News & Views

പാര്‍ലെ ബിസ്‌കറ്റ്‌സിന്റെ തലപ്പത്ത് മലയാളി; സിഇഒയായി ജോര്‍ജ് കോവൂര്‍ എത്തുന്നത് പെപ്‌സിക്കോയുടെ തലപ്പത്തു നിന്ന്

30 വര്‍ഷത്തോളം പെപ്‌സികോയില്‍ വിവിധ റോളുകളില്‍ തിളങ്ങിയ ശേഷമാണ് അദ്ദേഹം പാര്‍ലെ ബിസ്‌കറ്റ്‌സിന്റെ ഭാഗമാകുന്നത്.

Dhanam News Desk

പ്രശസ്തമായ പാര്‍ലെ ജി ബിസ്‌കറ്റിന്റെ നിര്‍മാതാക്കളായ പാര്‍ലെ ബിസ്‌കറ്റ്‌സിന്റെ (Parle Biscuits) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മലയാളിയായ ജോര്‍ജ് കോവൂരിനെ (George Kovoor) നിയമിച്ചു. സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേറ്റു.

30 വര്‍ഷത്തോളം പെപ്‌സികോയില്‍ വിവിധ റോളുകളില്‍ തിളങ്ങിയ ശേഷമാണ് അദ്ദേഹം പാര്‍ലെ ബിസ്‌കറ്റ്‌സിന്റെ ഭാഗമാകുന്നത്. കമ്പനി ഐപിഒയിലേക്ക് പോകുന്ന സമയത്താണ് ജോര്‍ജ് കോവൂരിന്റെ സ്ഥാനാരോഹണം എന്നത് ശ്രദ്ധേയമാണ്.

അനുഭവസമ്പത്ത് ആവോളം

എഫ്എംസിജി രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയമുള്ള ജോര്‍ജ് കോവൂര്‍ പെപ്സിക്കോയില്‍ വിവിധ സുപ്രധാന നേതൃത്വപദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ ഏഷ്യ-പസഫിക്, ചൈന, അമേരിക്ക എന്നിവിടങ്ങളിലെ കണ്‍സ്യൂമര്‍ ബിസിനസുകളിലും വിപണികളിലും പ്രവര്‍ത്തിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്.

ബിസിനസ് വളര്‍ച്ച, പ്രവര്‍ത്തന മികവ്, പ്രതിഭാവികസനം, മത്സരാധിഷ്ഠിത വിപണികളുടെ നിയന്ത്രണം തുടങ്ങിയ മേഖലകളിലാണ് കോവൂരിന്റെ പ്രധാന വൈദഗ്ധ്യം. ഉപഭോക്താക്കളുടെ താല്‍പര്യങ്ങളിലും വാങ്ങല്‍ രീതികളിലും അതിവേഗം മാറ്റം സംഭവിക്കുന്ന സാഹചര്യത്തില്‍, കോവൂരിന്റെ അനുഭവസമ്പത്ത് കമ്പനിയുടെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് കരുത്താകുമെന്നാണ് പാര്‍ലെയുടെ പ്രതീക്ഷ.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബിസ്‌കറ്റ് ബ്രാന്‍ഡുകളിലൊന്നാണ് പാര്‍ലെ ജി. Monaco, Krackjack, Hide & Seek, Melody എന്നീ ബ്രാന്‍ഡുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഇന്ത്യയില്‍ 75 ലക്ഷം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ പാര്‍ലെ ബിസ്‌കറ്റ്‌സ് ചെയിനിന്റെ ഭാഗമാണ്. ഏഷ്യ, ആഫ്രിക്ക മാര്‍ക്കറ്റുകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

തുടക്കം ബ്രൂക്ക് ഇന്ത്യയില്‍

യൂണിലിവറിന്റെ ഭാഗമായിരുന്ന ബ്രൂക്ക് ബോണ്ട് ഇന്ത്യയിലാണ് ജോര്‍ജ് കോവൂര്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം പെപ്സിക്കോയില്‍ ചേര്‍ന്നു. ഫ്രാഞ്ചൈസി പ്രവര്‍ത്തനങ്ങള്‍, വില്‍പന, വിപണി വികസനം എന്നിവയുമായി ബന്ധപ്പെട്ട ചുമതലകളിലൂടെയാണ് പെപ്സിക്കോയിലെ വളര്‍ച്ച.

പെപ്സിക്കോ ഫുഡ്സ് ചൈനയുടെ ചൈന, ഹോങ്കോങ് വിപണി യൂണിറ്റുകളുടെ വൈസ് പ്രസിഡന്റ്, ഗ്രേറ്റര്‍ ചൈനയിലെ സെയില്‍സ് ഡെവലപ്മെന്റ് ആന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ വൈസ് പ്രസിഡന്റ്, ചൈന സ്നാക്സ് ആന്‍ഡ് ഫുഡ്സ് ബിസിനസിന്റെ ജനറല്‍ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു. 2025ലാണ് പെപ്‌സിക്കോയില്‍ നിന്ന് വിരമിക്കുന്നത്.

ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിരുദം നേടിയ കോവൂര്‍, 1993ല്‍ മനിലയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍നിന്ന് എംബിഎ പൂര്‍ത്തിയാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT