Vande Bharat Train: MSK/Dhanam 
News & Views

ട്രാക്കില്‍ ആനകള്‍ എത്തിയാല്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് വിവരം ലഭിക്കും; എ.ഐ പിന്തുണയോടെ റെയില്‍വേയുടെ പുതിയ പദ്ധതി

ലക്ഷ്യം ആനകളുടെ സംരക്ഷണവും

Dhanam News Desk

വനമേഖലയിലൂടെയുള്ള റെയില്‍വെ ട്രാക്കുകളില്‍ ആനകളെത്തുന്നതും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കേരളത്തില്‍ പാലക്കാടിനടുത്ത വാളയാറില്‍ ഇത്തരം അപകടങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കുന്നു. നിരവധി ആനകളാണ് ട്രെയിന്‍ തട്ടി ചരിയുന്നത്. ട്രെയിന്‍ ഗതാഗതം താല്‍കാലികമായി തടസ്സപ്പെടുത്തുന്നതിനും ഇത്തരം സംഭവങ്ങള്‍ കാരണമാകാറുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളെ ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. ട്രെയിന്‍ യാത്രകള്‍ സുഗമമാക്കുന്നതിനൊപ്പം വന്യജീവികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഈ പദ്ധതികളിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നതായി സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി പറയുന്നു.

സിഗ്നല്‍ നല്‍കാന്‍ നിര്‍മിത ബുദ്ധി

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാലക്കാടിനടുത്ത് കോട്ടേക്കാട്-മധുക്കര റൂട്ടിലാണ് ഈ പദ്ധതി റെയില്‍വെ നടപ്പാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്തിലുള്ള ഈ റൂട്ടില്‍ ആനകളുടെ വിഹാരകേന്ദ്രമാണ്. ആനകള്‍ റെയില്‍വേ ട്രാക്കിന് അടുത്തെത്തിയാല്‍ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സിഗ്നൽ ലഭിക്കുന്നതാണ് ഈ സംവിധാനം. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ആനകളുടെ സാന്നിധ്യം കണ്ടെത്തി സ്‌റ്റേഷനില്‍ അറിയിക്കുകയാണ് ചെയ്യുന്നത്. സിഗ്നൽ ലഭിച്ചാല്‍ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്യാം. 18.99 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സംരക്ഷിക്കാന്‍ മറ്റു പദ്ധതികള്‍

പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ ആനകളുടെ ശല്യം കുറക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനുമായി രണ്ട് പദ്ധതികള്‍ കൂടി ദക്ഷിണ റെയില്‍വെയുടെ കീഴില്‍ നടപ്പാക്കുന്നുണ്ട്. വാളയാര്‍, എട്ടിമട സ്റ്റേഷനുകള്‍ക്കിടയില്‍ ആനകള്‍ക്ക് റെയില്‍വെ ട്രാക്കിന് അടിയിലൂടെ കടന്നു പോകാന്‍ കഴിയുന്ന രണ്ട് അടിപ്പാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 11.5 കോടി രൂപ ചെലവിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ആനകള്‍ സ്ഥിരമായി കടന്നു പോകുന്ന സ്ഥലങ്ങളിലാണ് അടിപ്പാതകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടേക്കാടിന് സമീപം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ വേലിയുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. 28.08 ലക്ഷം രൂപ ചെലവിലാണ് ഈ പദ്ധതി. ഈ മൂന്നു പദ്ധതികളും ചേര്‍ന്ന് 30.77 കോടി രൂപയാണ്  ട്രാക്കില്‍ നിന്ന് ആനകളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന് മാത്രം റെയില്‍വെ ചെലവിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT