petrol station image credit : canva
News & Views

ഇന്ധനവില വർധിപ്പിച്ചു; കേരളത്തിലെ പെട്രോൾ, ഡീസൽ വില ₹3.04 കൂടും; സി.എൻ.ജിക്ക് ₹2 കൂട്ടി

പുതുക്കിയ ഇന്ധന നിരക്ക് അനുസരിച്ച്, കൊച്ചി ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില108.62 രൂപയായി ഉയർന്നു. ഡീസൽ വില ഒരു ലിറ്ററിന് 97.55 രൂപയായും വർധിച്ചിട്ടുണ്ട്.

Dhanam News Desk

രാജ്യത്തെ വാഹന ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപയോളം വീതമാണ് കൂട്ടിയത്. സി.എൻ.ജി നിരക്കും വർധിപ്പിച്ചിട്ടുണ്ട്. രണ്ട് രൂപയാണ് സി.എൻ.ജിയുടെ വില വർധിപ്പിച്ചത്. ഇതോടെ കേരളത്തിലെ വാഹന ഇന്ധന നിരക്കിലും ആനുപാതിക വർധനയുണ്ടാകും. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാകും സംസ്ഥാനത്ത് വർധിക്കുക.

പുതുക്കിയ ഇന്ധന നിരക്ക് അനുസരിച്ച്, കൊച്ചി ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില108.62 രൂപയായി ഉയർന്നു. ഡീസൽ വില ഒരു ലിറ്ററിന് 97.55 രൂപയായും വർധിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധവും വിതരണ ശൃംഖലയിലെ പാളിച്ചകളും കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വൻ തോതിൽ വർധിച്ച സാഹചര്യത്തിൽ കുമിഞ്ഞുകൂടുന്ന നഷ്ടം മറികടക്കുന്നതിനായാണ് പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. നിലവിൽ ക്രൂഡ് ഓയിൽ വില ഒരു ബാരലിന് 106 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോ​ഗമിക്കുന്നത്. യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിൽ വില 60-70 ഡോളർ നിലവാരത്തിലാണ് ഉണ്ടായിരുന്നത്.

മാർച്ച് മാസം ആദ്യത്തോടെ തന്നെ ക്രൂ‍ഡ് ഓയിൽ വില 100 ഡോളറിലേക്ക് ഉയർന്നിരുന്നുവെങ്കിലും കേരളവും ബം​ഗാളും ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ധന നിരക്ക് ഉയർത്താൻ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല.

എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും പശ്ചിമേഷ്യയിലെ യുദ്ധത്തിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ തുടരുന്നതിനാലും രാജ്യത്തിന്റെ ഇറക്കുമതിഭാരം വൻ തോതിൽ വർധിക്കുകയും രൂപയുടെ വിനിമയമൂല്യം ഇടിയുകയും ചെയ്ത സാഹചര്യത്തിൽ മിതവ്യയം പാലിക്കണമെന്ന ആഹ്വാനവുമായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT