പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരില്‍ പാക്കിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളാണ് ഇന്ത്യ പ്രധാനമായും തകര്‍ത്തത്. ജെയ്‌ഷെ-ഇ-മുഹമ്മദിന്റെയും ലഷ്‌കർ-ഇ-തൊയ്ബയുടെയും താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം. പാക്കിസ്ഥാന് തീവ്രവാദവുമായി സങ്കീർണമായ ബന്ധമാണ് ഉളളത്. ഇത് ഒരു രഹസ്യ സമ്പദ്‌വ്യവസ്ഥയെ തന്നെ വളർത്തിയെടുത്തിരിക്കുകയാണ്. അതേസമയം പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബഹാവൽപൂരിലെ ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അസ്ഹറിന്റെ മൂത്ത സഹോദരി, ഭർത്താവ്, അനന്തരവൻ, ഭാര്യ, അനന്തരവൾ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. യു.എൻ സുരക്ഷാ കൗൺസിൽ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ് അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ.
ഭീകരത പാക് സാമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നത് കൂടാതെ പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മയക്കുമരുന്ന് കടത്ത്, സന്നദ്ധ സംഘടനകളുടെ ഫണ്ട് ദുരുപയോഗം, അന്താരാഷ്ട്ര സഹായം ചൂഷണം ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഒരു ശൃംഖലയിലൂടെയാണ് 'ഭീകരരുടെ ഈ സമ്പദ്‌വ്യവസ്ഥ' നിലനിൽക്കുന്നത്. 1980 കളിലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്തും പാക്കിസ്ഥാനും ഭീകരരും തമ്മില്‍ ഇഴചേര്‍ന്നിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ വേരുകൾ കണാം. പാക് രഹസ്യസംഘടനയായ ഐ.എസ്.ഐ (ഇന്റർ-സർവീസസ് ഇന്റലിജൻസ്) മുജാഹിദീൻ പോരാളികള്‍ക്ക് നിർണായക പിന്തുണയാണ് നല്‍കിയത്.
ലഷ്കർ-ഇ-തൊയ്ബ (LeT), ജെയ്ഷ്-ഇ-മുഹമ്മദ് (JeM) പോലുള്ള ഭീകര ഗ്രൂപ്പുകൾക്ക് പ്രത്യയശാസ്ത്രപരവും ലോജിസ്റ്റിക്കൽ പിന്തുണയും സാമ്പത്തിക സംരക്ഷണവും പാക് അധികൃതരില്‍ നിന്ന് ലഭിച്ചതായി ശക്തമായ ആരോപണങ്ങളുണ്ട്. ഇത് പാക്കിസ്ഥാനുളളിലും പുറത്തും വിപുലമായ ശൃംഖലകൾ സ്ഥാപിക്കാൻ ഭീകരരെ സഹായിച്ചു.
ലഷ്‌കർ ഇ തൊയ്ബയുടെ ജീവകാരുണ്യ വിഭാഗമായ ജമാഅത്ത്-ഉദ്-ദവ പോലുള്ള സംഘടനകൾ മാനുഷിക പ്രവർത്തനങ്ങളുടെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഇവയില്‍ ഗണ്യമായ ഒരു ഭാഗം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായാണ് ആരോപണം. ലോകത്തിലെ മുൻനിര കറുപ്പ് ഉത്പാദക രാജ്യമായ അഫ്ഗാനിസ്ഥാനുമായുള്ള സാമീപ്യം, മയക്കുമരുന്നുകളുടെ ഗതാഗത കേന്ദ്രമാക്കി പാകിസ്ഥാനെ മാറ്റുന്നു. മയക്കുമരുന്ന് കടത്തിൽ നിന്നുള്ള വരുമാനം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
2002 നും 2008 നും ഇടയിൽ പാക്കിസ്ഥാന് യു.എസ് ഏകദേശം 660 കോടി ഡോളറാണ് സൈനിക സഹായമായി നൽകിയത്. ഇതില്‍ ഒരു ഭാഗം മാത്രമാണ് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയുള്ളൂ എന്നാണ് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായത്. ഗണ്യമായ തുക തീവ്രവാദ ഗ്രൂപ്പുകൾക്കും മറ്റ് സുതാര്യമല്ലാത്ത പ്രവർത്തനങ്ങൾക്കും വേണ്ടി വകമാറ്റിയതായാണ് ആരോപണമുളളത്.
പാക്കിസ്ഥാനിലെ അസ്ഥിരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ബഹുരാഷ്ട്ര കമ്പനികൾ ജാഗ്രത പാലിക്കുന്നതിനാല്‍ വിദേശ നിക്ഷേപം കുറയുന്ന അവസ്ഥയുണ്ട്. അടിക്കടിയുള്ള തീവ്രവാദ ആക്രമണ സംഭവങ്ങൾ കാരണം രാജ്യത്ത് ടൂറിസത്തില്‍ തൊഴിൽ നഷ്ടത്തിനും വരുമാനം കുറയുന്നതിനും കാരണമാകുന്നു.
Pakistan's complex ties with terrorism reveal a hidden economy fueling regional instability and impacting global security.
Read DhanamOnline in English
Subscribe to Dhanam Magazine