News & Views

കേരളത്തില്‍ 2,807 അവസരങ്ങള്‍, ഓഫര്‍ സ്വീകരിച്ചത് വെറും 198 പേര്‍! മോദിയുടെ സ്വപ്‌നപദ്ധതി പാളി

അഖിലേന്ത്യ തലത്തില്‍ ആകെ അപേക്ഷകള്‍ 6.21 ലക്ഷം, സ്വീകരിച്ചത് 7,304 പേര്‍ മാത്രം

Dhanam News Desk

യുവജനങ്ങളെ ആകര്‍ഷിക്കാനായി മൂന്നാം മോദിസര്‍ക്കാര്‍ കൊണ്ടുവന്ന പി.എം ഇന്റേണ്‍ഷിപ്പ് പദ്ധതിക്ക് തണുത്ത പ്രതികരണം. വെറും 7,304 പേരാണ് പദ്ധതിയില്‍ ഇതുവരെ പങ്കാളികളായത്. പ്രധാന സ്വകാര്യ കമ്പനികളില്‍ ശമ്പളത്തോടു കൂടിയ ഇന്റേണ്‍ഷിപ്പ് സൗകര്യമാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം മുന്നോട്ടുവച്ചത്.

അപേക്ഷകള്‍ 6.21 ലക്ഷം, സ്വീകരിച്ചത് 7,304 പേര്‍

മുന്‍നിര കമ്പനികളില്‍ നിന്ന് 1.27 ലക്ഷം ഇന്റേണ്‍ഷിപ്പ് ഒഴിവുകളായിരുന്നു ആദ്യ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ ഒഴിവുകളിലേക്ക് വന്നതാകട്ടെ 6.21 ലക്ഷം അപേക്ഷകരും. കമ്പനികള്‍ക്ക് ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുത്തത് 60,866 വിദ്യാര്‍ത്ഥികളെയാണ്. ഇവര്‍ക്കായി 82,077 ഓഫര്‍ ലെറ്ററുകളും അയച്ചു. ഒന്നിലേറെ ഓഫര്‍ ലെറ്ററുകളും ലഭിച്ചിട്ടുണ്ട്. ഓഫര്‍ കിട്ടിയവരില്‍ 7,304 പേര്‍ മാത്രമാണ് ഇന്റേണ്‍ഷിപ്പ് സ്വീകരിച്ചത്. സ്ഥലം, സ്റ്റൈപന്‍ഡ് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പദ്ധതിയോട് മുഖംതിരിക്കുന്നതിന് കാരണമായി.

കേരളത്തില്‍ ആകെയുണ്ടായിരുന്നത് 2,807 അവസരങ്ങളാണ്. കമ്പനികള്‍ നല്‍കിയ ഓഫറുകള്‍ 1,938. അതേസമയം, ഓഫര്‍ സ്വീകരിച്ചത് വെറും 198 പേരാണ്. 4.38 കോടി രൂപയാണ് പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ കേന്ദ്രം മുടക്കുന്നത്. കേരളത്തിലിത് 11.88 ലക്ഷം രൂപയാണ്. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പില്‍ മാസം 5,000 രൂപ വീതമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്‍ഡ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസൂക്കി, എല്‍ആന്‍ഡ് ടി, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി പ്രമുഖ കമ്പനികള്‍ മോദി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഠിച്ചിറങ്ങിയവര്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പരിശീലനവും വരുമാനവും ലഭിക്കുന്നത് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയില്‍ അംഗത്വം നല്‍കുക.

ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന 5,000 രൂപയില്‍ 4,500 രൂപയും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. 500 രൂപ കമ്പനികള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ടില്‍ നിന്ന് ലഭ്യമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT