ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ പ്രമുഖരായ ഫോണ്‍പെ (PhonePe) വാലറ്റ് ഉപഭോക്താക്കള്‍ക്കായി പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നു. ദീര്‍ഘകാലമായി വാലറ്റ് ഉപയോഗിക്കാതിരിക്കുകയും എന്നാല്‍ അതില്‍ ബാലന്‍സ് തുക നിലനിര്‍ത്തുകയും ചെയ്യുന്നവരില്‍ നിന്ന് മെയിന്റനന്‍സ് ഫീ ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. നിശ്ചിത കാലാവധിക്കുള്ളില്‍ വാലറ്റ് സജീവമാക്കിയില്ലെങ്കില്‍ അക്കൗണ്ടിലുള്ള പണം നഷ്ടമാകുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം.
തുടര്‍ച്ചയായി 12 മാസമോ അതില്‍ കൂടുതലോ കാലയളവില്‍ യാതൊരുവിധ ഇടപാടുകളും നടത്താത്ത വാലറ്റുകളെയാണ് 'ഇന്‍ആക്ടീവ്' (Inactive) അഥവാ സജീവമല്ലാത്തവയുടെ പട്ടികയില്‍ ഫോണ്‍പെ ഉള്‍പ്പെടുത്തുക. ഇങ്ങനെയുള്ള വാലറ്റുകളില്‍ പണമുണ്ടെങ്കില്‍ പ്രതിമാസ/ത്രൈമാസ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
ലഭ്യമായ വിവരമനുസരിച്ച് ജി.എസ്.ടി ഉള്‍പ്പെടെ ഒരു നിശ്ചിത തുക (പ്രതിമാസം ₹5 അല്ലെങ്കില്‍ ക്വാര്‍ട്ടര്‍ലി ₹100 വരെ) മെയിന്റനന്‍സ് ചാര്‍ജായി ഈടാക്കാം. വാലറ്റിലെ ബാലന്‍സ് തുക പൂജ്യമാകുന്നത് വരെയോ, അല്ലെങ്കില്‍ ഉപഭോക്താവ് വാലറ്റ് വീണ്ടും സജീവമാക്കുന്നത് വരെയോ ഈ തുക ഈടാക്കിക്കൊണ്ടിരിക്കും. വാലറ്റില്‍ പണമില്ലാത്ത അക്കൗണ്ടുകള്‍ക്ക് ഈ ചാര്‍ജ് ബാധകമായിരിക്കില്ല.
ശ്രദ്ധിക്കുക നിങ്ങളുടെ ഫോണ്‍പെ ആപ്പ് വഴി പതിവായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് (UPI PIN അടിച്ച്) പണമയക്കുന്ന സാധാരണ ഉപഭോക്താക്കളെ ഈ പുതിയ പരിഷ്‌കാരം യാതൊരുവിധത്തിലും ബാധിക്കില്ല.
നമ്മള്‍ ഫോണ്‍പെ ഉപയോഗിച്ച് കടകളില്‍ പണമടയ്ക്കുമ്പോള്‍ രണ്ട് രീതിയിലാണ് അത് നടക്കുന്നത്. ഇത് കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ ഈ പുതിയ പരിഷ്‌കാരം നമ്മളെ ബാധിക്കുമോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കൂ.
യു.പി.ഐ (UPI): നിങ്ങള്‍ കടയില്‍ പോയി QR കോഡ് സ്‌ക്കാന്‍ ചെയ്ത്, തുക അടിച്ച്, നിങ്ങളുടെ 4 അല്ലെങ്കില്‍ 6 അക്ക രഹസ്യ പിന്‍ നമ്പര്‍ അടിച്ച് പണമയക്കുന്ന രീതിയാണിത്. ഇവിടെ പണം ഇരിക്കുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലാണ് (ഉദാഹരണത്തിന് SBI, Federal Bank, South Indian Bank അല്ലെങ്കില്‍ ആപ്പില്‍ ലിങ്ക് ചെയ്ത മറ്റേതെങ്കിലും ബാങ്ക്). നിങ്ങള്‍ പിന്‍ നമ്പര്‍ അടിക്കുമ്പോള്‍ ആ പണം ഫോണ്‍പെ ആപ്പില്‍ തൊടാതെ, നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കട്ടായി കടക്കാരന്റെ അക്കൗണ്ടിലേക്ക് പോകുന്നു.
വാലറ്റ് (Wallet): വാലറ്റ് എന്നാല്‍ ഫോണ്‍പെ ആപ്പിന്റെ ഉള്ളില്‍ തന്നെയുള്ള ഒരു ഡിജിറ്റല്‍ പേഴ്‌സ് ആണ്. ഇതിലേക്ക് നമ്മള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മുന്‍കൂട്ടി പണം മാറ്റി വെക്കണം. ഇതിന്റെ പ്രത്യേകത, കടകളില്‍ പോയി പണമടയ്ക്കുമ്പോള്‍ UPI PIN അടിക്കേണ്ട ആവശ്യമില്ല. വാലറ്റില്‍ പണമുണ്ടെങ്കില്‍ ഒറ്റ ക്ലിക്കില്‍ പേയ്‌മെന്റ് നടക്കും. ബാങ്കിന്റെ സെര്‍വര്‍ തകരാറിലായാലും വാലറ്റില്‍ പണമുണ്ടെങ്കില്‍ ഇടപാടുകള്‍ തടസ്സപ്പെടില്ല.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ഫോണ്‍പെ. നമ്മള്‍ സ്വന്തമായി വാലറ്റിലേക്ക് പണം മാറ്റിയിട്ടില്ലെങ്കില്‍ പോലും നമ്മുടെ ഫോണ്‍പെ വാലറ്റില്‍ പണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിന് കാരണം ക്യാഷ്ബാക്ക് (Cashback) ആണ്.
മുന്‍പ് നമ്മള്‍ ഫോണ്‍പെ വഴി മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോഴോ മറ്റോ ഓഫര്‍ വഴി കിട്ടിയിരുന്ന ₹10, ₹20 ക്യാഷ്ബാക്ക് തുകകള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അല്ല പോയിരുന്നത്. അത് ഫോണ്‍പെ ആപ്പിലെ ഈ 'വാലറ്റ്' എന്ന പേഴ്‌സിലാണ് വന്നു കിടന്നിരുന്നത്. പലരും ഇത് ശ്രദ്ധിക്കാതെ വര്‍ഷങ്ങളായി അങ്ങനെ തന്നെ ഇട്ടിരിക്കുകയാണ്. അക്കൗണ്ട് റീചാര്‍ജ് ചെയ്യുമ്പോഴോ സാധനങ്ങള്‍ വാങ്ങുമ്പോഴോ ലഭിച്ച ക്യാഷ്ബാക്ക് തുക വാലറ്റില്‍ അങ്ങനെ തന്നെ കിടക്കുന്നുണ്ടെങ്കില്‍ ഈ വാലറ്റ് ഒന്നുകില്‍ സജീവമാക്കണം അല്ലെങ്കില്‍ തുക ഉപയോഗിച്ച് തീര്‍ക്കണം.
ഇങ്ങനെ 12 മാസത്തിലേറെയായി വാലറ്റില്‍ പണം കിടക്കുകയും എന്നാല്‍ അത് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇനി ഫോണ്‍പെ പിഴയിടാന്‍ പോകുന്നത്. ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ എപ്പോഴും പിന്‍ നമ്പര്‍ അടിച്ച് ബാങ്കില്‍ നിന്ന് നേരിട്ട് പണമയക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഫോണ്‍പെ ആപ്പിന്റെ ഉള്ളിലെ വാലറ്റ് പേഴ്‌സില്‍ പണം വെറുതെ കിടപ്പുണ്ടെങ്കില്‍ അത് ഒന്നുകില്‍ റീചാര്‍ജ് ചെയ്ത് തീര്‍ക്കുകയോ ബാങ്കിലേക്ക് മാറ്റുകയോ ചെയ്യണം.
ഫോണ്‍പെ വാലറ്റ് ഇന്‍ആക്ടീവ് ആകുന്നത് തടയാനും അനാവശ്യമായി പണം നഷ്ടപ്പെടാതിരിക്കാനും ഉപഭോക്താക്കള്‍ക്ക് താഴെ പറയുന്ന വഴികള്‍ സ്വീകരിക്കാം:
ഒരു ചെറിയ ഇടപാട് നടത്തുക: നിങ്ങളുടെ ഫോണ്‍പെ വാലറ്റ് ഉപയോഗിച്ച് വര്‍ഷത്തിലൊരിക്കലെങ്കിലും മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച് ബില്‍ പേയ്‌മെന്റ്, അല്ലെങ്കില്‍ ഏതെങ്കിലും കടകളില്‍ വാലറ്റ് പണം ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുക. ഒരു ചെറിയ ഇടപാട് നടത്തിയാല്‍ പോലും വാലറ്റ് 'ആക്ടീവ്' ആയി തുടരും.
പണം വാലറ്റിലേക്ക് ആഡ് ചെയ്യുക: വാലറ്റിലേക്ക് സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ചെറിയൊരു തുക (ഉദാഹരണത്തിന് ₹10 അല്ലെങ്കില്‍ ₹50) ആഡ് ചെയ്യുന്നത് വഴി വാലറ്റ് സജീവമായി നിലനിര്‍ത്താം.
ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക: വാലറ്റില്‍ പണമുണ്ടെങ്കില്‍, അത് യാതൊരുവിധ അധിക ചാര്‍ജുകളുമില്ലാതെ നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം.
വാലറ്റ് ക്ലോസ് ചെയ്യുക: ഇനി ഭാവിയില്‍ ഫോണ്‍പെ വാലറ്റ് ഉപയോഗിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ആപ്പിലെ പ്രൊഫൈല്‍ സെറ്റിങ്‌സ് വഴി വാലറ്റ് പൂര്‍ണ്ണമായും ക്ലോസ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ വാലറ്റിലുള്ള ബാക്കി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും.
വാലറ്റ് ഇന്‍ആക്ടീവ് ആകുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ഫോണ്‍പെ ആപ്പിലൂടെയും എസ്.എം.എസ് വഴിയും മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഫോണ്‍പെ ആപ്പ് തുറന്ന് വാലറ്റ് ബാലന്‍സ് എത്രയെന്ന് പരിശോധിക്കുകയും, തുകയുണ്ടെങ്കില്‍ ഇത്തരം സന്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ വാലറ്റ് ആക്ടീവ് ആക്കാന്‍ ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine