന്നോട്ടു വന്നു.

വാങ്ങാന്‍ അസീം മുനീര്‍

വാങ്ങലിനായി മുന്നോട്ടു വന്നത് നാല് പാക് കമ്പനികളാണ്. ഹബീബ് റഫീഖ്, യൂനസ് ബ്രദേഴ്‌സ്, എയര്‍ബ്ല്യു, ഫൗജി ഫെര്‍ട്ടിലൈസര്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍. ഫൗജി ഫെര്‍ട്ടിലൈസര്‍ പാക് സൈന്യത്തിന്റെ കീഴിലുള്ള കമ്പനിയാണ്. പാക് ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഉടമസ്ഥാവകാശം ഈ കമ്പനിക്ക് ലഭിച്ചാല്‍ പരോക്ഷമായി അസീം മുനീറാകും ഉടമ.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കീഴില്‍ നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് ഫൗജി ഫൗണ്ടേഷന്‍. കമ്പനിയുടെ തലപ്പത്തുള്ളവരെ നിയമിക്കുന്നത് സൈനികമേധാവിയായ അസീം മുനീറാണ്.

പാക് സൈന്യത്തിലേക്ക് കൂടുതല്‍ അധികാരങ്ങളും സമ്പത്തും എത്തുന്നതിന്റെ അവസാനത്തെ ഉദാഹരണമായിട്ടാണ് പലരും ഈ നീക്കത്തെ കാണുന്നത്. പാക് സര്‍ക്കാരാകട്ടെ കടം കുറച്ച് നിവര്‍ന്നു നില്‍ക്കാന്‍ ഏതൊരു ഇടപാടിനും സന്നദ്ധമാണ് താനും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ കീഴില്‍ രാജ്യം മറ്റൊരു ആഭ്യന്തര യുദ്ധത്തിന്റെ അരികിലാണെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT