image credit : canva and blinkit 
News & Views

ഓണത്തിന് തന്നെ എത്തി; 10 മിനിട്ടില്‍ ഡെലിവറി ഉറപ്പുനല്‍കി ബ്ലിങ്കിറ്റ് ആപ്പ് കൊച്ചിയിലും

കലൂര്‍ സ്‌റ്റേഡിയം, പാലാരിവട്ടം, ജവഹര്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാകും ബ്ലിങ്കിറ്റിന്റെ ഡെലിവറി സേവനങ്ങള്‍ ലഭിക്കുക

Dhanam News Desk

ഗുരുഗ്രാം ആസ്ഥാനമായ ഓണ്‍ലൈന്‍ ക്വിക്ക് ഡെലിവറി ആപ്പായ ബ്ലിങ്കിറ്റ് കൊച്ചിയിലും പ്രവര്‍ത്തനം തുടങ്ങി. ഓണത്തിന് മുന്നോടിയായിട്ടാണ് കമ്പനി കേരളത്തിലെത്തിയതെന്ന് ബ്ലിങ്കിറ്റ് സ്ഥാപകന്‍ അല്‍ബിന്ദര്‍ ധിന്‍സ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കലൂരിലാണ് ആദ്യ സ്റ്റോര്‍ തയ്യാറാക്കിയിരിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയം, പാലാരിവട്ടം, ജവഹര്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാകും ബ്ലിങ്കിന്റെ ഡെലിവറി സേവനങ്ങള്‍ ലഭിക്കുക. മില്‍മ ഉത്പന്നങ്ങള്‍, അജ്മി പുട്ടുപൊടി, ഈസ്റ്റേണ്‍ മസാല തുടങ്ങിയ കേരള ഉത്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആപ്പില്‍ ലഭിക്കും. കൂടുതല്‍ സ്റ്റോറുകള്‍ തുടങ്ങി നഗരത്തിലെ ഡെലിവറി കവറേജ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഗ്രോഫേര്‍സ് (Grofers) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്ലിങ്കിറ്റ് 2013ലാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങുന്നത്. 2022ല്‍ ബ്ലിങ്കിറ്റിനെ സൊമാറ്റോ ഏറ്റെടുത്തു. 4,447 കോടി രൂപയാണ് അന്ന് കമ്പനിയുടെ മൂല്യം കണക്കാക്കിയിരുന്നത്. ബ്ലിങ്കിറ്റ് സ്ഥാപകന്‍ അല്‍ബിന്ദറിനെ കമ്പനിയില്‍ ബിസിനസ് ഹെഡായി നിലനിറുത്തിയാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ബ്ലിങ്കിറ്റ് ബ്രാന്‍ഡിനെ സൊമാറ്റോയില്‍ നിന്നും വേറിട്ട് നിറുത്താനും തീരുമാനമായിരുന്നു. രാജ്യത്തെ 27 നഗരങ്ങളില്‍ നൂറിലധികം ഫ്രാഞ്ചൈസികളാണ് ഇന്ന് ബ്ലിങ്കിറ്റിനുള്ളത്.

ഗൂഗിള്‍ പ്ലേയിലും ആപ്പിള്‍ സ്റ്റോറിലും ബ്ലിങ്കിറ്റ് ആപ്പ് ലഭ്യമാണ്. കൊച്ചിയില്‍ ഇതിനോടകം വേരുറപ്പിച്ച സ്വിഗ്വി ഇന്‍സ്റ്റമാര്‍ട്ട്, ടാറ്റ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയവരാകും ബ്ലിങ്കിറ്റിന്റെ എതിരാളികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT