Image courtesy: Canva
News & Views

11 കോടിയുടെ ബാങ്ക് തട്ടിപ്പ്: SMS അലേർട്ടുകൾ തടഞ്ഞു, അക്കൗണ്ട് ഉടമകൾ അറിഞ്ഞില്ല; ജീവനക്കാർ തിരിമറി നടത്തിയത് എങ്ങനെ?

സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്നും സ്ഥിര നിക്ഷേപങ്ങളിൽ നിന്നും തങ്ങളുടെ അറിവില്ലാതെ ഗണ്യമായ തുകകൾ അപ്രത്യക്ഷമായതായി ആരോപിച്ച് നിരവധി പിഎൻബി ഉപഭോക്താക്കൾ രംഗത്ത്

Dhanam News Desk

അക്കൗണ്ട് ഉടമകളുടെ പണം വ്യാപകമായി തിരിമറി നടത്തിയതിനെ തുടർന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ബാങ്ക് മാനേജ്‌മെന്റ്. 11 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതിന്റെ പരാതികളാണ് നിലവില്‍ ലഭിച്ചിട്ടുളളത്. എന്നാൽ സേവിംഗ്സ് അക്കൗണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 35 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുളളതായി ചില ഉപഭോക്താക്കൾ ആരോപിക്കുന്നു.

യു.പി ഗ്രേറ്റര്‍ നോയിഡയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ബ്രാഞ്ചിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക വിലയിരുത്തലിൽ തട്ടിപ്പ് തുക 10 കോടിയിൽ താഴെയാണെന്നാണ് ബാങ്ക് പറയുന്നത്. വിഷയം വിശദമായ അന്വേഷണത്തിനായി സിബിഐക്ക് (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍) കൈമാറിയിരിക്കുകയാണ്. 12 ജീവനക്കാരെ ബാങ്ക് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.

തട്ടിപ്പ് നടന്ന രീതി

ബ്രാഞ്ചിലെ ഒരു വനിതാ ജീവനക്കാരി പുറത്തുള്ള ചില വ്യക്തികളുമായി ചേർന്ന് ബ്രാഞ്ച് മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ രഹസ്യ പാസ്‌വേഡുകൾ ഉപയോഗിച്ച് അനധികൃതമായി തുക കൈമാറ്റം ചെയ്തുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ബ്രാഞ്ച് മാനേജർ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട എസ്.എം.എസ് അലേർട്ടുകൾ തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു.

സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്നും സ്ഥിര നിക്ഷേപങ്ങളിൽ നിന്നും തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെ ഗണ്യമായ തുകകൾ അപ്രത്യക്ഷമായതായി ആരോപിച്ച് നിരവധി പിഎൻബി ഉപഭോക്താക്കൾ രംഗത്തെത്തിയിരിക്കുകയാണ്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എസ്എംഎസ് അലേർട്ടുകൾ ലഭിക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാന്‍ വൈകുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ബാങ്ക് ജീവനക്കാര്‍ അതി സമര്‍ത്ഥമായാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

നിയമനടപടികളും അടിയന്തര പരിഹാരവും

ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ (BNS) സെക്ഷൻ 316(5) പ്രകാരം ക്രിമിനൽ വിശ്വാസവഞ്ചനയ്ക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് 43 ലക്ഷം രൂപ വരുന്ന മൂന്ന് ക്ലെയിമുകൾ ബാങ്ക് ഇതിനകം പരിഹരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ എല്ലാ ന്യായമായ അവകാശവാദങ്ങളും പരിഗണിക്കുമെന്നും പണം തിരികെ നൽകുമെന്നും ബാങ്ക് ഉറപ്പുനൽകിയിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT