ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പില്‍ സമ്മര്‍ദ്ദം തുടര്‍ന്ന് പാക്കിസ്ഥാന്‍. ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ആദ്യ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ മറ്റൊരു ഭീഷണിയാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരം ടീം ബഹിഷ്‌കരിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയത്.
ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) കാത്തിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. ടിവി സംപ്രേക്ഷണം, പരസ്യം, ടിക്കറ്റ് കളക്ഷന്‍ അടക്കമുള്ളവയില്‍ നിന്ന് ഏകദേശം 200 കോടി രൂപ ഈയൊരു മത്സരത്തില്‍ നിന്ന് മാത്രം ഐസിസിക്ക് ലഭിക്കുമെന്നാണ് കണക്ക്.
ഇന്ത്യ-പാക് മത്സരം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഈ പണം നഷ്ടമാകും. മാത്രമല്ല, ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയവര്‍ക്ക് നഷ്ടപരിഹാരവും ഐസിസി നല്‌കേണ്ടി വരും. ശ്രീലങ്കന്‍ ടൂറിസത്തിനും ഈ മത്സരം നിര്‍ണായകമാണ്.
ഇന്ത്യ-പാക് മത്സരങ്ങള്‍ കാണാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് ആരാധകര്‍ ലങ്കയിലെത്തും. ആരാധകരായെത്തുന്നവര്‍ ലങ്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്കുന്ന സംഭാവന ചെറുതല്ല. മത്സരം നടന്നില്ലെങ്കില്‍ ഈ വരുമാനം നഷ്ടമാകും. അതുകൊണ്ട് തന്നെ ഇന്ത്യ-പാക് മത്സരം നടക്കുകയെന്നത് ശ്രീലങ്കയുടെ കൂടെ ആവശ്യമാണ്.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പാക്കിസ്ഥാനെ കാത്തിരിക്കുന്നത് അത്ര നല്ല കാര്യങ്ങളാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്ത് ഇന്ത്യക്കാരായ ജയ് ഷായാണ്. ബംഗ്ലാദേശ് ഒഴികെ മറ്റെല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ഇന്ത്യയ്‌ക്കൊപ്പമാണ്. അവസാന നിമിഷം മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പാക്കിസ്ഥാന് മേല്‍ വലിയ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഐസിസിക്ക് സാധിക്കും. അംഗരാജ്യങ്ങളുടെ പിന്തുണയും ഈ നീക്കത്തിന് ഉണ്ടാകും.
പാക്കിസ്ഥാനെ നിശ്ചിത കാലത്തേക്ക് വിലക്കുക, പാക്കിസ്ഥാന്റെ ആഭ്യന്തര ലീഗായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിദേശ കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുക, ഐസിസിയില്‍ നിന്നുള്ള വരുമാനം തടഞ്ഞു വയ്ക്കുക തുടങ്ങി വിവിധ തരത്തിലുള്ള ശിക്ഷാ നടപടികള്‍ പാക്കിസ്ഥാന് മേല്‍ സ്വീകരിക്കാന്‍ ഐസിസിക്ക് സാധിക്കും. ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്‍ തീര്‍ത്തും ഒറ്റപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങും.
Read DhanamOnline in English
Subscribe to Dhanam Magazine