News & Views

വരുമാനം കണ്ടെത്താന്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ പൊതുമേഖല സ്ഥാപനങ്ങള്‍; കൈയിലുള്ള സ്ഥലം ഇനി വെറുതെയിടില്ല!

തനത് വരുമാനത്തില്‍ നിന്ന് മാറി അധികവരുമാനം നേടുകയെന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പുതിയ വഴികള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ പരീക്ഷിക്കുന്നത്

Dhanam News Desk

അധിക വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ പെട്രോള്‍ പമ്പ് നടത്തിപ്പില്‍ സജീവമാകുന്നു. ദേശീയ പാതയോരത്തും തിരക്കേയറിയ റോഡുകള്‍ക്കരികിലും സ്വന്തമായി സ്ഥലമുള്ള സ്ഥാപനങ്ങളാണ് പെട്രോള്‍ പമ്പ് നടത്തി അധിക വരുമാനം കണ്ടെത്താന്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്.

ആലപ്പുഴയിലുള്ള ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ പമ്പ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇത് അധികം വൈകാതെ ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡും പെട്രോള്‍ പമ്പ് ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കടല്‍ത്തീരങ്ങളിലാകും മത്സ്യഫെഡിന്റെ പമ്പുകള്‍ വരുന്നത്. മത്സ്യബന്ധ ബോട്ടുകള്‍ക്ക് ഇന്ധനം നല്കുകയെന്ന ഉദ്ദേശവും മത്സ്യഫെഡിനുണ്ട്.

കായംകുളത്ത് റോഡരികില്‍ സ്ഥലമുള്ള ആലപ്പി സഹകരണ സ്പിന്നിംഗ് മില്‍, കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍ എന്നിവയും പമ്പുകള്‍ തുടങ്ങുകയാണ്. ടെക്‌സ്റ്റൈല്‍ കോര്‍പറേഷനു കീഴിലാണ് ഈ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ജീവനക്കാരെ പുനക്രമീകരിച്ച് പെട്രോള്‍ പമ്പ് നടത്തുകയാണ് ലക്ഷ്യം.

അധികവരുമാനം ലക്ഷ്യം

കോഴിക്കോടും ആലപ്പുഴയിലും കയര്‍ഫെഡിന്റെ ഉടമസ്ഥതയില്‍ പമ്പ് വരുന്നുണ്ട്. ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാവുന്ന രീതിയിലാണ് പമ്പ് ക്രമീകരിക്കുന്നത്.

സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനാണ് തുടങ്ങിയത്. തനത് വരുമാനത്തില്‍ നിന്ന് മാറി അധികവരുമാനം നേടുകയെന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പുതിയ വഴികള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ പരീക്ഷിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് കണ്ണായ ഭൂമി കിടപ്പുണ്ട്. ഇത്തരത്തില്‍ വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി വരുമാനം കണ്ടെത്തുകയെന്ന നയം അടുത്തിടെ സര്‍ക്കാര്‍ പൊടിതട്ടിയെടുത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT