ഇൻസൈറ്റിൽ രാഘവ് ഛന്ദ canva
News & Views

ഉപഭോക്താക്കളുടെ പണം നഷ്ടമാകുന്നു; ഉപയോഗിക്കാത്ത ഇന്റർനെറ്റ് ഡാറ്റ മാറ്റിനൽകണം; ഡാറ്റ റോളോവർ വേണമെന്ന് ആവശ്യം

ഉപയോഗിക്കാതെ അവശേഷിക്കുന്ന മൊബൈൽ ഡാറ്റ ദിവസാവസാനം നഷ്ടമാകുന്നത് ഉപഭോക്തൃ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡാറ്റ റോളോവർ നടപ്പാക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട് രാഘവ് ഛന്ദ എം.പി.

Dhanam News Desk

ഉപയോ​ഗിക്കാത്ത മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ദിവസാവസാനം കാലഹരണപ്പെടുന്ന രീതിയിൽ, ടെലികോം കമ്പനികൾ തയ്യാറാക്കിയിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കെതിരേ പാർലമെന്റിൽ ആശങ്കയുന്നയിച്ച് ആം ആദ്മി പാർട്ടിയുടെ യുവ എംപി രാഘവ് ഛന്ദ. ഉപയോക്താക്കൾ മുൻകൂർ പണം നൽകിയിട്ടും ഉപയോഗിക്കാതെ ശേഷിക്കുന്ന ഇന്റർനെറ്റ് ഡാറ്റ ദിവസം പൂർത്തിയാകുമ്പോൾ കാലഹരണപ്പെടുന്നത്, ഉപഭോക്തൃ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ചത്.

ഇന്ത്യയിലെ ടെലികോം കമ്പനികൾ പുറത്തിറക്കിയിട്ടുള്ള ഭൂരിഭാഗം പ്ലാനുകളിലും പ്രതിദിനം 1.5 ജി.ബി, 2 ജി.ബി, 3 ജി.ബി പോലുള്ള ഡാറ്റ ലിമിറ്റ് ആണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഉപയോഗിക്കാതെ അവശേഷിക്കുന്ന ഡാറ്റ അടുത്ത ദിവസത്തേക്ക് കൂട്ടിച്ചേർക്കാൻ കമ്പനികൾ ഉപഭോക്താക്കളെ അനുവദിക്കാറില്ല. ദിവസം പൂർത്തിയാകുമ്പോൾ മിച്ചമുള്ള ഡാറ്റ, സ്വയം റീസെറ്റ് ആയി നഷ്ടമാകുന്നതാണ് നിലവിലെ രീതി. അതിനാൽ ഉപഭോക്താക്കൾ മുൻകൂർ പണം നൽകി വാങ്ങിയ സേവനം പൂർണമായി ലഭിക്കുന്നില്ലെന്നതാണ് രാഘവ് ഛന്ദ ഉന്നയിക്കുന്ന പ്രധാന വിഷയം.

എന്തുകൊണ്ട് ഇത് അന്യായം?

വാഹനങ്ങൾക്ക് ഇന്ധനം അടിക്കുന്നതുമായി താരതമ്യം ചെയ്തുകൊണ്ടാണ് വിഷയത്തിന്റെ വ്യാപ്തി വിശദീകരിക്കാൻ രാഘവ് ഛന്ദ രാജ്യസഭയിൽ പരിശ്രമിച്ചത്. വാഹനത്തിൽ 20 ലിറ്റർ പെട്രോൾ അടിച്ചാൽ, ഉപയോഗിക്കാത്തത് ഇല്ലാതാകുന്നില്ല. കമ്പനി അത് തിരിച്ചെടുക്കുന്നുമില്ല. എന്നാൽ മൊബൈൽ പ്രീ പെയ്ഡ് പ്ലാനുകളിൽ, ഉപയോ​ഗിക്കാതെ അവശേഷിക്കുന്ന ഡാറ്റ ദിവസവും റീസെറ്റ് ആകുന്നു. ഇത് സാങ്കേതികമായ പ്രശ്നമല്ല. മറിച്ച് ടെലികോം കമ്പനികളുടെ നയപരമായ തീരുമാനമാണിതെന്നും രാഘവ് ഛന്ദ പറഞ്ഞു.

മൊബൈൽ ഇന്റർനെറ്റ് ഉപയോ​ക്താക്കളെ സംബന്ധിച്ച്, ”ഉപയോ​ഗിക്കാതെ മിച്ചം പിടിച്ച ഡാറ്റയ്ക്ക് പണം തിരികെ ലഭിക്കുന്നില്ല, അത് മറ്റൊരു ദിവസത്തേക്ക് നീട്ടിക്കിട്ടുന്നില്ല, വെറുതെ നഷ്ടമാകുകയാണ്” അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട 3 ആവശ്യങ്ങൾ

ദിവസാവസാനം ഡാറ്റ കാലഹരണപ്പെട്ട് നൽകിയ പണത്തിനുള്ള മുഴുവൻ സേവനവും ലഭ്യമാകാത്ത വിഷയത്തിൽ, പ്രശ്ന പരിഹാരമായി മൂന്ന് പ്രധാന ആവശ്യങ്ങളാണ് രാഘവ് ഛന്ദ മുന്നോട്ട് വച്ചിരിക്കുന്നത്. ഒന്നാമതായി, അവശേഷിക്കുന്ന ഡാറ്റ അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡാറ്റ റോളോവർ സംവിധാനം നടപ്പാക്കണം. രണ്ടാമതായി, സ്ഥിരമായി വളരെ കുറച്ച് ഡാറ്റ മാത്രം ഉപയോഗിക്കുന്നവർക്ക്, റീചാർജ് ചെയ്യുമ്പോൾ ഇളവ് നൽകണം.

മൂന്നാമതായി, ഉപയോ​ഗിക്കാതെ മിച്ചം പിടിക്കുന്ന ഡാറ്റ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും കൈമാറാൻ അനുവദിക്കണം. ഇന്റർനെറ്റ് ഡാറ്റയെ “ഡി‍ജിറ്റൽ പ്രോപ്പർട്ടി“യായി കണക്കാക്കണം. ഉപയോ​ഗിക്കാത്ത ഡാറ്റ കൈമാറ്റം ചെയ്യുന്ന സൗകര്യം യൂറോപ്പിലും യു.എസിലും ഒക്കെ നിലവിലുണ്ടെന്നും രാഘവ് ഛന്ദ പറഞ്ഞു.

എന്തായാലും രാജ്യത്തെ ടെലികോം മേഖലയിലെ ഉപഭോക്തൃ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് നിർണായകമായ ചോദ്യങ്ങളാണ് രാഘവ് ഛന്ദ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയം സജീവമായി ചർച്ച ചെയ്യപ്പെട്ടാൽ, ഇന്ത്യയിലെ ടെലികോം മേഖലയിൽ വലിയ നയപരിഷ്കാരങ്ങൾക്ക് വഴി തെളിയുമോയെന്ന് കാത്തിരുന്നു കാണാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT