ക്രിക്കറ്റ് ലോകത്തെ പണമൊഴുകുന്ന ലീഗുകളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍). ലീഗിന്റെയും ടീമുകളുടെയും വിപണിമൂല്യം ശതകോടികളാണ്. ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ മത്സരിച്ചു നില്‍ക്കുമ്പോള്‍ ഉള്ള ടീമിനെ വിറ്റഴിക്കാന്‍ ശ്രമിക്കുകയാണ് ഒരു മദ്യകമ്പനി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉടമസ്ഥരായ ഡിയാഗോ (Diageo) ആണ് 17 വര്‍ഷത്തിനു ശേഷം കപ്പടിച്ച ഫ്രാഞ്ചൈസി വില്ക്കാന്‍ ഒരുങ്ങുന്നത്. യുകെ ആസ്ഥാനമായ മദ്യനിര്‍മാണ കമ്പനിയാണ് ഡിയാഗോ. സ്‌റ്റേക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്കിയ മറുപടിയില്‍ നിക്ഷേപങ്ങള്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്രാഞ്ചൈസി വില്ക്കുന്നത്. പുരുഷ ടീമിനൊപ്പം വനിതാ ടീമിനെയും വിറ്റൊഴിവാക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 31നകം വില്പന പൂര്‍ത്തിയാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ക്രിക്കറ്റ് ടീം തുടര്‍ച്ചയായി ലാഭത്തിലായിട്ടും വില്ക്കാനെടുത്ത തീരുമാനം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. മദ്യ നിര്‍മാണത്തിലും വില്പനയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് നിക്ഷേപങ്ങള്‍ പടിപടിയായി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
വരും വര്‍ഷങ്ങളില്‍ മദ്യവുമായി ബന്ധപ്പെട്ടതൊഴികെയുള്ള ആസ്തികളെല്ലാം വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015ലാണ് ആര്‍സിബി ഡിയാഗോയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇടംപിടിക്കുന്നത്. വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഉടമസ്ഥതയിലായിരുന്നു മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ്. ടീം വില്പന സംബന്ധിച്ച് ക്ലബ് മാനേജ്‌മെന്റ് ബി.സി.സി.ഐയെയും ഐപിഎല്‍ ഗവേണിംഗ് ബോഡിയെയും അറിയിച്ചിട്ടുണ്ട്.
2 ബില്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 17,600 കോടി രൂപ) ആണ് കമ്പനി, ആര്‍സിബിക്കു വിലയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ടീമിന്റെ നടത്തിപ്പിനായി വന്‍ തുക മുടക്കേണ്ടി വരുന്നതായാണ് ഇവരുടെ പരാതി. ഡിയാജിയോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ഈ വര്‍ഷം മാര്‍ച്ചില്‍ ചുമതലയേറ്റെടുത്ത പ്രവീണ്‍ സോമേശ്വറിന്റെ നിലപാടും വില്പനയ്ക്ക് ഇടയാക്കി.
സ്‌പോര്‍ട്‌സ് ലീഗുകളില്‍ പണം മുടക്കുന്നത് വലിയ തോതില്‍ നിക്ഷേപം ആവശ്യമായ ഒന്നാണെന്നും കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍ക്ക് ഇതു ഗുണം ചെയ്യില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
Read DhanamOnline in English
Subscribe to Dhanam Magazine