x.com/CMShehbaz, canva
News & Views

ഒരു ലിറ്റര്‍ പാലിന് 150 രൂപ! നെയ് വാങ്ങാന്‍ 2,850, പഞ്ചസാരയ്ക്ക് 180 രൂപ; പാക്കിസ്ഥാനില്‍ സര്‍വത്ര കുഴപ്പം! ആക്രമണത്തിനു പിന്നാലെ പരക്കം പാഞ്ഞ് ഷെരീഫ് സര്‍ക്കാര്‍

പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ അവശ്യവസ്തുക്കളുടെ വില എത്രത്തോളം പിടിവിട്ട അവസ്ഥയിലാണെന്ന് തെളിയിക്കുന്നതാണ് പാല്‍ വില. ഒരു ലിറ്റര്‍ പാലിന് 150 രൂപ വരെയായിരുന്നു ഏപ്രില്‍ 27ലെ നിരക്ക്

Dhanam News Desk

അതിര്‍ത്തി കടന്നുകയറി സൈനിക ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനില്‍ അവശ്യ സാധനങ്ങളുടെ വില വലിയ തോതില്‍ കുതിക്കുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിനു മുമ്പ് തന്നെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ പാക്കിസ്ഥാന് പുതിയ സംഭവവികാസങ്ങള്‍ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വരവ് നിലച്ചതോടെ മെഡിക്കല്‍ രംഗത്തും പ്രശ്‌നങ്ങള്‍ ഇടലെടുത്തിട്ടുണ്ട്.

സമീപവര്‍ഷങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും തുടര്‍ച്ചയായി പാക്കിസ്ഥാന് നേരിടേണ്ടി വന്നിരുന്നു. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം വലിയ തോതില്‍ ഇടിയാന്‍ ഇതു വഴിയൊരുക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വില വലിയ തോതില്‍ ഉയര്‍ന്നിരുന്നു.

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഏപ്രില്‍ 28ന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു കിലോ പഞ്ചസാരയ്ക്ക് 180 രൂപയും ഇത്രയും അളവ് നെയ് വാങ്ങുന്നതിന് 2,900 രൂപയും നല്കണമെന്നാണ്. ഒരുകിലോ കോഴിയിറച്ചിക്ക് ഒരു മാസം മുമ്പ് ഇസ്ലാമാബാദിലെ വില 900 രൂപ മുതല്‍ 1,200 രൂപ വരെയാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

ഒരു ലിറ്റര്‍ പാലിന് 150 രൂപ വരെ

പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ അവശ്യവസ്തുക്കളുടെ വില എത്രത്തോളം പിടിവിട്ട അവസ്ഥയിലാണെന്ന് തെളിയിക്കുന്നതാണ് പാല്‍ വില. ഒരു ലിറ്റര്‍ പാലിന് 150 രൂപ വരെയായിരുന്നു ഏപ്രില്‍ 27ലെ നിരക്ക്. ഇന്ത്യയുടെ ആക്രമണ പശ്ചാത്തലത്തില്‍ പൂഴ്ത്തിവയ്പുകാര്‍ വില ഉയര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

കാര്യമായ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍ പാക്കിസ്ഥാനില്‍ അവശ്യവസ്തുക്കളുടെ വില തോന്നിയപടിയാണ്. അടുത്തടുത്തുള്ള മാര്‍ക്കറ്റുകളില്‍ പോലും വിലയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാറുണ്ട്. സര്‍ക്കാരിന്റെ നിരീക്ഷണവും നടപടികളും ദുര്‍ബലമായതാണ് ഇതിനു കാരണം.

പഞ്ചസാര വിലയിലും ഈ മാറ്റം പ്രകടമാണ്. ഒരാഴ്ച്ച മുമ്പുവരെ കറാച്ചി മാര്‍ക്കറ്റില്‍ പഞ്ചസാര വില 175 രൂപയായിരുന്നു. ക്വറ്റയിലാകട്ടെ 164 രൂപയും. മറ്റ് ചിലയിടങ്ങളില്‍ 190 രൂപയും ചെറുകിട കച്ചവടക്കാര്‍ ഈടാക്കിയിരുന്നു. ഇന്ത്യയില്‍ 50-55 രൂപയാണ് പഞ്ചസാര വില.

നാരങ്ങ കയ്ക്കും

250 ഗ്രാം ചെറുനാരങ്ങ പാക്കിസ്ഥാനില്‍ വില്ക്കുന്നത് 234 പാക്കിസ്ഥാനി രൂപയ്ക്കാണ്. ഒരു കിലോയുടെ വില 1,000 രൂപയ്ക്കടുത്ത് വരും. ഉത്പാദനം കുറഞ്ഞതോടെ മാര്‍ക്കറ്റിലേക്കുള്ള വരവ് കുറഞ്ഞതാണ് വില അടിച്ചു കയറാന്‍ കാരണം. മറ്റ് പ്രധാന ഭക്ഷ്യവിഭവങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ പാക്കിസ്ഥാന്‍ കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റിയിട്ടുണ്ട്. സര്‍ക്കാരിനെതിരേ വലിയ രോഷമുയരാനും വിലക്കയറ്റം കാരണമായിട്ടുണ്ട്.

ബലൂചിസ്ഥാനിലും അഫ്ഗാന്‍ അതിര്‍ത്തിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതും പാക് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇന്ത്യയ്‌ക്കെതിരേ പാക് നഗരങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇത്തവണ അത്തരത്തില്‍ കാര്യമായ പ്രക്ഷോഭങ്ങള്‍ ഉണ്ടായില്ലെന്നത് പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ സൂചനകളാണ് നല്കുന്നത്.

Essential commodity prices skyrocket in Pakistan post-Indian strike, triggering public distress and political tension

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT