വിപണിയില്‍ വില കൂപ്പുകുത്തിയതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഉത്പാദനം വര്‍ധിച്ചതും കച്ചവടം കുറഞ്ഞതും ഇപ്പോഴത്തെ വിലയിടിവിന് കാരണമായി. നിലവില്‍ ഒരുകിലോ സ്‌പെഷ്യല്‍ പച്ചയ്ക്ക് വില 24 രൂപയാണ്. പഴത്തിന് 25 രൂപയും. ഒരു വര്‍ഷം മുമ്പ് ഇതേ സമയത്ത് സ്‌പെഷ്യല്‍ പച്ചയ്ക്ക് 62 രൂപയായിരുന്നു കിലോ വില. പഴത്തിന് 65 രൂപയും.
ഇപ്പോഴത്തെ വിലയിടിവിനു കാരണങ്ങള്‍ പലതാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്. ഉത്പാദനത്തില്‍ 50 ശതമാനത്തോളം വര്‍ധനയുണ്ടെന്നാണ് വാഴക്കുളത്തെ കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കടുത്ത ചൂട് മൂലം പൈനാപ്പിള്‍ ഉത്പാദനം വലിയ തോതില്‍ താഴ്ന്നിരുന്നു. തുടര്‍ച്ചയായി മഴ ലഭിക്കാതിരുന്നതാണ് 2024ല്‍ വില ഉയര്‍ത്തി നിര്‍ത്തിയത്.
ഈ വര്‍ഷം പൈനാപ്പിളിനു അനുയോജ്യമായ കാലാവസ്ഥയാണ്. ഇടയ്ക്കിടെ മഴ ലഭിച്ചതും ഉത്പാദനം ഉയര്‍ത്തി. വിപണിയിലേക്ക് ആവശ്യത്തിലധികം പൈനാപ്പിള്‍ എത്തിയതാണ് പെട്ടെന്നുള്ള വിലയിടിവിലേക്ക് നയിച്ചത്. ഈ പ്രതിഭാസം കുറച്ചുദിവസം കൂടി നിലനില്‍ക്കാനാണ് സാധ്യതയെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മികച്ച വില ലഭിച്ചത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ഒരു ഏക്കറിന് മുമ്പ് 40,000-50,000 രൂപ ആയിരുന്നു മുമ്പ് പാട്ടത്തുക. എന്നാല്‍, കൂടുതല്‍ പേര്‍ കൃഷിയിലേക്ക് എത്തിയത് പാട്ടത്തുക ഉയരാന്‍ ഇടയാക്കി. ഈ വര്‍ഷം ഏക്കറിന് 1.40 ലക്ഷം രൂപ വരെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരുണ്ട്. അനാരോഗ്യകരമായ ഇത്തരം പ്രവണതകളും പൈനാപ്പിള്‍ കൃഷിക്ക് തിരിച്ചടിയായി.
കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ ഹബ് എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. ഇവിടെ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മറ്റ് മാര്‍ക്കറ്റുകളിലേക്ക് ലോഡ് കയറിപ്പോകുന്നത്. ഡല്‍ഹി മാര്‍ക്കറ്റിനെ അടിസ്ഥാനപ്പെടുത്തി പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വില നിര്‍ണയിക്കുന്നത്. ജയ്പൂര്‍, മുംബൈ, കൊല്‍ക്കത്ത, പൂന, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വാഴക്കുളം പൈനാപ്പിളിന് ഡിമാന്‍ഡ് ഏറെയാണ്.
റംസാന്‍ കഴിഞ്ഞതോടെ വിപണിയില്‍ നിലനില്‍ക്കുന്ന ചെറിയൊരു മാന്ദ്യമാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അധികം വൈകാതെ വില ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. പൈനാപ്പിള്‍ കേടായി പോകാനുള്ള സാധ്യത കൂടുതലായതിനാല്‍ കയറ്റുമതി അത്ര മെച്ചമല്ല. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയെ ആശ്രയിച്ചാണ് പൈനാപ്പിള്‍ കൃഷി നിലനില്‍ക്കുന്നത്.
പൈനാപ്പിള്‍ മേഖലയുമായി ബന്ധപ്പെട്ട് പതിനായിരക്കണിക്ക് പേരാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ കൂടുതലായി വരുന്നത് ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ നിന്നാണ്. വാഴക്കുളത്ത് മാത്രം ചെറുതും വലുതുമായി 2,500ലേറെ കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. 3,000 കോടി രൂപയിലധികം വലുപ്പമുള്ളതാണ് കേരളത്തിലെ പൈനാപ്പിള്‍ മാര്‍ക്കറ്റ്. സംസ്ഥാനത്ത് 50,000 ഏക്കറിലധികം സ്ഥലത്ത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine