X.com
News & Views

പഹല്‍ഗാമിന്റെ നടുക്കത്തില്‍ നിന്ന് വന്ദേഭാരതിന്റെ ആവേശത്തിലേക്ക്, ഭൂമിയിലെ സ്വര്‍ഗത്തിലേക്കൊരു വിസ്മയ റെയില്‍പാത, പണി തീരാന്‍ 31 വര്‍ഷം, ചെലവ് ₹46,000 കോടി; കാണാം, കുറഞ്ഞ ചെലവില്‍ കശ്മീര്‍ വിസ്മയങ്ങള്‍

താഴ്‌വരയിലെ ടൂറിസത്തിനൊപ്പം വാണിജ്യ ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് പാതയുടെ വികസനം സാധ്യമാക്കിയത്

Dhanam News Desk

ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തിലുള്ള പാലത്തിലൂടെ ചീറിപ്പായുന്ന വന്ദേഭാരത് എക്പ്രസിലിരുന്ന് കാശ്മീരിലെ മഞ്ഞുവീഴുന്ന താഴ്‌വരയുടെ കാഴ്ചകള്‍ കാണുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കുട്ടിക്കാലത്ത് കണ്ട ഹാരിപോട്ടര്‍ സിനിമയിലെ രംഗമാണെന്ന് സംശയിക്കാന്‍ വരട്ടെ, ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ താഴ്‌വരയിലൂടെ കിടിലന്‍ ട്രെയിന്‍ യാത്രക്ക് അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ശ്രീനഗര്‍-ജമ്മു-ഡല്‍ഹി റെയില്‍ലിങ്ക് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കട്രയെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ജൂണ്‍ ഏഴ് മുതല്‍ ഓടിത്തുടങ്ങും. കശ്മീര്‍ താഴ്‌വരയെ രാജ്യത്തെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍പാതയാണിത്.

31 വര്‍ഷത്തെ കാത്തിരിപ്പ്

കശ്മീരിനെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാത നിര്‍മിക്കുമെന്ന് 1994ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ കാലത്താണ് പ്രഖ്യാപിക്കുന്നത്. 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയ് ഇതിനെ ദേശീയ പദ്ധതിയായി ഏറ്റെടുത്തു. പിന്നീട് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തും പദ്ധതിയുടെ ഭാഗമായ ചില റെയില്‍ പാതകള്‍ തുറന്നു. 272 കിലോമീറ്റര്‍ ദൂരത്തില്‍ ഹിമാലയന്‍ മലനിരകള്‍ക്കിടയിലൂടെ കടന്നുപോകുന്ന റെയില്‍പാത പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദി സര്‍ക്കാരിന് തന്നെ. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യു.എസ്.ബി.ആര്‍.എല്‍) പദ്ധതി ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

46,000 കോടി ചെലവ്, എഞ്ചിനീയറിംഗ് വിസ്മയം

സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ റെയില്‍വേ പദ്ധതികളിലൊന്നാണ് യു.എസ്.ബി.ആര്‍.എല്‍. 119 കിലോമീറ്റര്‍ നീളത്തില്‍ 36 തുരങ്കങ്ങള്‍, 943 പാലങ്ങള്‍, അതും ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലമായ ചെനാബും എഞ്ചിനീയറിംഗ് വിസ്മയമായ അഞ്ചി ബ്രിഡ്ജുമടക്കമുള്ളത്, എന്നിവ നിര്‍മിച്ചു. ഏതാണ്ട് 46,000 കോടി രൂപ പദ്ധതിക്ക് വേണ്ടി ചെലവായി. സുരക്ഷയൊരുക്കാന്‍ പാതയുടെ പ്രധാനഭാഗങ്ങളില്‍, പ്രത്യേകിച്ച് ചെനാബ് പാലത്തിലും കട്ര-ബാരാമുള്ള പാതയിലും, സി.ആര്‍.പി.എഫിന്റെ സാന്നിധ്യമുണ്ടാകും. കൂടാതെ സൈന്യം, ആര്‍.പി.എഫ്, കശ്മീര്‍ റെയില്‍വേ പൊലീസ് എന്നിവയും സുരക്ഷയൊരുക്കാന്‍ മുന്നിലുണ്ടാകും.

എന്താണ് മാറ്റം?

നിലവില്‍ ജമ്മുവിലെ കട്ര റെയില്‍വേ സ്റ്റേഷന്‍ വരെയാണ് കേരളത്തില്‍ നിന്നടക്കം ട്രെയിന്‍ സര്‍വീസുള്ളത്. കന്യാകുമാരിയില്‍ നിന്നും കട്രവരെ പോകുന്ന ഹിമസാഗര്‍ എക്‌സ്പ്രസാണ് (16317) അതിലൊന്ന്. കശ്മീര്‍ താഴ്‌വരയിലേക്കുള്ള സഞ്ചാരികള്‍ കട്രയില്‍ ഇറങ്ങി ശ്രീനഗര്‍-ജമ്മു ഹൈവേയിലൂടെ 8-10 മണിക്കൂര്‍ വരെ യാത്ര ചെയ്യണം. മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും ട്രാഫിക്ക് ബ്ലോക്കും കാരണം ഈ യാത്ര മണിക്കൂറുകള്‍ പിന്നെയും നീളും. വിമാനമാര്‍ഗമുള്ള യാത്രയുടെ ചെലവും കൂടുതലായിരുന്നു. എന്തെങ്കിലും കാരണത്താല്‍ ഹൈവേ അടച്ചാല്‍ വിമാനകമ്പനികള്‍ 5000 മുതല്‍ 20,000 രൂപ വരെ വിമാനടിക്കറ്റ് ഉയര്‍ത്താറുമുണ്ട്. ഇതിന് പരിഹാരമായാണ് കട്രയില്‍ നിന്നും ബനിഹാള്‍ വഴി ശ്രീനഗറിലേക്ക് റെയില്‍വേ പാത വിഭാവനം ചെയ്തത്.

വളരുന്നത് ടൂറിസം മാത്രമല്ല

താഴ്‌വരയിലെ ടൂറിസത്തിനൊപ്പം വാണിജ്യ ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് പാതയുടെ വികസനം സാധ്യമാക്കിയത്. കശ്മീരില്‍ നിന്നുള്ള ആപ്പിള്‍, കുങ്കുമം, കരകൗശ വസ്തുക്കള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ വേഗത്തില്‍ പ്രധാന വിപണികളിലെത്തും. കൂടുതല്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാ മാര്‍ഗം എത്തിയതോടെ ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ വരവും വര്‍ധിക്കുമെന്നാണ് കരുതുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തോടെ നിലച്ച കശ്മീര്‍ ടൂറിസത്തിന് പുതുവെളിച്ചമാകാന്‍ പദ്ധതിക്കാകും.. കശ്മീരിലെത്താനുള്ള പുതിയ കാരണമായി വന്ദേഭാരത് എക്‌സ്പ്രസ് മാറുമെന്ന് കരുതുന്നവരും ഏറെയാണ്.

എങ്ങനെ കാഴ്ചകള്‍ കാണാം?

കേരളത്തില്‍ നിന്നും ട്രെയിന്‍/ വിമാന മാര്‍ഗം ഡല്‍ഹിയിലെത്തി അവിടെ നിന്നും കട്രയിലേക്ക് ട്രെയിന്‍ കയറുന്നതാണ് ഉചിതം. കട്രയിലേക്ക് കേരളത്തില്‍ നിന്നും നേരിട്ടും ട്രെയിനുണ്ട്. കട്രയില്‍ നിന്നും ശ്രീനഗറിലേക്കുള്ള പാതയില്‍ ബനിഹാള്‍ വരെയുള്ള കാഴ്ചകളാണ് അതിമനോഹരം. രാവിലെ 8.10നാണ് കട്രയില്‍ നിന്നും ബനിഹാളിലേക്കുള്ള വന്ദേഭാരത്. ട്രെയിന്‍ നമ്പര്‍ 26401. ബനിഹാളില്‍ 9.58നും ശ്രീനഗറില്‍ 11.08നുമെത്തും. ഈ ട്രെയിന്‍ 2.00 മണിക്ക് ശ്രീനഗറില്‍ നിന്ന് തിരിച്ച് വൈകുന്നേരം 4.48ന് കട്രയിലെത്തും. ചൊവ്വാഴ്ചകളില്‍ ഈ ട്രെയിനുണ്ടാകില്ല.

മറ്റൊരു ട്രെയിന്‍ ( നമ്പര്‍ 26403) ശ്രീനഗറില്‍ നിന്ന് രാവിലെ 8ന് പുറപ്പെട്ട് 10.58ന് കട്രയിലെത്തും. തിരിച്ച് 2.55ന് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 5.53ന് ശ്രീനഗറിലെത്തും. 4.40ന് ബനിഹാളില്‍ സ്റ്റോപ്പുണ്ട്. 660 രൂപക്ക് ചെയര്‍ കാറും 1,270 രൂപക്ക് എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റും ലഭിക്കും.

PM Modi flags off the inaugural Katra–Srinagar Vande Bharat Express, linking Kashmir Valley to mainland India in just three hours via the USBRL rail corridor.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT