News & Views

സ്വന്തം സംസ്‌കാര ചടങ്ങിന് ₹2,500, പാചകക്കാരനും സഹായിക്കും ഓരോ കോടി, അതാണ് രത്തന്‍ ടാറ്റ; വില്‍പത്ര വിശദാംശങ്ങള്‍ ഇങ്ങനെ

അമിത അവകാശം ഉന്നയിക്കുന്നവര്‍ക്കും നിയമ നടപടി സ്വീകരിക്കുന്നവര്‍ക്കും സ്വത്തുക്കളില്‍ അവകാശമുണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ വില്‍പത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്

Dhanam News Desk

പരിചാരകര്‍ക്കായി രത്തന്‍ ടാറ്റ മാറ്റി വെച്ചത് 3.5 കോടി രൂപയുടെ സ്വത്തുക്കള്‍. ചില ജീവനക്കാരുടെയും അയല്‍ക്കാരന്റെയും വായ്പ എഴുതിത്തള്ളാനും വളര്‍ത്ത് നായക്ക് ഒരു ഭാഗം മാറ്റിവെക്കാനും അദ്ദേഹം മറന്നില്ല. ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ കാലം വീട്ടുജോലിക്കാരായി സേവനം അനുഷ്ഠിച്ചവര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കണം താത്കാലിക ജോലിക്കാര്‍ക്കും കാര്‍ കഴുകാന്‍ എത്തുന്നവര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നും അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ പറയുന്നു. രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാന്‍ സന്നദ്ധസംഘടനകളെ ഏല്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.

ഏറെക്കാലമായി തന്റെ കൂടെയുള്ള പാചകക്കാരനായ രാജന്‍ ഷാക്ക് ഒരു കോടി രൂപയാണ് മാറ്റിവെച്ചത്. ഇതില്‍ 51 ലക്ഷം രൂപ രാജന്റെ പേരിലുള്ള വായ്പാ കുടിശിക തീര്‍ത്തതാണ്. മറ്റൊരു ജീവനക്കാരനായ സുബ്ബയ്യ കോണാറിന് 66 ലക്ഷം രൂപയും സെക്രട്ടറി ഡെല്‍നാസ് ഗില്‍ഡറിന് 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. സഹായിയായ ശന്തനു നായിഡുവിന് കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ പഠനത്തിനായി നല്‍കിയ ഒരു കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. ഡ്രൈവറായിപുന്ന രാജു ലിയോണിന് 1.5 ലക്ഷം രൂപ നല്‍കുകയും 18 ലക്ഷം രൂപയുടെ വായ്പാ കുടിശിക തീര്‍ക്കുകയും ചെയ്തു. ഇവരില്‍ നിന്നും വായ്പാ കുടിശിക ഈടാക്കാന്‍ തന്റെ കുടുംബാംഗങ്ങള്‍ ശ്രമിക്കരുതെന്നും രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ പറയുന്നു.

വളര്‍ത്ത് നായക്കും

ടാറ്റ ട്രസ്റ്റ് കണ്‍സള്‍ട്ടന്റ് ഹോഷി ഡി മലേസാരക്ക് അഞ്ച് ലക്ഷം രൂപ, ബംഗ്ലാവിലെ പരിചാരകന് 2 ലക്ഷം രൂപ, പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ദീപ്തി ദിവാകരന് 1.5 ലക്ഷം രൂപ, പ്യൂണുമാര്‍ക്ക് അരലക്ഷം രൂപവീതം എന്നിവയും മാറ്റിവച്ചു. കൂടാതെ തന്റെ വളര്‍ത്തുനായ, ടിറ്റോക്ക്, വേണ്ടി 12 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. തന്റെ മരണശേഷം പാചകക്കാരന്‍ രാജന്‍ ഷാ നായയുടെ സംരക്ഷണ ഏറ്റെടുക്കണമെന്നും വില്‍പത്രത്തില്‍ പറയുന്നു. അയല്‍വാസിയായ ജേക്ക് മാലിറ്റെക്ക് എം.ബി.എ പഠനത്തിനായി നല്‍കിയ 23.7 ലക്ഷം രൂപയുടെ വായ്പയും രത്തന്‍ ടാറ്റ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

അന്ത്യയാത്രക്ക് 2,500 രൂപ

മറ്റ് സ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെച്ച രത്തന്‍ ടാറ്റ തന്റെ വില്‍പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്കും പണം നീക്കി വെച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി അദ്ദേഹം മാറ്റി വെച്ച തുക കണ്ടാണ് എല്ലാവരും ഞെട്ടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2,500 രൂപയാണ് അദ്ദേഹം അന്ത്യചടങ്ങുകള്‍ക്കായി അദ്ദേഹം കരുതിയിരുന്നത്. സ്വത്തുക്കളുടെ പേരില്‍ അമിത അവകാശം ഉന്നയിക്കുന്നവര്‍ക്കും നിയമ നടപടി സ്വീകരിക്കുന്നവര്‍ക്കും സ്വത്തുക്കളില്‍ അവകാശമുണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ വില്‍പത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT