ജലവൈദ്യുത പദ്ധതികളിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സമഗ്ര പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 1.9 ലക്ഷം കോടി രൂപയുടെ പിഎം ധാര (PM DHARA) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.
സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നതിനൊപ്പം അവ ആവശ്യമായ ഇടങ്ങളിലേക്ക് എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ തുക വിനിയോഗിക്കുക. കേരളം ഉള്‍പ്പെടെ വൈദ്യുത ദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ് പദ്ധതി.
രാജ്യത്തെ വൈദ്യുതി പ്രസരണ ശൃംഖല വികസിപ്പിച്ച് കൂടുതല്‍ പുനരുപയോഗ ഊര്‍ജം ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 135 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷിയില്‍നിന്നുള്ള വൈദ്യുതി ഉപഭോഗകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യം പദ്ധതി വഴി ഒരുക്കും. ഇതോടൊപ്പം 50 ജിഗാവാട്ട് മണിക്കൂര്‍ ശേഷിയുള്ള ബാറ്ററി ഊര്‍ജസംഭരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും സഹായിക്കും.
ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ ശേഷി അതിവേഗം വര്‍ധിക്കുമ്പോഴും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യമായ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് പ്രധാന വെല്ലുവിളി. ഈ തടസം പരിഹരിക്കാന്‍ വൈദ്യുത ഗ്രിഡ് വികസിപ്പിക്കുകയും നിലവിലുള്ള സംവിധാനങ്ങള്‍ നവീകരിക്കുകയും ചെയ്യുന്നതിലാണ് പദ്ധതിയുടെ ശ്രദ്ധ.
രാജസ്ഥാന്‍, ലഡാക്ക് തുടങ്ങി പുനരുപയോഗ ഊര്‍ജ സാധ്യതകള്‍ കൂടുതലുള്ള മേഖലകളില്‍നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൈദ്യുതി എത്തിക്കാന്‍ പുതിയ നിക്ഷേപം വഴിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine