തീയേറ്റര്‍ നടത്തിപ്പ് കൂടുതല്‍ ചെലവേറിയതായി മാറിയതോടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്താന്‍ പി.വി.ആര്‍ ഐനോക്‌സ്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസിംഗ് കുറഞ്ഞതും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തുന്ന മത്സരവും മറികടക്കാന്‍ ചെറുനഗരങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പി.വി.ആറിന്റെ പദ്ധതി.
ചെറുകിട നഗരങ്ങളില്‍ വിനോദസാധ്യതകള്‍ കുറവാണെന്നതും കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് സ്മാര്‍ട്ട് സ്‌ക്രീന്‍ പ്രൊജക്ടുമായി പി.വി.ആര്‍ എത്തുന്നത്. ചെറുനഗരങ്ങളില്‍ തീയറ്റര്‍ നടത്തിപ്പ് വന്‍കിട നഗരങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതാണ്.
നിലവില്‍ പി.വി.ആര്‍ സ്‌ക്രീനുകള്‍ക്ക് ദേശീയതലത്തിലെ ശരാശരി ടിക്കറ്റ് നിരക്ക് 254 രൂപയാണ്. എന്നാല്‍ സ്മാര്‍ട്ട് സ്‌ക്രീനുകളില്‍ ഇത് 35 ശതമാനം കുറവായിരിക്കും. വര്‍ഷം തോറും 100 സ്മാര്‍ട്ട് സ്‌ക്രീനുകള്‍ നിര്‍മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ സാമ്പത്തികവര്‍ഷം 50-60 സ്മാര്‍ട്ട് സ്‌ക്രീനുകളാണ് ലക്ഷ്യം.
പി.വി.ആറിന് ഇന്ത്യയിലും ശ്രീലങ്കയിലുമായി 111 സിറ്റികളിലായി 353 തീയറ്ററുകളിലായി 1,745 സ്‌ക്രീനുകളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്ന ഇന്‍ഡസ്ട്രിയാണെങ്കിലും ഇന്ത്യയില്‍ സ്‌ക്രീനുകളുടെ എണ്ണം 10,000ത്തില്‍ താഴെയാണ്.
വലിയ നഗരങ്ങളില്‍ ഒരു സ്‌ക്രീനിനായി 3.5 കോടി രൂപ മുടക്കു വരുമ്പോള്‍ ഇടത്തരം നഗരങ്ങളിലെ സ്മാര്‍ട്ട് സ്‌ക്രീനുകള്‍ക്ക് 2-2.5 കോടി രൂപയെ ചെലവ് വരികയുള്ളൂ. ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ മറ്റ് ചെലവുകളും ഇത്തരം സ്മാര്‍ട്ട് സ്‌ക്രീനുകളില്‍ കുറവായിരിക്കുമെന്ന് പി.വി.ആര്‍ ഐനോക്‌സ് ഗ്രോത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സി.ഇ.ഒ പ്രമോദ് അറോറ പറഞ്ഞു.
തുടക്കത്തില്‍ ഉത്തര്‍പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാകും സ്മാര്‍ട്ട് സ്‌ക്രീനുകള്‍ വരിക. കമ്പനി നേരിട്ട് നടത്തുന്നതിനൊപ്പം ഫ്രാഞ്ചൈസി മോഡല്‍ സ്‌ക്രീനുകളും പദ്ധതിയിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine