News & Views

റോയല്‍ ചലഞ്ചേഴ്‌സ് കിരീടം നേടിയതോടെ ശ്രദ്ധകേന്ദ്രമായി സ്‌പോണ്‍സര്‍മാര്‍; കെ.ഇ.ഐ വയേഴ്‌സ് ആന്‍ഡ് കേബിള്‍സ് ഓഹരിവിലയും ഉണര്‍വില്‍

രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് കെ.ഇ.ഐ വയേഴ്‌സ് ആന്‍ഡ് കേബിള്‍സ്. 1968ല്‍ സ്ഥാപിതമായ കമ്പനിയുടെ ഹെഡ് ഓഫീസ് ഡല്‍ഹിയിലാണ്

Dhanam News Desk

18 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ ആഘോഷത്തിലാണ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ കിരീടനേട്ടത്തിനിടയില്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രമായി മാറുന്നത് അവരുടെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സര്‍മാരിലൊന്നായ കെ.ഇ.ഐ വയേഴ്‌സ് ആന്‍ഡ് കേബിള്‍സിന്റെ ഓഹരികളാണ്.

രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് കെ.ഇ.ഐ വയേഴ്‌സ് ആന്‍ഡ് കേബിള്‍സ്. 1968ല്‍ സ്ഥാപിതമായ കമ്പനിയുടെ ഹെഡ് ഓഫീസ് ഡല്‍ഹിയിലാണ്. കൃഷ്ണ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നാണ് മുഴുവന്‍ പേര്. ബ്രാന്‍ഡിംഗില്‍ ഉപയോഗിക്കുന്നത് കെ.എ.ഇ എന്ന പേരിലാണ്.

വൈദ്യുത കേബിളുകള്‍, വയറുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വയറുകള്‍, എഞ്ചിനീയറിംഗ്, പ്രോക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ പദ്ധതികള്‍ എന്നിവയിലും കമ്പനി സജീവമാണ്. വൈദ്യുത കേബിളുകളാണ് കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.

ഇന്ത്യയാണ് പ്രധാന വിപണിയെങ്കിലും ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും കയറ്റുമതിയുണ്ട്. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി, ടാറ്റ പവര്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കെല്ലാം ഉത്പന്നങ്ങള്‍ നല്കുന്നത് കെ.ഇ.ഐ ആണ്.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 2,915 കോടി രൂപയായിരുന്നു വിറ്റുവരവ്. 227 കോടി രൂപയാണ് ഈ പാദത്തിലെ ലാഭം. മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ വിറ്റുവരവും ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.

ഓഹരിവിലയും ഉണര്‍വില്‍

ഇന്ന് 2 ശതമാനത്തിലധികം ഉയര്‍ന്നാണ് കെ.ഇ.ഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരികള്‍ മുന്നേറുന്നത്. 2024 ജൂണില്‍ 5,040 രൂപ വരെയെത്തിയ ഓഹരികള്‍ നിലവില്‍ 3,600 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം 34,343 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT