News & Views

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി മോദി; കാരണങ്ങള്‍ ഇതാണ്

ചരിത്രപരമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്ന തീരുമാനമാണ് പിന്‍വലിക്കപ്പെട്ടിരിക്കുന്നത്

Dhanam News Desk

ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ മുന്‍നിലപാടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തന്ത്രപരമായ നീക്കമോ? 704 കര്‍ഷകരുടെ ജീവത്യാഗം കൊണ്ടുകൂടിയാണ് ഒരു വര്‍ഷമായി തുടര്‍ന്നുവരുന്ന കര്‍ഷക സമരം ഇന്ത്യയുടെ ചരിത്രത്തില്‍ ഇടം നേടുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നതും സത്യാഗ്രഹ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാത്ത കര്‍ഷക സംഘടനകളുടെ നിലപാടും കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

രാജ്യത്ത് സമരം ചെയ്യുന്ന പ്രതിഷേധക്കാരെ കൊന്നൊടുക്കിയ നടപടി ജനരോഷം ആളിക്കത്തിച്ചിരുന്നു. അതിനിടെ കോടതികളുടെ ശക്തമായ നിലപാടുകളും കേന്ദ്രത്തെ തീരുമാനം പിന്‍വലിക്കില്ലെന്ന മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നിര്‍ണായകം

കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2020 ആഗസ്ത് 9നാണ് പഞ്ചാബില്‍ കര്‍ഷക സമരം ആരംഭിച്ചത്. പഞ്ചാബിന്റെ സമ്പദ് സമൃദ്ധിക്ക് പിന്നില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മണ്ഡികളെ തച്ചുതകര്‍ക്കുന്ന കര്‍ഷക ബില്ലിന് എതിരെ അചഞ്ചലമായാണ് പഞ്ചാബിലെ കര്‍ഷകര്‍ നിലകൊണ്ടത്.

പഞ്ചാബില്‍ ഏകദേശം 425 ഓളം മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കര്‍ശനമായ ചട്ടക്കൂടില്‍ നിന്നാണ് ഇവയുടെ പ്രവര്‍ത്തനം. ഇവയില്‍ പിരിക്കുന്ന ഫീസിന്റെ നിശ്ചിത ശതമാനം വിനിയോഗിച്ചാണ് ഗ്രാമീണ മേഖലയില്‍ പുനര്‍നിക്ഷേപം നടത്തുന്നത്. പഞ്ചാബിലെ കര്‍ഷകരുടെയും ഗ്രാമീണ മേഖലയുടെയും ഉന്നമനത്തിന് മണ്ഡികള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

മാസവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ശരാശരിയില്‍ തന്നെ ഉയര്‍ന്നതാണ് പഞ്ചാബിലെ കര്‍ഷകര്‍. അതുപോലെ തന്നെ പഞ്ചാബിലെ ഉല്‍പ്പാദന ക്ഷമതയും ഏഷ്യയില്‍ തന്നെ ഉയര്‍ന്നതാണ്. പഞ്ചാബിന്റെ കാര്‍ഷികമേഖലയുടെ നട്ടെല്ലായ മണ്ഡി സംവിധാനമാണ് ഇത്രയും സിസ്റ്റമാറ്റിക്കായ രീതിയില്‍ അവിടെ കാര്‍ഷിക മേഖല മുന്നേറാന്‍ കാരണം.

കേന്ദ്രം നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും ഇതുവരെ പിന്നോട്ട് പോകാതിരുന്നിട്ടും പഞ്ചാബിലെ കര്‍ഷകര്‍ പാതിവഴിയില്‍ സമരം ഉപേക്ഷിച്ചുമില്ല. പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാവുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ കാര്യമെടുത്താല്‍ 2022 ഫെബ്രുവരി - മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ കേന്ദ്രത്തിന്റെ ബില്ലിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 80 ലോക് സഭാ സീറ്റുകളും 403 നിയമസഭാ മണ്ഡലങ്ങളുമുള്ള ഉത്തര്‍പ്രദേശ് ബിജെപി സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ സംസ്ഥാനമാണ്. ഉത്തര്‍പ്രദേശ് കൂടി ബിജെപിയെ കൈവിട്ടാല്‍ രാജ്യത്ത് ബിജെപിയുടെ പ്രഭാവത്തിന് മങ്ങല്‍ ഏല്‍ക്കും.

നിലവില്‍ പശ്ചിമബംഗാളില്‍ മമത ബാനര്‍ജി ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം ഉത്തര്‍പ്രദേശിനെ പോലെ വളരെ വലിയ സംസ്ഥാനവും എതിര്‍ചേരിയില്‍ വന്നാല്‍ കേന്ദ്ര സര്‍ക്കാരിന് തലവേദന കൂടും. ലഖിംപൂര്‍ കൊലയും അതില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്കും ബിജെപിയുടെയും കേന്ദ്രത്തിന്റെയും മുഖത്ത് കരിവാരിത്തേച്ചിരുന്നു.

ഹിന്ദുവാദം ഉയര്‍ത്തി ബിജെപി ശക്തികേന്ദ്രങ്ങളിലെ ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പടിഞ്ഞാറന്‍ യുപിയിലടക്കം ജാതിമത ഭേദമന്യേ കര്‍ഷകര്‍ കര്‍ഷക ബില്ലിനെതിരെ ശബ്ദം ഉയര്‍ത്തിയത് വോട്ട് ബാങ്കില്‍ ചോര്‍ച്ച വരുത്തുന്നുവെന്ന തിരിച്ചറിവും ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

അതിനിടെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ പിന്‍വലിക്കും വരെ സമരമുഖത്തുള്ള കര്‍ഷകര്‍ പിരിഞ്ഞ് പോകില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികൈത് ട്വീറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, കാര്‍ഷികവിളകളുടെ താങ്ങുവില സംബന്ധിച്ചും കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ നീക്കത്തിനെതിരെയും പ്രതിഷേധം

അതിനിടെ കര്‍ഷകര്‍ ബില്ലുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രം തീരുമാനത്തിനെതിരെയും പലരും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ കാര്‍ഷിക മേഖലയെ പരിഷ്‌കരിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നത് രാജ്യതാല്‍പ്പര്യത്തിന് നിരക്കില്ലെന്ന വാദമാണ് ഇവരുടേത്.

അടുത്തിടെ എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ നിക്ഷേപം നടത്തുന്ന ലോകപ്രശസ്ത നിക്ഷേപകര്‍ പോലും ഇന്ത്യന്‍ ഓഹരി വിപണി വെട്ടിത്തിളങ്ങുമെന്ന് അവകാശപ്പെട്ടത് ഇതുപോലുള്ള പരിഷ്‌കരണ നടപടികളെ ചൂണ്ടിക്കാട്ടിയാണ്.

കോര്‍പ്പറേറ്റുകള്‍ക്കും മൂലധന വിപണിക്കും സന്തോഷം പകര്‍ന്നിരുന്ന പരിഷ്‌കാരങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞത് വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്നതും നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഈ നീക്കം രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുമെന്ന നിരീക്ഷണവും ചില കോണുകളില്‍ നിന്നുയരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT