News & Views

റേഷന്‍ വ്യാപാരികളുമായി മന്ത്രിയുടെ ചര്‍ച്ച നാലിന്, വിജയിച്ചില്ലെങ്കില്‍ സമരം

ഓണത്തിന് കടയടപ്പ് സമരമെന്ന് വ്യാപാരികള്‍

Dhanam News Desk

രണ്ടു ദിവസത്തെ സൂചന പണിമുടക്ക് പ്രഖ്യാപിച്ച കേരളത്തിലെ റേഷന്‍ വ്യാപാരികളുമായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജുലൈ നാലിന് ചര്‍ച്ച നടത്തും. വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ വ്യാപാരികള്‍ ജൂലൈ എട്ട്, ഒമ്പത് ദിവസങ്ങളില്‍ കടയടച്ച് സൂചനാ പണിമുടക്ക് നടത്തും.

ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ ഓണത്തിന് മുമ്പ് അനിശ്ചിത കാല സമരം തുടങ്ങുമെന്നും കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച നാല് യൂണിയനുകളുടെ ഭാരവാഹികളുമാണ് നാലാം തീയതി തിരുവനന്തപുരത്ത് മന്ത്രി ചര്‍ച്ച നടത്തുന്നത്.

അവശ്യപ്പെടുന്നത് വേതന പരിഷ്‌കാരം

റേഷന്‍ വ്യാപാരികളുടെയും ജീവനക്കാരുടെയും വേതന പരിഷ്‌കരണമാണ് പ്രധാനമായും യൂണിയനുകള്‍ ഉന്നയിക്കുന്നത്. വേതന പാക്കേജ് പുനപരിശോധിക്കണെന്നാണ് പ്രധാന ആവശ്യം. നിലവില്‍ റേഷന്‍ ഉല്‍പന്നങ്ങളുടെ വില്‍പ്പനക്കനുസരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ഇത് പല റേഷന്‍ വ്യാപാരികള്‍ക്കും വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്.

ഈ രീതി മാറ്റണമെന്ന ആവശ്യം വ്യാപാരികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. റേഷന്‍ വ്യാപാരികളുടെ ക്ഷേമ നിധി ബോര്‍ഡ് പുനസംഘടിപ്പിക്കണം. റേഷന്‍ കടകളിലെ തൊഴിലാളികള്‍ക്ക് നിലവില്‍ വ്യാപാരികളാണ് വേതനം നല്‍കുന്നത്. ഇതിന് പകരം അവര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

ആവശ്യങ്ങളടങ്ങിയ നിവേദനം നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നു. അത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമര രംഗത്തിറങ്ങുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്തെ 14,253 റേഷന്‍ വ്യാപാരികളാണ് രണ്ട് ദിവസത്തെ സൂചന പണിമുടക്കിലേക്ക് നീങ്ങുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT