പാചകവാതക ക്ഷാമത്തില്‍ വലഞ്ഞ് പാക്കിസ്ഥാന്‍. ഇറാന്‍ അതിര്‍ത്തി വഴിയുള്ള എല്‍പിജി വിതരണം പ്രതിസന്ധിയിലായതാണ് ക്ഷാമത്തിലേക്ക് നയിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് പാചകവാതക സിലിണ്ടര്‍ കിട്ടാതായതോടെ കരിഞ്ചന്തയിലും വില കുതിച്ചുയര്‍ന്നു. വിലക്കയറ്റവും ഇന്ധനക്ഷാമവും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനുമായുള്ള പ്രധാന വ്യാപാരപാതകളിലൊന്നായ തഫ്താന്‍ അതിര്‍ത്തി അടച്ചതാണ് പാചകവാതക ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ 17ന് തഫ്താന്‍, ഗാബ്ദ്-റിംദാന്‍ അതിര്‍ത്തികള്‍ അടച്ചതോടെ ഇറാനില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി തടസപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങളും കള്ളക്കടത്ത് നിയന്ത്രണവുമാണ് അതിര്‍ത്തി അടച്ചതിന് പാക്കിസ്ഥാന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. യുഎസ് ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പും അതിര്‍ത്തി അടയ്ക്കാന്‍ കാരണമായി.
രാജ്യത്തെ എല്‍പിജി ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിതരണം കുറഞ്ഞതോടെ വിപണിയില്‍ വില കുത്തനെ ഉയരുകയായിരുന്നു. നൂറുകണക്കിന് ചരക്കുവാഹനങ്ങള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പാക്കിസ്ഥാനിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (OGRA) ഒക്ടോബറിലേക്ക് നിശ്ചയിച്ച എല്‍പിജി വില കിലോഗ്രാമിന് 279.34 പാക്കിസ്ഥാന്‍ രൂപയാണ്. എന്നാല്‍ പല വിപണികളിലും 550 മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്.
പെഷവാറില്‍ കിലോഗ്രാമിന് 600 രൂപയോളമാണ് വില. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ചില വടക്കന്‍ പ്രദേശങ്ങളില്‍ 750 രൂപ വരെയെത്തി. ഔദ്യോഗിക നിരക്കിനേക്കാള്‍ ഏകദേശം 169 ശതമാനം കൂടുതലാണിത്. വിതരണക്ഷാമം മുതലെടുത്ത് കമ്പനികളും വ്യാപാരികളും അമിതലാഭം കൊയ്യുന്നതായുള്ള ആരോപണങ്ങളും ശക്തമാണ്.
പാചകവാതക വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനക്കാരെയാണ്. ഗ്രാമീണ മേഖലകളില്‍ നിരവധി കുടുംബങ്ങളാണ് പാചകത്തിനായി വിറകിനെ ആശ്രയിച്ചുതുടങ്ങിയത്.
Read DhanamOnline in English
Subscribe to Dhanam Magazine