https://byjus.com/, Canva
News & Views

₹2,184 കോടി തിരികെ വേണം, ബൈജൂസിന് അടുത്ത പണി ഖത്തറില്‍ നിന്ന്, കര്‍ണാടക ഹൈക്കോടതിയില്‍ വീണ്ടും കേസ്

2021ല്‍ അകാശ് എഡ്യൂക്കേഷന്‍ എന്ന കമ്പനിയെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസാണ് കോടതി കയറിയത്

Dhanam News Desk

മലയാളിയായ ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ നിക്ഷേപക കമ്പനിയായ ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ പുതിയ കേസ്. സിംഗപ്പൂരിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര കേന്ദ്രം വിധിച്ച 235 മില്യന്‍ ഡോളറും പലിശ ഇനത്തില്‍ 14 മില്യന്‍ ഡോളറും അടക്കം ഏകദേശം 2,184 കോടി രൂപ ഈടാക്കി നല്‍കണമെന്നാണ് ആവശ്യം. ഖത്തര്‍ ഹോള്‍ഡിംഗ്‌സ് എല്‍.എല്‍.സിയാണ് ഇക്കാര്യമുന്നയിച്ച് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സബ്‌സിഡിയറി കമ്പനിയാണിത്.

കമ്പനിയുടെ സ്വത്തുക്കള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ബൈജൂസിനെ വിലക്കണമെന്നും ഖത്തര്‍ ഹോള്‍ഡിംഗ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്താനും കമ്പനി കോടതിയില്‍ അപേക്ഷ നല്‍കി. തങ്ങള്‍ക്ക് ലഭിക്കേണ്ട സ്വത്തുക്കള്‍ തിരികെ പിടിക്കുന്നതിനായി ബൈജൂസിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യണം. ഇതിനായി ഒരു റിസീവറെ നിയമിക്കണമെന്ന ആവശ്യവും ഖത്തര്‍ ഹോള്‍ഡിംഗ്‌സ് മുന്നോട്ടുവെച്ചു.

എന്താണ് കേസ്

ഏകദേശം ഒരു ബില്യന്‍ ഡോളര്‍ മുടക്കി അകാശ് എഡ്യൂക്കേഷണല്‍ സര്‍വീസ് എന്ന കമ്പനിയെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോടതി കയറിയത്. ഈ ഏറ്റെടുക്കലിന് ഖത്തര്‍ ഹോള്‍ഡിംഗ് 150 മില്യന്‍ ഡോളറാണ് (ഏകദേശം 1,300 കോടി രൂപ) ബൈജൂസിന് നല്‍കിയത്. ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ സ്വകാര്യ ജാമ്യത്തില്‍ 17,891,289 ഓഹരികളാണ് ആകാശില്‍ നിന്നും ഏറ്റെടുത്തത്. ഇതിന് പകരം 2025 മാര്‍ച്ചില്‍ ഖത്തര്‍ ഹോള്‍ഡിംഗ്‌സിന് 300 മില്യന്‍ ഡോളര്‍ (ഏകദേശം 2,600 കോടി രൂപ) തിരികെ നല്‍കാനായിരുന്നു കരാര്‍. എന്നാല്‍ വ്യവസ്ഥകളില്‍ വീഴ്ച വന്നതോടെ ഖത്തര്‍ ഹോള്‍ഡിംഗ്‌സ് കരാറില്‍ നിന്ന് പിന്മാറുകയും 235 മില്യന്‍ ഡോളര്‍ (ഏകദേശം 2,000 കോടി രൂപ) എത്രയും പെട്ടെന്ന് തിരികെ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

സിംഗപ്പൂരിലും തിരിച്ചടി

ഇതിന് പിന്നാലെ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ച കോടതി ഖത്തര്‍ ഹോര്‍ഡിംഗ്‌സിനോട് സിംഗപ്പൂരിലെ തര്‍ക്ക പരിഹാര കേന്ദ്രത്തെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്ങളുടെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിംഗപ്പൂരിലെ തര്‍ക്കപരിഹാര കേന്ദ്രത്തിലെത്തി. വിഷയത്തില്‍ വാദം കേട്ട തര്‍ക്കപരിഹാര കേന്ദ്രം സിംഗപ്പൂര്‍ ആസ്ഥാനമായ ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെയും ബൈജു രവീന്ദ്രന്റെ 235 മില്യന് തുല്യമായ ഫണ്ടുകളും മരവിപ്പിക്കാന്‍ ഉത്തരവിട്ടു. പലിശ അടക്കം നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തര്‍ക്കപരിഹാര കേന്ദ്രത്തിന്റെ തീരുമാനം സിംഗപ്പൂര്‍ ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് ഖത്തര്‍ ഹോള്‍ഡിംഗ്‌സ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ബൈജു രവീന്ദ്രന്‍ പ്രതികരിച്ചിട്ടില്ല.

Qatar Holdings has approached the Karnataka High Court seeking to recover $250 million from troubled edtech firm BYJU’S amid its financial crisis.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT