വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ഡോ. ജില്‍ ബൈഡനും. കൂടിക്കാഴ്ചയില്‍ മോദിയും ബൈഡനും പരസ്പരം കൈമാറിയത് അമൂല്യ സമ്മാനങ്ങള്‍.
ഗണപതി വിഗ്രഹവും വജ്രവും
കര്‍ണാടകയില്‍ നിന്നുള്ള ചന്ദനത്തടിയില്‍ രാജസ്ഥാനിലെ കരകൗശല വിദഗ്ദര്‍ പ്രത്യേകം തയ്യാറാക്കിയ ചന്ദനപ്പെട്ടിയിലാണ് ബൈഡന് മോദി സമ്മാനമൊരുക്കിയത്. മനോഹരമായ കൊത്തുപണികള്‍ അടങ്ങിയ ഈ ചന്ദനപ്പെട്ടിയുടെ ഉള്ളില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള വെള്ളി ഗണപതി വിഗ്രഹവും വെള്ളി വിളക്കും വെള്ളി കൊണ്ട് തയ്യാറാക്കിയ നാളികേരം, സ്വര്‍ണ നാണയം, വെള്ളി നാണയം എന്നിവയാണ് ഉണ്ടായിരുന്നത്.
കൂടാതെ ഇന്ത്യന്‍ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'ദ ടെന്‍ പ്രിന്‍സിപ്പല്‍ ഉപനിഷത്ത്‌സ്' (The Ten Principal Upanishads) മോദി ബൈഡന് സമ്മാനിച്ചു. ജോ ബൈഡന്റെ പത്നി ഡോ. ജില്‍ ബൈഡന് 7.5 കാരറ്റ് ഹരിത വജ്രമാണ് പ്രധാനമന്ത്രി നല്‍കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വജ്രം.
ബൈഡന്റെ സമ്മാനങ്ങള്‍
വിന്റേജ് അമേരിക്കന്‍ ക്യാമറ, അമേരിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള പുസ്തകം, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ കോപ്പി, 20ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പുരാതനമായ പുസ്തകം എന്നിവയാണ് കൂടിക്കാഴ്ചയില്‍ ബൈഡന്‍ മോദിക്ക് സമ്മാനിച്ചത്.
തിങ്കളാഴ്ചയാണ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിലെത്തിയത്. 23 ന് വാഷിംഗ്ടണില്‍ അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine