കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി ഇക്കുറിയും റെക്കോഡ് തുക ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ആര്‍.ബി.ഐ തീരുമാനമെടുത്തിട്ടില്ലെങ്കിലും 2.5 ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രത്തിന് ലഭിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ലാഭവിഹിതം മൂന്ന് മുതല്‍ മൂന്നര ലക്ഷം കോടി രൂപയായി വര്‍ധിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ചില വിലയിരുത്തലുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.11 ലക്ഷം കോടി രൂപ ആര്‍.ബി.ഐ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിത്തുകയായിരുന്നു ഇത്. ആര്‍.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതവും കഴിഞ്ഞ കൊല്ലമായിരുന്നു.
മറ്റ് ബാങ്കുകള്‍ക്കുള്ള വായ്പ, സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപം, വിദേശ നിക്ഷേപം, വിദേശനാണ്യ വിനിമയം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് റിസര്‍വ് ബാങ്ക് വരുമാനം കണ്ടെത്തുന്നത്. ഇതില്‍ നിന്ന് ചെലവ് കിഴിച്ചുള്ള ബാക്കിത്തുക അഥവാ സര്‍പ്ലസ് വരുമാനമാണ് കേന്ദ്രത്തിന് ലാഭവിഹിതമായി കൈമാറുന്നത്. അടിയന്തരാവശ്യങ്ങളുണ്ടായാല്‍ നേരിടാനായി 6.50 ശതമാനം തുക കരുതല്‍ ശേഖരമായി നിലനിര്‍ത്തിയ ശേഷമുള്ള ബാക്കിത്തുകയാണ് ഇങ്ങനെ കൈമാറുന്നത്. 2022-23ല്‍ 87,416 കോടി രൂപയാണ് ലാഭവിഹിതമായി കൈമാറിയത്. 2021-22ല്‍ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് 30,307 കോടി രൂപയായിരുന്നു ലാഭവിഹിതം. 2021-22ല്‍ 99,112 രൂപയും 2018-19ല്‍ 1.76 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരിന് ആര്‍.ബി.ഐ അനുവദിച്ചിരുന്നു.
ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിര്‍ത്താനായി വിദേശനാണ്യ ശേഖരത്തില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ കൂടുതലായി വിറ്റഴിച്ചിരുന്നു. വിനിമയ നിരക്ക് കുറഞ്ഞിരുന്നപ്പോള്‍ വാങ്ങിയ ഡോളര്‍ കൂടിയ വിലക്ക് വിറ്റപ്പോള്‍ വലിയ ലാഭമാണ് റിസര്‍വ് ബാങ്കിനുണ്ടായത്. ഇതിന് പുറമമെ വിപണിയില്‍ പണലഭ്യത കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയതും റിസര്‍വ് ബാങ്കിന് വലിയ നേട്ടമുണ്ടാക്കിയിരുന്നു. പണലഭ്യത കൂട്ടാനായി മറ്റ് ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കിയതിലൂടെ പലിശ വരുമാനത്തിലും വര്‍ധയുണ്ടായി. അതിനാല്‍ ഇത്തവണ റെക്കോഡ് ലാഭവിഹിതമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസത്തോടെ ആര്‍.ബി.ഐ ലാഭവിഹിതം പ്രഖ്യാപിക്കും.
റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ പണമെത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ ധനക്കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ ചെലവിടല്‍ വര്‍ധിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിലെ പണവിനിമയവും കൂട്ടും. വരുമാന വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ കടമെടുപ്പ് കുറക്കാനും ലാഭവിഹിതം സഹായിക്കും. ഇക്കൊല്ലത്തെ ബജറ്റില്‍ 2.2 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന ലാഭവിഹിതം. എന്നാല്‍ ആഗോള സാമ്പത്തിക സ്ഥാപനമായ എംകേ ഗ്ലോബലിന്റെ (Emkay Global) റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷം രൂപവരെ ലാഭവിഹിതം ലഭിച്ചേക്കാം. 2.5 മുതല്‍ 3.5 ലക്ഷം കോടി രൂപ വരെ ലഭിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മറ്റ് ചില അനലിസ്റ്റുകളും വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine