ധനം ബിസിനസ് മീഡിയയുടെ 2026ലെ ധനം ബിസിനസ് പ്രൊഫഷണല്‍ 2026 പുരസ്‌കാരം ആപ്റ്റിവ് കണക്ഷന്‍സ് സിസ്റ്റംസ് കണ്‍ട്രി മാനേജിംഗ് ഡയറക്റ്റര്‍ രമേഷ് നായര്‍ക്ക്. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോജി എം ജോണില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. എല്‍ഐസി മുന്‍ എംഡി ടി.സി സുശീല്‍കുമാര്‍, മുന്‍ കേന്ദ്ര ഗതാഗത സെക്രട്ടറി ഡോ. എം രാമചന്ദ്രന്‍, ധനം ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, ധനം സര്‍ക്കുലേഷന്‍ മാനേജര്‍ മനോജ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊച്ചിക്കടുത്ത് ആരക്കുന്നത് ആയിരം കോടി രൂപയിലേറെ വിറ്റുവരവുള്ള ഒരു ആഗോള കമ്പനിയുണ്ട്. അതിനെ മു്നില്‍ നിന്ന് നയിക്കുന്നത് ഒരു മലയാളിയും! ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ രമേഷ് നായര്‍. ആഗോള വമ്പനായ ആപ്റ്റീവ് പിഎല്‍സിയുടെ ഉപകമ്പനിയായ ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസിന്റെ രൂപാന്തരീകരണത്തിന് ചുക്കാന്‍ പിടിച്ച പ്രൊഫഷണലാണ് രമേഷ് നായര്‍. ആപ്റ്റീവിന്റെ കേരളത്തിലെ പ്രവര്‍ത്തനത്തില്‍ ആരംഭം കാലം മുതല്‍ കൂടെയുണ്ട് ഇദ്ദേഹം.
2015ല്‍ മാനേജിംഗ് ഡയറക്റ്ററാകുമ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാര്‍ കൂടിയായി അദ്ദേഹം. കോതമംഗലം എംഎ കോളെജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ എടുത്തിട്ടുള്ള രമേഷ് നായര്‍ ആപ്റ്റീവിന്റെ ഏഷ്യ പസഫിക് ലീഡര്‍ഷിപ്പ് ടീം അംഗവുമാണ്. മൊബിലിറ്റി രംഗത്തിന്റെ ഭാവി രൂപകല്‍പ്പന ചെയ്യുന്ന സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും പുതുതലമുറ കണക്റ്റിവിറ്റി ഉറപ്പ് നല്‍കുന്നതുമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്ന ആപ്റ്റീവ് പിഎല്‍സിയുടെ ഭാഗമായുള്ള ആപ്റ്റീവ് ഇന്ത്യ രമേഷ് നായരുടെ സാരഥ്യത്തിന്‍ കീഴില്‍ തന്ത്രപരമായ രൂപാന്തരീകരണത്തിനാണ് വിധേയമാക്കപ്പെട്ടത്.
കയറ്റുമതി കേന്ദ്രീകൃത ബിസിനസ് മോഡലില്‍ നിന്ന് ആഭ്യന്തര വിപണിയിലെ വമ്പന്മാരായി ആപ്റ്റീവിനെ വളര്‍ത്തിയതോടെ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അഞ്ച് മടങ്ങ് വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയിലെ ആവശ്യങ്ങളറിഞ്ഞ് പുതിയ ടെക്നോളജികള്‍ അവതരിപ്പിച്ചും കമ്പനിയുടെ ശേഷി കൂട്ടാനായി തന്ത്രപരമായ നിക്ഷേപം നടത്തിയും ഓട്ടോമേഷനും റിസര്‍ച്ച് & ഡെവലപ്മെന്റ് ശക്തിപ്പെടുത്തിയും ഉല്‍പ്പന്നശ്രേണി വിപുലീകരിച്ചുമാണ് ബിസിനസ് വളര്‍ച്ച രമേഷ് നായര്‍ സാധ്യമാക്കിയത്.
ഇന്ന് നമ്മുടെ നിരത്തില്‍ കാണുന്ന മൂന്നില്‍ ഒരു കാറിന്റെ എയര്‍ബാഗ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനത്തിലെ നിര്‍ണായക കോംപണന്റ് നിര്‍മിക്കുന്നത് ആപ്റ്റീവ് ഇന്ത്യയാണ്. ആഗോള എസ് ആര്‍ എസ് ഉല്‍പ്പന്നശ്രേണിയില്‍ വമ്പന്മാരും.
രാജ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ഇക്കോസിസ്റ്റത്തിലെ പ്രമുഖരും വന്‍കിട കാര്‍ നിര്‍മാതാക്കളുടെ വിശ്വസ്ത പങ്കാളിയുമാണിന്ന് ആപ്റ്റീവ് ഇന്ത്യ. ആപ്റ്റീവ് ഇന്ത്യയുടെ ബിസിനസ് വളര്‍ച്ചയ്ക്കൊപ്പം തന്നെ രാജ്യത്തെ ഇന്‍ഡസ്ട്രി ഡെവലപ്മെന്റിനും നിര്‍ണായക സംഭാവനകള്‍ നല്‍കുന്നുണ്ട് രമേഷ് നായര്‍.
കേരള മാനേജ്മെന്റ് അസോസിയേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് തുടങ്ങിയ ഓര്‍ഗനൈസേഷനുകളില്‍ സജീവ പങ്കാളിത്തം അദ്ദേഹം വഹിക്കുന്നു. ഇന്നൊവേഷന്‍, ക്വാളിറ്റി തുടങ്ങി വിവിധ രംഗങ്ങളിലെ സമാനതകളില്ലാത്ത പ്രകടനത്തിന് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും ഇതിനകം രമേഷ് നായരെ തേടിയെത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine