upi transactions  Image : UPI (NPCI) and Canva
News & Views

യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഒരൊറ്റ ബട്ടണില്‍ നിയന്ത്രിക്കാം, ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ 'കിൽ സ്വിച്ച്' വേണമെന്ന് ആര്‍ബിഐ

നിര്‍ദേശം സിംഗപ്പൂരിലെ ബാങ്കിംഗ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്

Dhanam News Desk

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഓൺലൈൻ പേയ്‌മെന്റ് തട്ടിപ്പുകൾക്ക് തടയിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിപ്ലവകരമായ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് - 'കിൽ സ്വിച്ച്' (Kill Switch). 2025 ൽ മാത്രം ഏകദേശം 28 ലക്ഷം ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അതിലൂടെ 22,931 കോടി രൂപ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സുരക്ഷാ സംവിധാനം ആർ‌ബി‌ഐ നിർദേശിക്കുന്നത്.

എന്താണ് കിൽ സ്വിച്ച്?

ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ ഡിജിറ്റൽ ഇടപാടുകളും ഒരൊറ്റ നീക്കത്തിലൂടെ തൽക്ഷണം നിർത്തലാക്കാൻ കഴിയുന്ന സംവിധാനമാണിത്. സിംഗപ്പൂരിലെ ബാങ്കിംഗ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്. അവിടെ ഉപയോക്താക്കൾക്ക് മൊബൈൽ ആപ്പ് വഴിയോ ഹോട്ട്‌ലൈൻ വഴിയോ തങ്ങളുടെ അക്കൗണ്ടുകൾ ഉടൻ ലോക്ക് ചെയ്യാൻ സാധിക്കും. നിലവിൽ കാർഡ് അധിഷ്ഠിത പേയ്‌മെന്റുകളിൽ സ്വിച്ച്-ഓഫ് സൗകര്യമുണ്ടെങ്കിലും, മറ്റ് ഡിജിറ്റൽ ചാനലുകളിൽ ഇത് ഒരേപോലെ ലഭ്യമല്ല.

നിങ്ങളുടെ യു‌പി‌ഐ, കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവയെ ഇത് എങ്ങനെ ബാധിക്കും? ഈ സംവിധാനം വരുന്നതോടെ യു‌പി‌ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, വാലറ്റുകൾ തുടങ്ങിയ എല്ലാ ഡിജിറ്റൽ ഇടപാടുകളും ഒരൊറ്റ ബട്ടണിലൂടെ നിയന്ത്രിക്കാൻ ഉപയോക്താവിന് സാധിക്കും. അക്കൗണ്ട് തലത്തിൽ ഈ സ്വിച്ച് ആക്ടിവേറ്റ് ചെയ്താൽ, ഉപയോക്താവ് നേരത്തെ ക്രമീകരിച്ചിട്ടുള്ള മറ്റെല്ലാ കൺട്രോളുകളെയും ഇത് മറികടക്കും (Override). എന്നാൽ സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷനുകൾ (Standing Instructions) പോലുള്ള ചില ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയേക്കാം.

വെല്ലുവിളികള്‍

ഒരിക്കൽ കിൽ സ്വിച്ച് ഓൺ ചെയ്താൽ, സേവനങ്ങൾ പുനരാരംഭിക്കാൻ കർശനമായ വെരിഫിക്കേഷൻ നടപടികൾ ആവശ്യമാണ്. ഡിജിറ്റൽ മാർഗങ്ങളിലൂടെയോ അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ച് നേരിട്ട് സന്ദർശിച്ചോ മാത്രമേ ഇത് സാധ്യമാകൂ. ഈ സംവിധാനം വലിയ സുരക്ഷ നൽകുമെങ്കിലും ചില വെല്ലുവിളികളുമുണ്ട്. അബദ്ധവശാൽ സ്വിച്ച് ഓൺ ആകുന്നത് സാധാരണ ഇടപാടുകൾക്ക് തടസമായേക്കാം. സൈബര്‍ തട്ടിപ്പുകാര്‍ നേരത്തെ തന്നെ ഒരു ഉപയോക്താവിന്റെ ഡിവൈസിലേക്ക് താൽക്കാലിക ആക്‌സസ് നേടിയിട്ടുണ്ടെങ്കിൽ, ഈ നിയന്ത്രണങ്ങൾക്ക് സംരക്ഷണം നല്‍കാന്‍ പരിതികളുണ്ട്. കൂടാതെ, എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് നടപ്പിലാക്കാൻ വലിയ സാങ്കേതിക വികസനവും ചെലവും ആവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT