https://www.facebook.com/PinarayiVijayan
News & Views

പട്ടയഭൂമിയില്‍ ജീവനോപാധിക്ക് അനുമതി, ജി.എസ്.ടി പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കള്‍ക്ക് ലഭിക്കണം, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി

ജി.എസ്.ടി പരിഷ്‌ക്കരണം നടത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി

Dhanam News Desk

സംസ്ഥാനത്തെ മലയോര ജനതക്ക് ഏറെ ആശ്വാസം പകരുന്ന ഭൂപതിവ് ചട്ട ഭേദഗതിയിലെ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടയഭൂമി ജീവനോപാധിയാകാന്‍ അനുവദിക്കുന്ന ഭേദഗതി സബ്ജക്ട് കമ്മിറ്റി കൂടി പരിഗണിക്കേണ്ടതുണ്ട്. മലയോര മേഖലയിലെ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ണായക തീരുമാനമാണിത്. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച പട്ടയഭൂമി നിയമവിധേയമാക്കാനും സാധാരണക്കാരെ നിയമകുരുക്കില്‍ നിന്ന് രക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റവന്യൂമന്ത്രി കെ.രാജനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പട്ടയമായി ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനും പതിച്ച് നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതുമാണ് പുതിയ ചട്ടങ്ങള്‍. അതായത് കൃഷിക്കും ഗൃഹനിര്‍മാണത്തിനുമായി ലഭിച്ച ഭൂമിയില്‍ നിബന്ധനകളോടെ വാണിജ്യസ്ഥാപനങ്ങളും തുടങ്ങാവുന്നതാണ്. ഇതിനായി ഭൂമി വിലയുടെ നിശ്ചിത ശതമാനം തുക ഫീസായി ഒടുക്കേണ്ടി വരും. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 സെപ്റ്റംബര്‍ 14നാണ് ഭൂപതിവ് ഭേദഗതി നിയമം നിയമസഭ പാസാക്കിയത്.

നഷ്ടം പരിഹരിക്കണം

ജി.എസ്.ടി പരിഷ്‌ക്കാരം നടപ്പിലാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. നികുതി കുറക്കുന്നതിലൂടെ സാധാരണക്കാരന്റെ ഭാരം കുറക്കുന്ന നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കാന്‍ പാടില്ല. വിലയില്‍ ഉണ്ടാകുന്ന കുറവ് ഉപയോക്താക്കളില്‍ എത്തുമെന്ന് ഉറപ്പാക്കണം. പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പുറമെ ജി.എസ്.ടി പരിഷ്‌ക്കാരം കൂടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ ധനശേഖരണ മാര്‍ഗങ്ങള്‍ കുറയും. ഇത് പരിഹരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയില്ല

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന ചെലവുകള്‍ക്ക് വരെ ബുദ്ധിമുട്ടുകയാണെന്നുമുള്ള പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കിടയിലും ഓണക്കാലത്തെ വിവിധ ആനുകൂല്യങ്ങള്‍ക്കായി 12,100 കോടി രൂപയാണ് മാറ്റിവെച്ചത്. രണ്ട് ഗഡു ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1,800 കോടി രൂപയും വിലക്കയറ്റം നേരിടാനുള്ള വിപണി ഇടപെടലുകള്‍ക്കായി സപ്ലൈക്കോക്ക് 262 കോടി രൂപയും എ.ഐ.വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് വിതരണത്തിന് 34.28 കോടി രൂപയും തോട്ടം തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് വിതരണത്തിന് 22 കോടി രൂപയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,600 രൂപ വെച്ച് വിതരണം ചെയ്യാന്‍ 52 കോടി രൂപയും വാതില്‍പ്പടി റേഷന്‍ വിതരണത്തിന് 50 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala Chief Minister Pinarayi Vijayan criticised the central government’s GST restructure plans, emphasising that the revenue loss of states should be duly considered to protect fiscal federalism.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT