News & Views

ദുരൂഹം ഇടപാടുകള്‍! പതഞ്ജലിക്കും ബാബ രാംദേവിനും പുതിയ കുരുക്ക്; ഓഹരിവിലയില്‍ ഇടിവ്

അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത പതഞ്ജലി ഓഹരികളിലും പ്രതിഫലിച്ചു. ഇന്ന് 3.86 ശതമാനമാണ് ഓഹരി ഇടിഞ്ഞത്

Dhanam News Desk

യോഗഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണെന്നും ഇതിനെക്കുറിച്ച് പതഞ്ജലിയോട് കോര്‍പറേറ്റ് മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ടെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അസാധാരണവും സംശയാസ്പദവുമായ സാമ്പത്തിക ക്രയവിക്രയങ്ങള്‍ തുടര്‍ച്ചയായി കമ്പനിയില്‍ നടക്കുന്നുവെന്നും ഫണ്ട് വകമാറ്റിയെന്ന സംശയം നിലനില്‍ക്കുന്നതായും വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവാദങ്ങള്‍ തുടര്‍ക്കഥ

കഴിഞ്ഞ കുറച്ചു നാളുകളായി പതഞ്ജലി നിരീക്ഷണത്തിലാണ്. നികുതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭേദമാക്കാന്‍ തങ്ങളുടെ മരുന്നുകള്‍ക്ക് സാധിക്കുമെന്ന തരത്തില്‍ പരസ്യം നല്കിയതും കമ്പനിയെ വെട്ടിലാക്കിയിരുന്നു. സുപ്രീംകോടതി വരെയെത്തിയ ഈ കേസില്‍ മാപ്പുപറഞ്ഞാണ് ബാബ രാംദേവിന്റെ കമ്പനി രക്ഷപ്പെട്ടത്.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് 4 ടണ്‍ മുളകുപൊടി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ജനുവരിയിലായിരുന്നു സംഭവം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

ഉത്പന്നത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ അവശിഷ്ടത്തിന്റെ അളവ് അനുവദനീയമായതില്‍ അളവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്നായിരുന്നു എഫ്എസ്എസ്എഐയുടെ നടപടി.

ഓഹരിയില്‍ ഇടിവ്

അന്വേഷണം നടക്കുന്നുവെന്ന വാര്‍ത്ത പതഞ്ജലി ഓഹരികളിലും പ്രതിഫലിച്ചു. ഇന്ന് 3.86 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 2,030 രൂപ വരെയെത്തിയ ഓഹരി ഇപ്പോള്‍ 1,680 രൂപയിലാണ്.

മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വര്‍ധനയുണ്ടാക്കാക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. വിറ്റുവരവ് 9,692 കോടി രൂപയും ലാഭം 359 കോടി രൂപയുമാണ്.

Patanjali faces scrutiny over suspicious financial dealings as government probes and stock value drops

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT