News & Views

റോഡും വൈദ്യുതിയും പോലെ ഇനി എ.ഐയും അടിസ്ഥാന സൗകര്യം, ഇന്ത്യയുടെ ഭാവിക്ക് 'മാനവ്' അവതരിപ്പിച്ച് മോദി, എന്താണത്?

'മാനവ്' ഇന്ത്യയുടെ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മാണത്തിന്റെ ദീര്‍ഘകാല രൂപരേഖയെന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്

Dhanam News Desk

ആഗോള ടെക് ലോകം ഉറ്റുനോക്കിയ ഡല്‍ഹിയിലെ എ.ഐ ഇംപാക്ട് സമ്മിറ്റില്‍ ഇന്ത്യയുടെ എഐ ഭാവിക്കായി മാനവ് (MANAV) എന്ന പേരില്‍ പുതിയ രൂപരേഖ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാനവിന് ഹിന്ദിയില്‍ 'മനുഷ്യന്‍' എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ, മനുഷ്യകേന്ദ്രിതവും മൂല്യാധിഷ്ഠിതവുമായ എഐ വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

'മാനവ്' എന്നാല്‍

പ്രധാനമന്ത്രി വിശദീകരിക്കുന്നതു പ്രകാരം 'മാനവ്' ചുരുക്കപ്പേരാണ്. അതിന്റെ ഓരോ അക്ഷരവും ഇന്ത്യയുടെ എഐ സമീപനത്തെ പ്രതിനിധീകരിക്കുന്നു:

  • M - Moral: നൈതിക അടിസ്ഥാനത്തില്‍ എഐ വികസനം

  • A - Accountable: ഉത്തരവാദിത്തപൂര്‍ണമായ നിയന്ത്രണ സംവിധാനം

  • N - National sovereignty: ഡാറ്റയില്‍ ദേശീയ പരമാധികാരം

  • A - Accessible: എല്ലാവര്‍ക്കും പ്രാപ്യമായ സാങ്കേതികവിദ്യ

  • V - Valid: നിയമാനുസൃതവും വിശ്വസനീയവുമായ സംവിധാനം.

എഐ മനുഷ്യനെ മാറ്റിനിര്‍ത്തുന്നതല്ല, മനുഷ്യനെ ശക്തിപ്പെടുത്തുന്നതാണ് എന്നതിലാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ കുതിപ്പ് വേണം, പക്ഷേ നിയന്ത്രണം നമ്മുടെ കൈകളില്‍ തന്നെയിരിക്കണം.

എഐ ഇനി അടിസ്ഥാന സൗകര്യം

എഐയെ പുതുതലമുറ അടിസ്ഥാനസൗകര്യമായി കാണണമെന്ന ആശയമാണ് സമിറ്റില്‍ പ്രധാന ചര്‍ച്ചയായത്. റോഡുകളും വൈദ്യുതിയും പോലെ തന്നെ ഡാറ്റാ സെന്ററുകള്‍, ചിപ് നിര്‍മാണം, ക്ലൗഡ് സൗകര്യങ്ങള്‍, ഭാഷാ മോഡലുകള്‍ എന്നിവ രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ - ആധാര്‍, യു.പി.ഐ, ഡിജിലോക്കര്‍ എന്നിവ - ലോകത്തിന് മാതൃകയായതുപോലെ, എഐയിലും ഇന്ത്യക്ക് സമാനമായ മാതൃക സൃഷ്ടിക്കാനാകുമെന്ന ആത്മവിശ്വാസം സമ്മേളനത്തില്‍ പ്രകടമായി.

ആഗോള ശ്രദ്ധ, ആഭ്യന്തര ലക്ഷ്യം

20ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും മുന്‍നിര ടെക് കമ്പനികളുടെ തലവന്മാരും പങ്കെടുത്ത ഈ ഉച്ചകോടി ഇന്ത്യയുടെ എഐ സാധ്യതകള്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തി. അതേസമയം, ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങളും വ്യക്തമാണ്:

  • കൃഷിയില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍

  • ആരോഗ്യരംഗത്ത് ഡാറ്റ അടിസ്ഥാനമാക്കിയ ചികിത്സ

  • ഭാഷാ വൈവിധ്യത്തിന് അനുയോജ്യമായ ഇന്ത്യന്‍ എഐ മോഡലുകള്‍

  • സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ പിന്തുണ

തൊഴില്‍ നഷ്ടമോ, പുതിയ അവസരങ്ങളോ?

എഐ വരുമ്പോള്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്ക സാധാരണമാണ്. എന്നാല്‍ സമ്മേളനത്തില്‍ ഉയര്‍ന്ന അഭിപ്രായം വ്യത്യസ്തമായിരുന്നു. സാങ്കേതിക മാറ്റങ്ങള്‍ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുമെന്നും, സ്‌കില്ലിംഗ്, റിസ്‌കില്ലിംഗ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ പോലുള്ള യുവജനസംഖ്യയേറിയ രാജ്യത്തിന് ഇത് വെല്ലുവിളിയും അവസരവുമാണ്.

'മാനവ്' ഇന്ത്യയുടെ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മാണത്തിന്റെ ദീര്‍ഘകാല രൂപരേഖയെന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഡാറ്റാ സുരക്ഷ, ചിപ് നിര്‍മാണം, ഇന്ത്യന്‍ ഭാഷകളില്‍ എഐ മോഡലുകള്‍, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യാപകമായ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോകം എഐ നിയന്ത്രണ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ഈ മനുഷ്യകേന്ദ്രിത സമീപനം ശ്രദ്ധേയമാകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT