റഫാല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ നിര്‍ണായക കരാര്‍ സ്വന്തമാക്കി കേരള കമ്പനി. റഫാലിലെ നിര്‍ണായക റഡാറുകള്‍ നിര്‍മിക്കാനാണ് കൊച്ചി ആസ്ഥാനമായ എസ്എഫ്ഒ ടെക്‌നോളജീസിന് കരാര്‍ ലഭിച്ചത്. നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് എസ്എഫ്ഒ ടെക്‌നോളജീസ്.
റഫാലിന്റെ നിര്‍മാതാക്കള്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനാണ്. ഇവരുടെ പങ്കാളികളായ താലസ് എന്ന ഫ്രഞ്ച് കമ്പനിയാണ് കരാര്‍ നല്കിയിരിക്കുന്നത്. കരാര്‍ തുക സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ ഇത്തരത്തിലൊരു പ്രൊജക്ടിന്റെ പങ്കാളികളാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എസ്എഫ്ഒ ടെക്നോളജീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. ജഹാംഗീര്‍ പറഞ്ഞു.
ശത്രുക്കളുടെ നീക്കം വളരെ ദൂരെനിന്ന് നിരീക്ഷിക്കാനും കൃത്യതയോടെ ലക്ഷ്യസ്ഥാനത്തേക്ക് ആക്രമണം നടത്താനും സാധിക്കുന്നതിന് റഡാറുകള്‍ക്ക് വലിയ പങ്കുണ്ട്. ആര്‍ബിഇ2 എഇഎസ്എ റഡാറുകളാണ് കേരള കമ്പനി ചിട്ടപ്പെടുത്തുന്നത്.
പ്രതിരോധം, എയറോസ്‌പെയ്‌സ്, ബഹിരാകാശം, ഗതാഗതം, വ്യവസായം തുടങ്ങിയ രംഗങ്ങളിലേക്ക് ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് എസ്എഫ്ഒ. അടുത്തിടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായും എസ്എഫ്ഒ കരാര്‍ ഒപ്പുവച്ചിരുന്നു.
ടെക്നോളജി, സോഫ്റ്റ്വെയര്‍, ഫുഡ് ആന്‍ഡ് ബീവറേജസ്, എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് എന്നീ വിഭാഗങ്ങളാണ് ഗ്രൂപ്പിന് കീഴിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ കയറ്റുമതിക്കാരിലൊന്നാണ് കമ്പനി.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങി ആശുപത്രികളിലെ അത്യാധുനിക സി.ടി., എം.ആര്‍.ഐ, എക്സ്-റേ, കാന്‍സര്‍ ചികിത്സാ മെഷീനുകള്‍, വിമാനങ്ങള്‍, കപ്പല്‍, റെയില്‍വേ, മെട്രോ തുടങ്ങിയവയിലും ആവശ്യമായ നിര്‍ണായക ഇലക്ട്രോണിക്സ് ഘടകമായ പ്രിന്റഡ് സര്‍കീട്ട് ബോര്‍ഡുകള്‍ (പി.സി.ബി), കേബിളുകള്‍, വയറുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, ഫൈബര്‍ ഒപ്ടിക്സ് തുടങ്ങിയവയും സോഫ്റ്റ്വെയറുകളും ടിക്കറ്റ് മെഷീനുകള്‍, മള്‍ട്ടി കറന്‍സി കൗണ്ടിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് മീറ്ററുകള്‍ തുടങ്ങിയവയും നിര്‍മ്മിക്കുന്ന ഒറിജിനല്‍ ഡിസൈന്‍ മാനുഫാക്ചറിംഗ് കമ്പനിയാണ് എസ്.എഫ്.ഒ ടെക്നോളജീസ്.
മേക്ക് ഇന്‍ ഇന്ത്യ, മെയ്ഡ് ഇന്‍ കേരള എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ഗ്രൂപ്പിന് 56 രാജ്യങ്ങളിലായി 100ലേറെ ഉപഭോക്തൃ കമ്പനികളുണ്ട്. ഇവയില്‍ മിക്കതും ഫോര്‍ച്യൂണ്‍ മള്‍ട്ടി-നാഷണല്‍ കമ്പനികളാണ്. കേരളത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ പ്രതിരോധ വിഭാഗങ്ങളും വന്‍കിട ടെക് കമ്പനികളും വിദേശ മെട്രോകളും അടക്കം ഉപഭോക്തൃ പട്ടികയിലുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങളിലേക്കായി ആര്‍.എഫ് പാക്കേജുകള്‍ നിര്‍മ്മിച്ച് നല്‍കിയത് എസ്.എഫ്.ഒ ടെക്നോളജീസാണ്.
Read DhanamOnline in English
Subscribe to Dhanam Magazine