രാജ്യത്ത് സംരംഭകത്വം വളര്‍ത്തുന്നതിനായി നിരവധി സ്‌കീമുകളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. നിരവധി പേരെ സംരംഭകരാക്കിയ മുദ്ര ലോണ്‍ പദ്ധതിയുടെ വിജയത്തിനുശേഷം ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രൈംമിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (PMEGP).
കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതികളിലൊന്നാണ് ഇപ്പോഴിത്. തൊഴിലില്ലാത്ത യുവാക്കള്‍ക്കും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കുമായി ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ നല്കുന്ന പദ്ധതിയാണിത്. വായ്പ തിരിച്ചടവില്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും.
നിങ്ങള്‍ ഒരു നിര്‍മാണ ബിസിനസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ 50 ലക്ഷം രൂപ വരെ വായ്പ കിട്ടും. സേവനങ്ങള്‍ക്കാണെങ്കില്‍ ഇത് 20 ലക്ഷം രൂപ വരെയാണ്. നിര്‍മാണ മേഖലയ്ക്ക് കൂടുതല്‍ ചെലവ് വരുമെന്നതിനാലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാലുമാണ് വിഹിതം കൂടുതല്‍ ലഭിക്കുന്നത്.
ജനറല്‍ കാറ്റഗറിയിലുള്ള അപേക്ഷകന് പ്രൊജക്ടിന്റെ മൊത്തം ചെലവിന്റെ 10 ശതമാനം കൈയില്‍ നിന്ന് വഹിക്കണം. സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍, വികലാംഗര്‍ എന്നിവര്‍ക്ക് 5 ശതമാനം തുക കൈയില്‍ നിന്നിട്ടാല്‍ മതി. ബാക്കി തുക സ്‌കീം വഴി ലഭിക്കും.
അപേക്ഷകന്റെ പ്രായപരിധി കുറഞ്ഞത് 18 വയസായിരിക്കണം.
മുമ്പ് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് സംരംഭം തുടങ്ങാന്‍ സഹായം ലഭിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.
ഉദ്യം പോര്‍ട്ടലില്‍ സംരംഭം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.
നിര്‍മാണ മേഖലയില്‍ 10 ലക്ഷവും സേവന മേഖയില്‍ 5 ലക്ഷം രൂപയും കൂടുതല്‍ ചെലവു വരുന്ന പദ്ധതികളില്‍ അപേക്ഷകന് എട്ടാംക്ലാസ് യോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.
1. ജാതി സര്‍ട്ടിഫിക്കറ്റ്
2. ഗ്രാമീണ മേഖല സര്‍ട്ടിഫിക്കറ്റ്
3. പദ്ധതി റിപ്പോര്‍ട്ട്
4. വിദ്യാഭ്യാസ, നൈപുണ്യ വികസന പരിശീലന സര്‍ട്ടിഫിക്കറ്റ്
5. ആവശ്യപ്പെടുന്ന മറ്റ് രേഖകള്‍
www.kviconline.gov.in/pmegpeportal/pmegphome/index.jsp ഈ ലിങ്ക് വഴി പദ്ധതിയില്‍ അപേക്ഷിക്കാം. പേര്, സ്‌പോണ്‍സറിംഗ് ഏജന്‍സി തുടങ്ങി ആവശ്യമായ മുഴുവന്‍ വിവരങ്ങളും നല്കി ഓണ്‍ലൈനായി പൂരിപ്പിക്കുക. അപ്‌ലോഡ് ചെയ്ത് കഴിയുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ആപ്ലിക്കേഷൻ ഐ.ഡിയും പാസ്‌വേഡും ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine