പ്രമേഹത്തിനുള്ള പ്രധാന മരുന്നുകളുടെ വില വലിയ തോതില്‍ കുറയും. പ്രമേഹ മരുന്നായ എംപാഗ്ലിഫ്ലോസിനില്‍ ജർമ്മൻ ഫാർമ കമ്പനിയായ ബോഹ്രിംഗർ ഇംഗൽഹൈമിന്റെ പേറ്റന്റ് കാലാവധി മാർച്ച് 11 ന് അവസാനിക്കുമെന്ന് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇന്ത്യൻ ഫാർമ കമ്പനികൾക്ക് താങ്ങാനാവുന്ന വിലയിൽ പ്രമേഹ മരുന്നുകള്‍ പുറത്തിറക്കാൻ സഹായകരമാണ്.
പ്രമേഹം, ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ എംപാഗ്ലിഫ്ലോസിൻ ഉപയോഗിക്കുന്നു. ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് തടയാൻ എംപാഗ്ലിഫ്ലോസിൻ വൃക്കകളിൽ പ്രവർത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
10.1 കോടിയിലധികം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് 2023 ലെ ഐസിഎംആർ പഠനം വ്യക്തമാക്കുന്നത്. നിലവിൽ ഒരു ടാബ്‌ലെറ്റിന് 60 രൂപ വിലയാണ് എംപാഗ്ലിഫ്ലോസിൻ മരുന്നിനുളളത്. പുതിയ സാഹര്യത്തില്‍ 9 മുതൽ 14 രൂപ വരെ വിലയ്ക്ക് മരുന്ന് ലഭ്യമാകുമെന്നാണ് കരുതുന്നത്. 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ പ്രമേഹ രോഗികളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുന്നതാണ്.
മാൻകൈൻഡ് ഫാർമ, ടോറന്റ്, ആൽക്കെം, ഡോ. റെഡ്ഡീസ്, ലുപിൻ തുടങ്ങിയവയാണ് ഈ മരുന്ന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍നിര കമ്പനികള്‍. പ്രമേഹ മരുന്നുകളുടെ വില കുറയുന്നത് മരുന്നു കമ്പനികളുടെ ഓഹരികളുടെ മുന്നേറ്റത്തിനും കാരണമാകുമെന്നാണ് കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine