60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടാന്‍ സാധ്യതയില്ലാത്ത വ്യക്തിയാണോ നിങ്ങള്‍? കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതാണോ പ്രവര്‍ത്തനമേഖല? എങ്കില്‍ നിങ്ങള്‍ക്കൊരു ഗംഭീര പെന്‍ഷന്‍ സ്‌കീം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 60 വയസിനു ശേഷം പ്രതിമാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതാണ് ഈ സ്‌കീം. പി.എം കിസാന്‍ മന്ദന്‍ യോജന (PM Kisan Mandhan Yojana) എന്നാണ് സ്‌കീമിന്റെ പേര്.
രാജ്യത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പെന്‍ഷന്‍ സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്. 18 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പദ്ധതിയില്‍ ചേരാം. 40 വയസാണ് പദ്ധതിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി. 18 വയസുള്ള ഒരാള്‍ പ്രതിമാസം അടയ്‌ക്കേണ്ടത് 55 രൂപ വീതമാണ്.
പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുക ഉയരും. അതായത്, 40 വയസുള്ള ഒരാളാണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ പ്രതിമാസ അടവ് 200 രൂപയാകും. എങ്ങനെ നോക്കിയാലും പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 60 വയസിന് ശേഷം കൃത്യമായ വരുമാനം ഉറപ്പുവരുത്താന്‍ പറ്റുന്ന സ്‌കീമാണിത്. 60 വയസു വരെ പ്രതിമാസം നിശ്ചിത തുക അടച്ചെങ്കില്‍ മാത്രമേ പെന്‍ഷന് അര്‍ഹതയുണ്ടാകൂ.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ അംഗത്വം ലഭിക്കില്ല. ചെറുകിട കര്‍ഷകര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ സാധിക്കുക. 2 ഹെക്ടറോ അതില്‍ താഴെയോ കൃഷിഭൂമി സ്വന്തം പേരിലുണ്ടാകാന്‍ പാടുള്ളൂ. ആദായനികുതി അടയ്ക്കുന്നവര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കില്ല.
ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രായ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ നമ്പര്‍ എന്നിവ പദ്ധതിയില്‍ ചേരുന്ന സമയത്ത് നല്‍കണം. പദ്ധതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ സെന്ററുമായോ കൃഷി ഓഫീസുമായോ ബന്ധപ്പെടുക.
Read DhanamOnline in English
Subscribe to Dhanam Magazine