News & Views

ഡേറ്റാ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

വ്യക്തിഗത വിവരങ്ങളുടെ കൃത്യതയും സുരക്ഷിതത്വവും ഡേറ്റ സംരക്ഷകര്‍ ഉറപ്പുവരുത്തണം

Dhanam News Desk

വ്യക്തിഗത ഡിജിറ്റല്‍ ഡേറ്റാ സംരക്ഷണ ബില്ലിന് (ഡി.പി.ഡി.പി.) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജൂലൈ 20-ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം നവംബറിലാണ് സഭയില്‍ ബില്ലിന്റെ കരട് അവതരിപ്പിച്ചത്. ഓണ്‍ലൈനായും ഓഫ്ലൈനായും ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍.

സുരക്ഷിതത്വം ഉറപ്പുവരുത്തണം

നിയമപരമായ കാര്യങ്ങള്‍ക്ക് മാത്രമേ വ്യക്തിഗത വിവരങ്ങള്‍ പ്രോസസ് ചെയ്യാന്‍ പാടുള്ളൂ. ഇതിന് വ്യക്തികളുടെ അനുമതി വാങ്ങണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. അതേസമയം ചില കാര്യങ്ങളില്‍ ഇതില്ലാതെയും ഡേറ്റ ശേഖരിക്കാന്‍ സാധിക്കും. വ്യക്തിഗത വിവരങ്ങളുടെ കൃത്യതയും സുരക്ഷിതത്വവും ഡേറ്റ സംരക്ഷകര്‍ ഉറപ്പുവരുത്തണം. ഏത് ആവശ്യത്തിന് വേണ്ടിയാണോ വ്യക്തിഗത ഡേറ്റ ശേഖരിക്കുന്നത് അത് പൂര്‍ത്തിയായാല്‍ ഡേറ്റ സംരക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യാനും ബില്‍ ആവശ്യപ്പെടുന്നു.

വിവരങ്ങള്‍ ആക്സസ് ചെയ്യാനുള്ള അവകാശം അടക്കം വ്യക്തികള്‍ക്ക് ചില അവകാശങ്ങള്‍ ഇതിലുണ്ട്. വിവരങ്ങളില്‍ തിരുത്തല്‍ വരുത്താനും ഡിലീറ്റ് ചെയ്യാനും അപേക്ഷ നല്‍കുക, പരാതി നല്‍കുക തുടങ്ങിയ അവകാശങ്ങളുമുണ്ട്. ദേശീയ സുരക്ഷ അടക്കമുള്ള നിര്‍ദ്ദിഷ്ട കാരണങ്ങളെ അടിസ്ഥാനമാക്കി ബില്ലിലെ ചില വ്യവസ്ഥകളില്‍ നിന്ന് ഏജന്‍സികളെ സര്‍ക്കാര്‍ ഒഴിവാക്കിയേക്കാം. ഡേറ്റ സംരക്ഷണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഡേറ്റ സംരക്ഷണ ബോര്‍ഡിന് സര്‍ക്കാര്‍ രൂപം നല്‍കും. വിവരലംഘനം ഉണ്ടായാല്‍ അത് ഡേറ്റ സംരക്ഷണ ബോര്‍ഡുകളെ അറിയിക്കണമെന്ന് ബില്‍ ശുപാര്‍ശ ചെയ്യുന്നു.

അവന്‍' ഇല്ല, 'അവള്‍' മാത്രം

ബില്ലില്‍ 'ഹി' (അവന്‍), 'ഹിസ്' (അവന്റെ) എന്നീ പുല്ലിംഗ വിശേഷണങ്ങള്‍ ഉപയോഗിക്കില്ല. പകരം എല്ലാവര്‍ക്കുമായി 'ഷി' (അവള്‍), 'ഹെര്‍' (അവളുടെ) എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്. 2000-ലെ ഐ.ടി. ആക്ടിന്റെ പിന്‍ഗാമിയായ ഡിജിറ്റല്‍ ഇന്ത്യ ബില്‍, ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ ബില്‍ എന്നിവയടക്കം കേന്ദ്രം തയ്യാറാക്കുന്ന സാങ്കേതിക നിയന്ത്രണ ചട്ടക്കൂടിലെ ഒരു പ്രധാന ഭാഗമാണ് ഡേറ്റാ സംരക്ഷണ ബില്‍. കേന്ദ്ര ഐ.ടി. മന്ത്രാലയമാണ് ഈ ബില്‍ തയ്യാറാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT