Image courtesy: x.com/PiyushGoyal
News & Views

സ്റ്റാര്‍ട്ടപ്പുകളുടെ വളർച്ചയ്ക്കുളള മൂലധനവും ആവാസവ്യവസ്ഥയും കുറവ്, സഹായിക്കാൻ എന്ത് ചെയ്തുവെന്നും ചോദ്യം, പിയൂഷ് ഗോയലിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം

ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ അതിജീവിക്കാൻ പാടുപെടുകയാണ്

Dhanam News Desk

ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകളെക്കുറിച്ചുളള കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ അഭിപ്രായങ്ങള്‍ വിവാദങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ പലചരക്ക് വിതരണ ആപ്പുകളും ഐസ്ക്രീം നിർമ്മാണവും നടത്തുന്നതിലാണ് വ്യാപൃതരായിരിക്കുന്നത്. ചൈന നടത്തുന്നതു പോലെ സെമികണ്ടക്ടറുകൾ, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഹൈടെക് മേഖലകളിലേക്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പിയൂഷ് ഗോയല്‍ ഡല്‍ഹിയില്‍ നടന്ന സ്റ്റാർട്ടപ്പ് മഹാാകുംഭിൽ പറഞ്ഞു.

ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് സ്വയം ചോദിക്കണമെന്നാണ് ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ പറഞ്ഞത്. സർക്കാർ സ്റ്റാർട്ടപ്പുകളെ സംശയിക്കുന്നതിനുപകരം പിന്തുണയ്ക്കണം. ഏഞ്ചൽ ടാക്സ് പോലുള്ള നയപരമായ തടസങ്ങളും റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ തടസപ്പെടുത്തുന്നുണ്ടെന്നും മോഹൻദാസ് പൈ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുടെ വളർച്ചയ്ക്കും വാണിജ്യവൽക്കരണത്തിനുമുള്ള മൂലധനവും ആവാസവ്യവസ്ഥയും വളരെ കുറവാണെന്ന് ഷാദി.കോം സ്ഥാപകൻ അനുപം മിത്തൽ പറഞ്ഞു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ അതിജീവിക്കാൻ പാടുപെടുകയാണെന്നാണ് മധ്യപ്രദേശിലെ ബുർഹാൻപൂരിൽ സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്ന മുർതാസ അമീൻ പറഞ്ഞത്. ഞങ്ങളുടെ പട്ടണത്തിൽ 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതിയില്ല, ഉദ്യോഗസ്ഥ പീഡനം വ്യാപകമാണ്, മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളെ മൂന്നാംതരം പൗരന്മാരെപ്പോലെയാണ് പരിഗണിക്കുന്നത് തുടങ്ങിയ ആശങ്കകളാണ് മുർതാസ അമീൻ പങ്കുവെച്ചത്.

ഗവേഷണത്തിനും വികസനത്തിനുമായി (ആര്‍ ആന്‍ഡ് ഡി) ഇന്ത്യ ജിഡിപിയുടെ 0.65 ശതമാനം മാത്രമാണ് ചെലവഴിക്കുന്നതെന്ന് ലോകബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു. യുഎസ് (3.46%), ചൈന (2.43%), ദക്ഷിണ കൊറിയ (4.93%), ഇസ്രായേൽ (5.56%) എന്നിവയേക്കാൾ വളരെ പിന്നിലാണ് ഇന്ത്യ. പുതിയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച കണ്ടെത്തുന്നതില്‍ നമ്മള്‍ പുറകോട്ടു പോകുന്നതിനും ഇതും ഒരു കാരണമാണ്.

അതേസമയം, തന്റെ പരാമർശങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT