News & Views

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തി നയാര എനര്‍ജി; ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തും?

ഏപ്രില്‍ രണ്ടാംവാരത്തോടെ നയാര എനര്‍ജി 35 ദിവസത്തേക്ക് താല്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്താനാണ് നീക്കം

Dhanam News Desk

രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ഇന്ധന വിതരണ കമ്പനിയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടേക്കുമെന്ന സൂചനകളാണ് ഇന്ധന വിലയില്‍ വലിയ വര്‍ധന വരുത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് ഉയര്‍ത്തിയത്.

റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റോസ്‌നെഫ്റ്റിനാണ് നയാര എനര്‍ജിയുടെ 49 ശതമാനം ഓഹരിപങ്കാളിത്തമുള്ളത്. യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയ ശേഷം കുറഞ്ഞ വിലയ്ക്ക് നയാര റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യ റഷ്യന്‍ എണ്ണയില്‍ നിന്ന് അകലംപാലിച്ചത് നയാരയ്ക്ക് തിരിച്ചടിയായിരുന്നു.

ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തും?

നയാര എനര്‍ജിക്ക് രാജ്യത്താകമാനം 6,500 പെട്രോള്‍ പമ്പുകളാണുള്ളത്. എണ്ണ ലഭ്യത കുറഞ്ഞു നില്‍ക്കുകയും വില ഉയരുകയും ചെയ്താല്‍ ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്താനാണ് കമ്പനിയുടെ നീക്കമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ രണ്ടാംവാരത്തോടെ നയാര എനര്‍ജി 35 ദിവസത്തേക്ക് താല്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്താനാണ് നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ആകെയുള്ളത് 1,02,075 പെട്രോള്‍ പമ്പുകളാണുള്ളത്. പൊതുമേഖല കമ്പനികളാണ് പെട്രോള്‍ പമ്പുകളില്‍ ഏറെയുള്ളത്. അതുകൊണ്ട് തന്നെ താരതമ്യേന കുറഞ്ഞ സാന്നിധ്യമുള്ള നയാരയുടെ അസാന്നിധ്യം ഇന്ധന ലഭ്യതയെ കൂടുതലായി ബാധിക്കില്ല.

പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ വിവിധ ലോകരാജ്യങ്ങള്‍ ഇന്ധന വിലയില്‍ 67 ശതമാനം വരെ വര്‍ധന വരുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ പൊതുമേഖല കമ്പനികള്‍ ഇന്ധനവില കൂട്ടിയിട്ടില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതും വിലക്കയറ്റം ഉണ്ടാകുമെന്നതുമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT