ഇന്ത്യന്‍ പരസ്യകലയ്ക്ക് സ്വന്തമായൊരു ശൈലിയും രൂപവും സമ്മാനിച്ച പീയൂഷ് പാണ്ഡെ അന്തരിച്ചു.70 വയസ്സായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഒഗില്‍വി ഇന്ത്യയെന്ന പരസ്യ ഏജന്‍സിയുടെ ഭാഗമായിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പു സമയത്ത് ഇറങ്ങിയ അബ്കി ബാര്‍ മോദി സര്‍ക്കാര്‍ (ഇത്തവണ മോദി സര്‍ക്കാര്‍) എന്നതുള്‍പ്പെടെ പ്രസിദ്ധമായ നിരവധി പരസ്യങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് പിയൂഷ് പാണ്ഡെ.
പരസ്യരംഗം ഇംഗ്ലീഷ് ഭാഷയുടെ പിടിയില്‍ അമര്‍ന്നിരുന്ന കാലത്താണ് ഇന്ത്യന്‍ ശൈലിയിലുള്ള പരസ്യങ്ങളുമായി പിയൂഷ് പാണ്ഡെയുടെ രംഗപ്രവേശം. ജയ്പൂരില്‍ ജനിച്ച അദ്ദേഹം ക്രിക്കറ്റ് താരമായിരുന്നു. ടീ ടേസ്റ്റിംഗിലും നിര്‍മാണ രംഗത്തും പ്രവര്‍ത്തിച്ച ശേഷം 1982ലാണ് ഒഗില്‍വിയില്‍ എത്തുന്നത്. സാധാരണ ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ച് അദ്ദേഹം പരസ്യ രംഗത്തെ അടിമുടിമാറ്റി. അദ്ദേഹം തയ്യാറാക്കിയ പരസ്യങ്ങള്‍ ഇന്ത്യക്കാരുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയായി മാറി. ജനങ്ങള്‍ എല്ലാകാലത്തും ഓര്‍ത്തുവെക്കുന്ന നിരവധി പരസ്യങ്ങള്‍ പിയൂഷ് പാണ്ഡെയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങി.
അദ്ദേഹത്തിന്റെ ഏഷ്യന്‍ പെയിന്റ്സിന്റെ ഹര്‍ ഖുഷി മേ രംഗ് ലായെ (ഓരോ സന്തോഷത്തിലും നിറങ്ങള്‍ കൊണ്ടുവരൂ), കാഡ്ബറിയുടെ കുച്ച് ഖാസ് ഹേ (എന്തോ പ്രത്യേകതയുണ്ട്) എന്നിവക്കൊപ്പം ഫെവികോളിന്റെ പ്രശസ്തമായ മുട്ട പരസ്യവും ഹച്ചിന്റെ പഗ്ഗ് നായയെ വെച്ചുള്ള പരസ്യങ്ങളും ഏറെ പ്രശസ്തമായിരുന്നു. 'അബ് കി ബാര്‍, മോദി സര്‍ക്കാര്‍' എന്ന 2014-ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ക്യാമ്പയിനുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. തനിനാടന്‍ നര്‍മ്മബോധവും കഥപറയാനുള്ള സ്വാഭാവികമായ കഴിവും അദ്ദേഹത്തിന്റെ പരസ്യങ്ങളെ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാക്കി.
ഒഗില്‍വി ഇന്ത്യയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ പരസ്യ ഏജന്‍സികളില്‍ ഒന്നാക്കി മാറ്റിയതിനുപിന്നിലും മറ്റാരുമല്ല. 2018ല്‍ കാന്‍ ലയണ്‍സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതിയായ ലയണ്‍ ഓഫ് സെന്റ് മാര്‍ക്ക് അദ്ദേഹവും സഹോദരന്‍ പ്രസൂണ്‍ പാണ്ഡെയും പങ്കിട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരാണ് ഇവര്‍. പരസ്യരംഗത്തെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine