രാത്രി ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ട്രെയിനുകളിലെ ചാര്‍ജിംഗ് പോയിന്റുകള്‍ പ്രവര്‍ത്തിക്കില്ല. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലുള്ള നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ റെയില്‍വേ സോണുകള്‍ക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി.
ഈ സമയത്ത് ട്രെയിന്‍ കോച്ചുകളിലെ ചാര്‍ജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കും. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനാണ് നിയന്ത്രണം ബാധകമാകുക.
അടുത്തിടെ മുംബൈ-ഹൗറ മെയില്‍ ട്രെയിനില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവമാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ കാരണമായത്. ഒഡീഷയിലെ ബണ്ടമുണ്ടയ്ക്ക് സമീപം ട്രെയിനിലെ എ.സി കോച്ചിലായിരുന്നു സംഭവം. രാത്രികാലങ്ങളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കപ്പെട്ടില്ലെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍.
രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജിംഗ് പോയിന്റുകള്‍ അടച്ചിടണമെന്നത് പുതിയ തീരുമാനമല്ല. 2014 ജൂണ്‍ 19ന് റെയില്‍വേ ബോര്‍ഡ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു-ഹസൂര്‍ സാഹിബ് നന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയായിരുന്നു നടപടി. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥരും സൂപ്പര്‍വൈസര്‍മാരും ട്രെയിനുകളില്‍ മിന്നല്‍ പരിശോധന നടത്തും.
ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ രാത്രിയില്‍ ആവശ്യമായ മൊബൈല്‍ ചാര്‍ജ് മുന്‍കൂട്ടി ഉറപ്പാക്കേണ്ടിവരും. പ്രത്യേകിച്ച് ടിക്കറ്റ് പരിശോധനയ്ക്കും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കും യാത്രാവിവരങ്ങള്‍ അറിയുന്നതിനും മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.
പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷം ചാര്‍ജിങ് സംവിധാനം വീണ്ടും ഉപയോഗിക്കാനാകും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആറു മണിക്കൂര്‍ നീളുന്ന നിയന്ത്രണം കര്‍ശനമാക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine