വെറും മൂന്ന് മലയാള ചിത്രങ്ങള്‍ ചേര്‍ന്ന് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത് 750 കോടി രൂപ. എന്നിട്ടും മലയാള സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്ക് മടി. സമീപകാലത്ത് ദൃശ്യമാകാത്ത ഒരു പ്രതിസന്ധിയാണ് മലയാള സിനിമയിപ്പോള്‍ നേരിടുന്നത്. പുതിയ പ്രോജക്ടുകള്‍ കുത്തനെ ഇടിയുന്ന പ്രവണതയാണ് ഈ വര്‍ഷം. ഓരോ വര്‍ഷവും 200 സിനിമകള്‍ക്കു മുകളില്‍ റിലീസ് ചെയ്തിരുന്നു അടുത്ത കാലം വരെ. എന്നാല്‍ ഈ വര്‍ഷം 150 പോലും കടക്കാനുള്ള സാധ്യത കുറവാണെന്നാണ് സിനിമമേഖലയിലുള്ളവര്‍ പറയുന്നത്.
ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ്. പ്രതിമാസം 20 ചിത്രങ്ങളെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നു അടുത്ത കാലം വരെ. എന്നാല്‍ ഈ മാസം രജിസ്റ്റര്‍ ചെയ്തത് വെറും 8 എണ്ണം മാത്രം. 2024ല്‍ 207 സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ഇത്തവണ ഈ സംഖ്യ കുറയുകയാണ്. പുതിയ നിര്‍മാതാക്കള്‍ വരാത്തതാണ് ഇതിന് കാരണം.
ലോക, തുടരും, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ തീയറ്ററിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് മാത്രമേ ആളുകള്‍ തീയറ്ററിലേക്ക് എത്തുന്നുള്ളൂ. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മാത്രമാണ് ആദ്യ ദിവസങ്ങളില്‍ തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ സാധിക്കുന്നത്. ഫാമിലി ഓഡിയന്‍സ് ഉള്‍പ്പെടെ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് തീയറ്ററിലേക്ക് പോകാനാണ് താല്പര്യപ്പെടുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായി മാറിയ 'ലോക' ഇതിന് ഉദാഹരണമാണ്.
പത്തില്‍ താഴെ ചിത്രങ്ങളാണ് ഈ വര്‍ഷം മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. ബാക്കിയുള്ള ചിത്രങ്ങളെല്ലാം നിര്‍മാതാവിന്റെ പോക്കറ്റ് കാലിയാക്കി. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടാതായിരിക്കുന്നു. മലയാള സിനിമയെ ഇനി നിയന്ത്രിക്കുക ഒടിടി പ്ലാറ്റ്‌ഫോമുകളായിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ് കുറച്ചുകാലം മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. സംഭവിച്ചത് പക്ഷേ നേരെ തിരിച്ചാണ്.
തീയറ്ററില്‍ വിജയിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് ഒടിടി കമ്പനികള്‍ എടുക്കുന്നത്. ബാക്കിയുള്ള ചിത്രങ്ങള്‍ റവന്യു ഷെയറിംഗ് രീതിയിലേക്ക് മാറി. തീയറ്ററിലാണെങ്കിലും ഒടിടിയിലാണെങ്കിലും ചിത്രം ക്ലിക്കായില്ലെങ്കില്‍ വരുമാനം കിട്ടില്ലെന്ന് സാരം.
ലോക, തുടരും, എംപുരാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ചതിന്റെ പകുതി കളക്ഷന്‍ പോലും ബാക്കിയുള്ള സിനിമകള്‍ക്കെല്ലാം കൂടി ലഭിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തീയറ്ററില്‍ തിരിച്ചടി നേരിട്ട വലിയ നഷ്ടം സംഭവിക്കുമെന്ന തിരിച്ചറിവ് ഈ മേഖലയില്‍ പണംമുടക്കാനെത്തുന്നവരെ പിന്തിരിപ്പിക്കുന്നുണ്ട്. സാറ്റലൈറ്റ് വരുമാനം തീര്‍ത്തും നിലച്ചു. ചാനലുകള്‍ ഇപ്പോള്‍ സിനിമകളുടെ അവകാശം സ്വന്തമാക്കാന്‍ കാര്യമായി പണംമുടക്കുന്നില്ല. ഒടിടി വരുമാനം അടിച്ചുകയറിയ സമയത്ത് താരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. വരുമാനം നിലച്ചിട്ടും ഇത് കുറയ്ക്കാന്‍ തയാറായിട്ടില്ല.
മുമ്പ് പത്തുകോടിയില്‍ താഴെ ബജറ്റില്‍ ഇടത്തരം സിനിമകള്‍ ഇറങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത് 20-30 കോടിയെങ്കിലും മുടക്കേണ്ട അവസ്ഥയിലെത്തി. പല ചിത്രങ്ങളും കണക്കുകൂട്ടിയ ബജറ്റില്‍ തീര്‍ക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. അഭിനേതാക്കളുടെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന ആരോപണം നിര്‍മാതാക്കള്‍ക്കുണ്ട്.
5000ത്തിലേറെ തൊഴിലാളികള്‍ മലയാള സിനിമയെ ആശ്രയിച്ചു കഴിയുന്നുണ്ട്. തീയറ്റര്‍ ഉള്‍പ്പെടെ അനുബന്ധ മേഖലയിലുള്ളവര്‍ വേറെയും. ഇവരില്‍ പലരും ഇപ്പോള്‍ മറ്റ് ജോലികള്‍ക്ക് പോയാണ് ഉപജീവനം നടത്തുന്നത്. മുമ്പ് ഇടവേളകളില്ലാതെ ഒരു സെറ്റില്‍ നിന്ന് അടുത്തതിലേക്ക് പോയിരുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സിനിമ കഴിഞ്ഞ് വലിയ ഇടവേള എടുക്കേണ്ടി വരുന്നു.
സിനിമരംഗത്ത് അനിശ്ചിതത്വം ഉടലെടുക്കുന്നത് ഈ മേഖലയുമായി നേരിട്ട് ബന്ധപ്പെടുന്നവരെ മാത്രമല്ല ബാധിക്കുന്നത്. സിനിമ പ്രമോഷന്‍ നടത്തുന്നവര്‍ മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവരെ വരെ പ്രതിസന്ധിയിലാക്കും. മറ്റ് സംസ്ഥാനങ്ങളിലെ പോലെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ സഹായം വേണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.
Read DhanamOnline in English
Subscribe to Dhanam Magazine