ഫിന്‍ടെക് കമ്പനിയായ പൈന്‍ ലാബ്‌സ് (Pine Labs) നാളെ (നവംബര്‍ 14 വെള്ളി) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. ഐപിഒ അലോട്ട്‌മെന്റുകള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ഓഹരികള്‍ അലോട്ട് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് ഇന്ന് ചേര്‍ക്കപ്പെടും. ഐപിഒയില്‍ ഓഹരി ലഭിക്കാത്തവര്‍ക്കുള്ള റീഫണ്ട് ഇന്ന് പൂര്‍ത്തിയാകും.
നവംബര്‍ 7 മുതല്‍ 11 വരെയായിരുന്നു പൈന്‍ ലാബ്‌സ് ഐപിഒ. നിക്ഷേപകരില്‍ നിന്ന് പോസിറ്റീവ് പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. റീട്ടെയ്ല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 1.22 ശതമാനം അധിക അപേക്ഷകള്‍ ലഭിച്ചു.
ഐപിഒയില്‍ 75 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ യോഗ്യതയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ചിരുന്നു. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനും (സ്ഥാപനേതര നിക്ഷേപകര്‍) 10 ശതമാനത്തോളം റീട്ടെയ്ല്‍ നിക്ഷേപക വിഭാഗത്തിലുമായിരുന്നു.
ഔദ്യോഗികമല്ലാത്തതും, നിയന്ത്രിതമല്ലാത്തതുമായ വിപണിയാണ് ഗ്രേ മാര്‍ക്കറ്റ് (Grey Market). പ്രധാന എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഇവിടെ ഓഹരികള്‍ വ്യാപാരം നടത്തപ്പെടുന്നു. ഗ്രേ മാര്‍ക്കറ്റില്‍ വ്യക്തികള്‍ തമ്മിലാണ് വ്യാപാരം നടക്കുന്നത്.
ഐപിഒ പ്രൈസിനേക്കാള്‍ അധികമായി ഗ്രേ മാര്‍ക്കറ്റില്‍ നിക്ഷേപകര്‍ നല്‍കാന്‍ തയാറായ വിലയാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (ജിഎംപി) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്നതിനു മുമ്പുള്ള ഓഹരിവിലയാണിത്. ട്രേഡര്‍മാര്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിനു മുകളില്‍ ഓഹരി അനൗദ്യോഗികമായി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നു.
പൈന്‍ ലാബ്‌സിന്റെ ജിഎംപി 6.5 രൂപയാണ്. പൈന്‍ ലാബ്‌സിന്റെ ഐപിഒ വില 221 രൂപയാണ്. അതായത് നിക്ഷേപകര്‍ ഈ ഓഹരികള്‍ ഐപിഒ വിലയേക്കാള്‍ കൂടിയ നിരക്കില്‍ വാങ്ങാന്‍ താല്പര്യപ്പെടുന്നു എന്നര്‍ത്ഥം. അതായത് ലിസ്റ്റിംഗ് ഏകദേശം 227.5 രൂപയ്ക്കടുത്താകുമെന്ന് ചുരുക്കം.
കഴിഞ്ഞ 12 സെഷനുകളിലെ ഗ്രേ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ 6.5 രൂപയെന്നത് അത്ര മികച്ചതാണെന്ന അഭിപ്രായം വിദഗ്ധര്‍ക്കില്ല. എന്നാല്‍ മോശമല്ല താനും. ഇക്കാലയളവില്‍ ജിഎംപി 0.00 രൂപയും കൂടിയത് 60 രൂപയുമാണ്.
ഇഷ്യു വിലയേക്കാള്‍ കൂടുതല്‍ നല്കാനുള്ള നിക്ഷേപകരുടെ താല്പര്യമാണ് ഗ്രേ മാര്‍ക്കറ്റ് പ്രതിഫലിപ്പിക്കുന്നത്. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഒരു സൂചകം മാത്രമാണ്. ലിസ്റ്റിംഗില്‍ ചിലപ്പോള്‍ ഇത് പ്രതിഫലിക്കാതെയും വരാറുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 2,274 കോടി രൂപയായിരുന്നു. 145 കോടി രൂപയായിരുന്നു പ്രവര്‍ത്തന നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം വര്‍ധിപ്പിക്കാനും നഷ്ടം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു.
മലേഷ്യ, യുഎഇ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, യുഎസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കമ്പനിക്ക് ബിസിനസ് സാന്നിധ്യമുണ്ട്. 2025 സാമ്പത്തികവര്‍ഷം 11.42 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ കമ്പനിയുടെ പ്ലാറ്റ്ഫോമുകളിലൂടെ നടന്നു. ഈ വര്‍ഷം ജൂണ്‍ 30 വരെ 9.88 ലക്ഷം കച്ചവടക്കാരും 716 ബ്രാന്‍ഡുകളും ഇവരുടെ സേവനം ഉപയോഗിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine