എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) പേരിൽ തട്ടിപ്പുകൾക്കും പണം തട്ടിയെടുക്കുന്നതിനും വേണ്ടി വ്യാജ സമൻസുകൾ പ്രചരിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം. ഔദ്യോഗിക ഇ.ഡി. നോട്ടീസുകളോട് വളരെയധികം സാമ്യമുള്ള വ്യാജരേഖകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാജ സമൻസുകൾ തടയുന്നതിനായി, ഇ.ഡി. പുതിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 8 മുതൽ, സമൻസുകൾ പൂർണ്ണമായും സിസ്റ്റം-ജനറേറ്റഡ് ആണ്. ഇ.ഡി. നൽകുന്ന ഓരോ നോട്ടീസിലും ആധികാരികത ഉറപ്പാക്കുന്നതിനായി ഒരു ക്യു.ആർ. കോഡും ഒരു യുണീക്ക് പാസ്‌കോഡും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ലഭിക്കുന്ന സമൻസുകളുടെ ആധികാരികത, ക്യു.ആർ. കോഡ് സ്‌കാൻ ചെയ്യുക വഴിയോ അല്ലെങ്കിൽ ഔദ്യോഗിക ഇ.ഡി. വെബ്സൈറ്റ് സന്ദർശിക്കുക വഴിയോ ഉറപ്പുവരുത്താവുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ, ഉദ്യോഗസ്ഥർ ഈ പുതിയ സംവിധാനം ഉപയോഗിക്കണമെന്ന് ഇ.ഡി. നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് എന്ന നിലയിൽ, "ഇ.ഡി. ഡിജിറ്റൽ അല്ലെങ്കിൽ ഓൺലൈൻ അറസ്റ്റുകൾ നടത്തുന്നില്ല" എന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇ.ഡി. ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർക്ക് ഇരയാകാതിരിക്കാൻ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. സംശയകരമായ സമൻസുകൾ സംബന്ധിച്ച് ഇ.ഡി.യുടെ ഡൽഹി ആസ്ഥാനത്ത് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
To curb fake ED summons, Finance Ministry introduces QR-coded notices with verification features.
Read DhanamOnline in English
Subscribe to Dhanam Magazine