News & Views

മദ്യത്തിന് അനുമതി കിട്ടിയതിന് പിന്നാലെ പൊടിപൊടിച്ച് ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടം

അന്വേഷണങ്ങളില്‍ 500 ശതമാനം വര്‍ധന

Dhanam News Desk

ഗുജറാത്തിലെ 'ഗിഫ്റ്റ് സിറ്റി'യില്‍ മദ്യത്തിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ നീക്കിയതോടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം കുതിച്ചുയര്‍ന്നു. വെറും അഞ്ച് ദിവസത്തിനുള്ളില്‍ 500 കോടി രൂപ മൂല്യം വരുന്ന പ്രോപ്പര്‍ട്ടികളാണ് വില്‍പ്പന കരാറായത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായാണ് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ (Gifty City) പ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്ക് ഇത്രയും ഉയര്‍ന്ന ഡിമാന്‍ഡുണ്ടാകുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ഏകദേശം 300 യൂണിറ്റിനടുത്ത് കൊമേഴ്‌സ്യൽ, റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വിറ്റുപോയി. മദ്യനിരോധന വിലക്ക് നീക്കിയപ്പോള്‍ മുതല്‍ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള അന്വേഷണം 500 ശതമാനത്തോളം ഉയര്‍ന്നെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയോടുള്ള ആദരസൂചകമായി മദ്യ നിര്‍മ്മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് അദ്ദേഹത്തിന്റെ ജന്മദേശം കൂടിയായ ഗുജറാത്ത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിമാനത്താവളങ്ങള്‍, ആംഡംബര ഹോട്ടലുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവിടങ്ങളില്‍ മദ്യ വില്‍പ്പനയും ഉപയോഗവും കടുത്ത നിബന്ധനകളോടെ അനുവദിച്ചിട്ടുണ്ട്. ഇതേ മാതൃകയിലാണ് ഇപ്പോള്‍ ഗിഫ്റ്റ് സിറ്റിക്കും ഇളവ് നല്‍കിയിരിക്കുന്നത്.

കൂടുതൽ  നിക്ഷേപം ആകർഷിക്കാൻ 

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന നികുതി-സൗഹൃദ ധനകാര്യ ബിസിനസ് മേഖലയാണ് ഗിഫ്റ്റ് സിറ്റി. കൂടുതല്‍ കമ്പനികളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മദ്യച്ചട്ടത്തില്‍ ഇളവ് അനുവദിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന വിദേശികളുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും അതിഥികള്‍ക്കുമായാണ് മദ്യം വിളമ്പാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗിഫ്റ്റ് സിറ്റിയിലെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ക്ലബുകള്‍ എന്നിവയ്ക്കാണ് അനുമതി. അതേസമയം, മദ്യം കുപ്പിയിലാക്കി വിതരണം ചെയ്യാന്‍ അനുമതിയില്ല. താത്കാലിക പെര്‍മിറ്റ് നല്‍കിയാണ് സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം അനുവദിക്കുക. വൈന്‍ ആന്‍ഡ് ഡൈന്‍ അനുമതി ലഭിച്ചതോടെ ഇവിടേക്ക് പുറത്തു നിന്ന് കൂടുതല്‍ മദ്യം ഒഴുകുന്നത് തടയുന്നതായി ഗിഫ്റ്റ് സിറ്റിയുടെ ഔട്ട് പോസ്റ്റിലെ പൊലീസ് സ്റ്റേഷന്‍ പൂര്‍ണ സജ്ജമാക്കി വരുന്നു.

18 ടവറുകള്‍ 470 കമ്പനികള്‍

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗിഫ്റ്റ് സിറ്റിയെ അത്യാധുനിക ഫിനാന്‍സ് ടെക് ഹബ് ആക്കി മാറ്റാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നു. നിയമങ്ങളിലും നികുതി പരിഷ്‌കരണങ്ങളിലുമുള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ഗജറാത്ത് സര്‍ക്കാരിന്റെയും പിന്തുണയുള്ള ഗിഫ്റ്റ് സിറ്റിയില്‍ 18 ടവറുകളിലായി 470 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്.എസ്.ബി.സി, ജെ.പി മോര്‍ഗാന്‍, ബാര്‍ക്ലെയ്‌സ് അടക്കമുള്ള മള്‍ട്ടി നാഷണല്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഗിഫ്റ്റി നിഫ്റ്റി അടക്കം രണ്ട് അന്താരാഷ്ട്ര സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.

ഇവിടെ 2.2 കോടി സ്‌ക്വയര്‍ഫീറ്റ് ഏരിയയില്‍ 30 അധിക ടവറുകള്‍ നിര്‍മിക്കാന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ 14 ടവറുകള്‍ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT