petrol station image credit : canva
News & Views

അവിടെ ₹82, കേരളത്തില്‍ ₹107.48! ഏറ്റവും കൂടിയ പെട്രോള്‍ വില കേരളത്തിലാണോ? കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ഓരോ സംസ്ഥാനങ്ങളിലെയും ഇന്ധനവില നിശ്ചയിക്കുന്നതിന് പിന്നില്‍ പല ഘടകങ്ങളുണ്ട്

Dhanam News Desk

രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വിലയുള്ള സംസ്ഥാനമേതാണ്. പലരുടെയും മനസില്‍ ആദ്യമെത്തുന്നത് കേരളമാകും. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍, ഡീസല്‍ വിലയീടാക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശാണ്. തലസ്ഥാനമായ അമരാവതിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109.74 രൂപയും ഡീസലിന് 97.57 രൂപയുമാണ് വില. ഏറ്റവും കുറവ് വിലയുള്ളത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് പെട്രോളിന് 82.46 രൂപയും ഡീസലിന് 78.05 രൂപയുമാണ് വില.

വിവിധ സംസ്ഥാനങ്ങളിലെ പെട്രോള്‍, ഡീസല്‍ വില (രാജ്യസഭാ രേഖകള്‍ പ്രകാരം)

കേരളത്തിന് രണ്ടാം സ്ഥാനം

എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണെന്നും കഴിഞ്ഞ ദിവസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയില്‍ വെച്ച രേഖയില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില നല്‍കേണ്ടത്. പെട്രോളിന് 107.46 രൂപയും ഡീസലിന് 95.70 രൂപയും നല്‍കേണ്ട തെലങ്കാനയാണ് മൂന്നാം സ്ഥാനത്ത്. മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്.

എന്തുകൊണ്ട് പലവില

ഓരോ സംസ്ഥാനങ്ങളിലെയും ഇന്ധനവില നിശ്ചയിക്കുന്നതിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാനവിലക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ മൂല്യവര്‍ധിത നികുതിയും (VAT) സെസുകളും ഡീലര്‍മാരുടെ കമ്മിഷനും ഉപയോക്താവ് നല്‍കേണ്ടി വരും. ഇതില്‍ വാറ്റും സെസും സംസ്ഥാന സര്‍ക്കാരുകളാണ് പിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ ഗതാഗതത്തിന് വേണ്ടി വരുന്ന ചെലവും വിലയെ സ്വാധീനിക്കും. അതുകൊണ്ടാണ് കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും വ്യത്യസ്ത വില നല്‍കേണ്ടി വരുന്നത്.

നികുതി ഇങ്ങനെ

2025ന്റെ തുടക്കത്തിലെ രാജ്യസഭാ രേഖകള്‍ പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 31 ശതമാനം വാറ്റ്, 4 രൂപ അധിക വാറ്റ്, ഒരു രൂപ റോഡ് ഡവലപ്‌മെന്റ് സെസ് എന്നിവയാണ് ആന്ധ്ര ഈടാക്കുന്നത്. കേരളത്തില്‍ 30.08 ശതമാനം കച്ചവട നികുതി, ഒരു രൂപ അധിക നികുതി, ഒരു ശതമാനം സെസ്, രണ്ട് രൂപ സാമൂഹ്യ സുരക്ഷാ സെസ് എന്നിവയാണ് ഈടാക്കുന്നത്. 21.90 രൂപയുടെ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിക്ക് പുറമെയാണിത്. മെട്രോ നഗരങ്ങളില്‍ ഇന്ധനവില ഏറ്റവും കുറവുള്ളത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്. പെട്രോളിന് 94.77 രൂപയാണ് ഇവിടുത്തെ വില. ലിറ്ററിന് 15.40 രൂപയാണ് വാറ്റ് ഇനത്തില്‍ ഈടാക്കുന്നത്.

Rajya Sabha data shows Andhra Pradesh has the highest petrol and diesel prices in India, with Kerala ranking second at ₹107.48 per litre in Thiruvananthapuram.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT